ബാഹുബലിയും ശിവഗാമിയുമെല്ലാം ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമാകുമ്പോൾ നടി ശ്രീദേവിയ്ക്ക് ബാഹുബലി വേദനയുടെ ഓർമകളായിരിക്കും സമ്മാനിക്കുക. രമ്യയുടെ നേട്ടം അക്ഷരാർഥത്തിൽ ശ്രീദേവിയുടെ നഷ്ടമാണ്. കാരണം സിനിമയുടെ അണിയറക്കാർ രമ്യാകൃഷ്ണനെ സമീപിക്കും മുൻപ് ശിവഗാമിയാകാൻ ക്ഷണിച്ചത് ശ്രീദേവിയെ ആണ്. അതേസമയം തന്നെ ശ്രീദേവിക്ക് വിജയ് നായകനായ ‘പുലി’യിൽ നിന്നും ക്ഷണം ലഭിച്ചു. രണ്ടിലും കരുത്തുറ്റ കഥാപാത്രങ്ങളായിരുന്നതിനാൽ ശ്രീദേവി കനത്ത തുക പ്രതിഫലമായി ചോദിച്ചു.
ശിവഗാമിയെ ഗംഭീരമാക്കിയ രമ്യ കൃഷ്ണന് രണ്ടര കോടിയാണ് ബാഹുബലിയിൽ പ്രതിഫലമായി നല്‍കിയത്. ഈ തുകയുടെ ഇരട്ടിയാണ് ശ്രീേദവി പ്രതിഫലമായി ചോദിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശ്രീദേവിയുടെ കടുംപിടുത്തം ബാഹുബലിയുടെ സംവിധായകൻ രാജമൗലിക്ക് പിടിച്ചില്ല. അവർ രമ്യാകൃഷ്ണനെ സമീപിച്ചു. കഥ കേട്ട് ഇഷ്ടമായ രമ്യ മറ്റൊന്നും ചിന്തിക്കാതെ സമ്മതം മൂളി.
ശിവഗാമിയായ രമ്യയ്ക്ക് പടയപ്പയിലെ നീലാംബരിക്കു ശേഷം കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രത്തെ ലഭിക്കുകയും ചെയ്തു. മഹിഷ്മതിയെ ഉള്ളം കയ്യിൽ കാത്തുസൂക്ഷിക്കുന്ന രാജമാതാവിന്റെ മുഖത്തെ ഗാംഭീര്യവും തീക്ഷ്ണതയുമെല്ലാം രമ്യ അതേപടി പകർത്തിയപ്പോൾ കഥാപാത്രം നായകനായ പ്രഭാസിനൊപ്പം നിൽക്കുന്നതായി.
ബാഹുബലി വേണ്ടെന്നു വച്ച് ശ്രീദേവി വിജയ് നായകനായ ‘പുലി’യിലെ കഥാപാത്രത്തെ സ്വീകരിച്ചു. മൂന്നുകോടി രൂപയാണ് പുലി സിനിമയ്ക്കായി ശ്രീദേവി മേടിച്ചത്. മാത്രമല്ല ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി വീണ്ടും പതിനഞ്ച് ലക്ഷം ഇവർ മേടിച്ചു. കൂടാതെ ഹിന്ദി പതിപ്പിലെ വിതരണക്കാരിൽ നിന്നും 55 ലക്ഷവും കരാർ പ്രകാരം മേടിച്ചിരുന്നു.
ഹിന്ദി പതിപ്പിന് ലഭിക്കുന്ന സാറ്റലൈറ്റ് തുകയുടെ 20 ശതമാനം തരാമെന്നായിരുന്നു കരാർ. ഇതനുസരിച്ച് ഹിന്ദിക്ക് 55 ലക്ഷവും, തെലുങ്ക് പതിപ്പിന് 15 ലക്ഷവും ശ്രീദേവിക്ക് പ്രതിഫലമായി നല്‍കി. പുലി സിനിമയ്ക്കായി ശ്രീദേവി ആകെ മേടിച്ചത് 4 കോടിയാണ്.