Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവഗാമിയുടെ വേഷം ശ്രീദേവിക്ക് നഷ്ടപ്പെടാൻ കാരണം ബോണി കപൂർ?

boney-sreedevi

ബാഹുബലിയും ശിവഗാമിയുമെല്ലാം ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമാകുമ്പോൾ നടി ശ്രീദേവിയ്ക്ക് ബാഹുബലി വേദനയുടെ ഓർമകളായിരിക്കും സമ്മാനിക്കുക. കാരണം സിനിമയുടെ അണിയറക്കാർ രമ്യാകൃഷ്ണനെ സമീപിക്കും മുൻപ് ശിവഗാമിയാകാൻ ക്ഷണിച്ചത് ശ്രീദേവിയെ ആണ്. ഈ വേഷം നിരസിച്ചതിൽ ശ്രീദേവിയെ കുറ്റപ്പെടുത്തി നിരവധിപേർ രംഗത്തെത്തിയിരുന്നു. രാം ഗോപാൽ വർമയും ഇതിൽ ഉൾപ്പെടും.

എന്നാൽ ചിത്രം നിരസിക്കാൻ കാരണം ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ആണെന്നാണ് ബോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ട്. ബാഹുബലിയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ശ്രീദേവി തന്നെയായിരുന്നു ശിവഗാമിയാകാൻ ആദ്യം മനസ്സിൽ കണ്ടിരുന്നത്. ഈ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും മുമ്പാണ് സിനിമയ്ക്കായി അവരെ സമീപിക്കുന്നത്. ഞങ്ങൾ ശ്രീദേവിയെ സമീപിച്ചപ്പോൾ അവരുടെ ഭർത്താവ് ബോണി കപൂർ വലിയൊരു തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. പ്രതിഫലം കൂടാതെ ബാഹുബലിയുടെ ലാഭത്തിന്റെ ഒരു ഷെയറും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ അപ്പോൾ തന്നെ ഈ ആഗ്രഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാൽ അപ്പോഴും ഞങ്ങളുടെ ഉള്ളിൽ ശ്രീദേവി തന്നെ  ഈ വേഷം ചെയ്യണമെന്നായിരുന്നു.

പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് ‘പുലി’ എന്നൊരു തമിഴ് ചിത്രം അവര്‍ കരാർ ഒപ്പിട്ട കാര്യം. മാത്രമല്ല ബോണി കപൂർ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പ്രതിഫലും അംഗീകരിച്ചാണ് പുലി ടീം ശ്രീദേവിയെ തീരുമാനിക്കുന്നത്. എന്നിരുന്നാലും ശ്രീദേവിയ്ക്ക് ശേഷം ആ വേഷം രമ്യ കൃഷ്ണനിലെത്തുകയും അവർ ആ വേഷം അതിഗംഭീരമാക്കുകയും ചെയ്തു. ഇനി ആ വേഷത്തിൽ മറ്റൊരു നടിയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല’– ബാഹുബലിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ശിവഗാമിയെ ഗംഭീരമാക്കിയ രമ്യ കൃഷ്ണന് രണ്ടര കോടിയാണ് ബാഹുബലിയിൽ പ്രതിഫലമായി നല്‍കിയത്. ഈ തുകയുടെ ഇരട്ടിയാണ് ബോണി കപൂർ ചോദിച്ചത്. പ്രതിഫലം കൂടാതെ ബാഹുബലിയുടെ ഹിന്ദി വിതരണവും തന്റെ കമ്പനിക്ക് നൽകണമെന്ന് ബോണി കപൂർ വാശിപിടിച്ചിരുന്നു. ഇതോടെ ബാഹുബലി ടീം പൂർണമായും ശ്രീദേവിയിൽ നിന്ന് പിന്മാറി.

ശിവഗാമിയായ രമ്യയ്ക്ക് പടയപ്പയിലെ നീലാംബരിക്കു ശേഷം കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രത്തെ ലഭിക്കുകയും ചെയ്തു. മഹിഷ്മതിയെ ഉള്ളം കയ്യിൽ കാത്തുസൂക്ഷിക്കുന്ന രാജമാതാവിന്റെ മുഖത്തെ ഗാംഭീര്യവും തീക്ഷ്ണതയുമെല്ലാം രമ്യ അതേപടി പകർത്തിയപ്പോൾ കഥാപാത്രം നായകനായ പ്രഭാസിനൊപ്പം നിൽക്കുന്നതായി.

ബാഹുബലി വേണ്ടെന്നു വച്ച് ശ്രീദേവി വിജയ് നായകനായ ‘പുലി’യിലെ കഥാപാത്രത്തെ സ്വീകരിച്ചു. മൂന്നുകോടി രൂപയാണ് പുലി സിനിമയ്ക്കായി ശ്രീദേവി മേടിച്ചത്. മാത്രമല്ല ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി വീണ്ടും പതിനഞ്ച് ലക്ഷം ഇവർ മേടിച്ചു. കൂടാതെ ഹിന്ദി പതിപ്പിലെ വിതരണക്കാരിൽ നിന്നും 55 ലക്ഷവും കരാർ പ്രകാരം മേടിച്ചിരുന്നു. 

ഹിന്ദി പതിപ്പിന് ലഭിക്കുന്ന സാറ്റലൈറ്റ് തുകയുടെ 20 ശതമാനം തരാമെന്നായിരുന്നു കരാർ. ഇതനുസരിച്ച് ഹിന്ദിക്ക് 55 ലക്ഷവും, തെലുങ്ക് പതിപ്പിന് 15 ലക്ഷവും ശ്രീദേവിക്ക് പ്രതിഫലമായി നല്‍കി. പുലി സിനിമയ്ക്കായി ശ്രീദേവി ആകെ മേടിച്ചത് 4 കോടിയാണ്.