Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് മിനിറ്റിൽ പിറന്ന മുക്കത്തെ പെണ്ണ്!

ഇരവഴിഞ്ഞി പുഴയുടെ കരയിൽ പെയ്തൊഴിഞ്ഞ ഒരു ചലച്ചിത്ര കാവ്യത്തിന്റെ അഭ്രപാളിയിൽ നിന്ന് നമ്മളിപ്പോഴും ഇറങ്ങിപ്പോന്നിട്ടില്ല. മുക്കത്തെ പെണ്ണും അവളുടെ കാമുകനും കണ്ണിനു മുന്നിൽ നിന്ന് മാഞ്ഞുപോകാത്തത് ... കണ്ണീര്‍തുള്ളി വീണ ആ പ്രണയത്തിന്റെ വേദനയിൽ നമ്മളുമിങ്ങനെ മിണ്ടാതെ നോക്കിനിൽക്കുന്നത് ... അതിനെക്കുറിച്ചിങ്ങനെ എഴുതിക്കൊണ്ടേയിരിക്കുന്നത് ... അത്രയേറെ തീവ്രമാണ് അത് എന്നുള്ളതുകൊണ്ടു തന്നെയാണ്. ആ പ്രണയത്തിന്റെ തീവ്രതയെ പ്രേക്ഷകന്റെ മുന്നിലേക്ക് നല്ല ഒഴുക്കോടെ വായിച്ചു തീർക്കാൻ പാകത്തിലുള്ള ഒരു പുസ്തകം പോലെ നിവർത്തി വച്ചതിൽ അതിന്റെ തിരക്കഥയ്ക്കെന്നപോലെ തന്നെ പാട്ടുകൾക്കും വലിയ പങ്കുണ്ട്. അതുകൊണ്ടാണ് കിത്താബിലെ പെണ്ണാണ് കാഞ്ചനയെന്നും തന്റെ എല്ലിനാൽ തീർത്തതാണ് അവളെന്നും പറഞ്ഞ ആ വരികൾ നമ്മൾ മന:പാഠമാക്കിയതും ആ ശബ്ദം ആരുടേതെന്നറിയാൻ നമ്മളത്രയേറെ കൗതുകം കാട്ടിയതും. മുക്കത്തെ പെണ്ണേ... എന്ന പാട്ട് പാടിയതും ഗോപീ സുന്ദറിനൊപ്പം എഴുതിയതും പാടിയതും മുഹമ്മദ് മഖ്ബൂൽ മൻസൂറാണ്. അധികം പരിചയമില്ലാത്ത ശബ്ദവും ഇടവപ്പാതിയിൽ പെയ്യുന്ന മഴ പോലെയുള്ള അതിന്റെ വരികളും മൻസൂറിന്റേതാണ്...ഇരവഴിഞ്ഞിപ്പുഴയുടെ ഓരത്തേക്ക് പ്രണയം പെയ്ത മുക്കത്തെ മണ്ണിലേക്ക് കാഞ്ചനമാലയുടെ വേദനയിലേക്ക് മൊയ്തീന്‌റെ പ്രണയത്തിലേക്ക് മലയാളിയെ വശീകരിച്ച ആ വരികൾ പിറന്നതിനെ കുറിച്ച് പാട്ടിനെ കുറിച്ച് മഖ്ബൂൽ മൻസൂർ സംസാരിക്കുന്നു.

ഇന്നും ആ മരവിപ്പ് മാറിയിട്ടില്ല

എന്നു നിന്റെ മൊയ്തീന് ബാക്കിങ് വോക്കൽ പാടാനാണ് എന്നെ വിളിച്ചത്. പോയതും അത് മനസിൽ കണ്ടാണ്. സിനിമയിൽ പെയ്യുന്ന മഴ പോലെ ബാക്കിയെല്ലാം പൊടുന്നനേ സംഭവിച്ചതാണ്. പാട്ടുപാടാനായി തയ്യാറെടുത്ത് ഞാനിരുന്നപ്പോഴാണ് വീണ്ടുമൊരു പാട്ടു കൂടി വേണമെന്ന് തീരുമാനിച്ചത്. ഗോപീ സുന്ദർ ഈണം എനിക്കു മൂളിത്തന്നു. പേനയും പേപ്പറുമെടുത്ത് ഗോപീ സുന്ദറിനൊപ്പം ഞാനാ വരികൾ എഴുതി . പിന്നെ പാടാൻ പറഞ്ഞപ്പോൾ അതും ചെയ്തു. പിന്നീട് സംഭവിച്ചതോർക്കുമ്പോൾ ശരിക്കും ഒരു മരവിപ്പാണ്. മുക്കത്തെ പെണ്ണ് കേരളമേറ്റുപാടിയപ്പോഴും എനിക്കതേ മരവിപ്പാണ്. ഹിറ്റാകും എന്നുറപ്പുണ്ടായിരുന്നു. പക്ഷേ അതിത്രത്തോളം വലുതായിരിക്കുമെന്ന് കരുതിയേ ഇല്ല. എല്ലാം ഒരു നിമിഷത്തിൽ സംഭവിച്ചു പോയതാണ്. സിനിമയോടുള്ള പ്രേമം എഴുത്തിനോടുള്ള കൂട്ടുകെട്ട് യാത്രകളിലെ കാഴ്ചകൾ മനസിനുള്ള പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങൾ എല്ലാം ആ പാട്ടിനെ സ്വാധീനിച്ചു. എല്ലാ ഘടകങ്ങളും ചേർന്നപ്പോൾ ആ പാട്ട് ജനിച്ചു.

മുക്കത്തെ പെണ്ണ് , ആദ്യം കുറിച്ചത്

gopi-maqbool

ഞാൻ ആദ്യമായി വരികൾ കുറിച്ച് പാടിയ ഗാനമാണ് മുക്കത്തെ പെണ്ണ്. അത് എല്ലാവർക്കും പ്രിയപ്പെട്ടതാണെന്ന് പറയുമ്പോഴുള്ള സന്തോഷം ശരിക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയിലും എട്ട് വരികൾ എഴുതി പാടാൻ കഴിഞ്ഞു. പക്ഷേ, എന്നു നിന്റെ മൊയ്തീൻ എന്റെ കന്നി ചിത്രമെന്ന് തീർത്തും പറയാൻ കഴിയില്ല. ഈ അടുത്ത കാലത്ത്, സലാല മൊബൈൽസ്, മംഗ്ളീഷ്, ബാംഗ്ലൂർ ഡേയ്സ്, ജമ്ന പ്യാരി എന്നീ ചിത്രങ്ങളിൽ അത്യാവശ്യം ഇത്തിരി പാടിയിട്ടൊക്കെയുണ്ട്.

അയ്യോ, വിമർശിക്കാനൊന്നും എനിക്കറിയില്ല!

എന്റെ ഇഷ്ടങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ആ ഇഷ്ടങ്ങളിലൊന്നാണ് ഈ പാട്ടെഴുത്തും. ഒന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്ന് മാത്രം. ഞാൻ മുൻപ് പറഞ്ഞപോലെ എല്ലാം സംഭവിച്ചുപോയതാണ്. അതുകൊണ്ടു തന്നെ അതിലെന്തെങ്കിലും സ്വാതന്ത്ര്യക്കേടോ പിരിമുറുക്കങ്ങളോ അസ്വസ്ഥതകളോ ഒന്നുംതന്നെ അനുഭവപ്പെട്ടില്ല. ഇഷ്ടത്തോടു കൂടി ചെയ്താൽ എല്ലാം നമുക്ക് വഴങ്ങും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പടത്തിനെന്താണോ ആവശ്യം അതു മാത്രമാണ് ചെയ്തത്. അതുകൊണ്ട് ഈണമിട്ട് പാട്ടെഴുതുന്നതിലെ വിമർശനങ്ങളോട് പ്രതികരിക്കാന്‍ എനിക്കറിയില്ല. അതിനുള്ള അറിവില്ല. ഇതൊരു പ്രൊഫഷനാക്കിയ ആളല്ല ഞാൻ. എനിക്കതിലത്ര വിവരവുമില്ല.

അറിവില്ലായ്മയിൽ നിന്നു വന്ന പാട്ട്

മലയാളവും അറബിക്കും ഹിന്ദിയും ഇടകലർന്ന പാട്ടാണ് മുക്കത്തെ പെണ്ണേ. പക്ഷേ മലയാളം പോലും ശരിക്കറിയില്ല. അറിവില്ലായ്മയിൽ നിന്നാണ് ഇതുണ്ടായത്. ഹിന്ദിയും അറബിയും കുറച്ച് പഠിച്ചിട്ടുണ്ട്. അതുവച്ചാണ് എഴുതിയത്. അക്കാദമിക് മേഖലയിൽ വളരെ പുറകിലാണ് ഞാൻ. പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നതിനിടയിൽ ഒമ്പത് സ്കൂളാണ് മാറിയത്. നമ്മളെയാരും ഫോഴ്സ് ചെയ്തിട്ടല്ലല്ലോ ഇതിലേക്ക് വന്നത്. നമ്മൾ സ്വയമിറങ്ങി വന്നതല്ലേ. അതുകൊണ്ട് സ്വാഭാവികമായി എല്ലാമിങ്ങനെ പോന്നോളും. മുക്കത്തെ പെണ്ണും അങ്ങനെയുണ്ടായതാണ്. പാട്ടു പഠിച്ചിട്ടില്ല ഇതുവരെ. എന്നിട്ടും പാടാനായത് പാടാനുള്ള കഴിവ് ഉള്ളിലുള്ളതുകൊണ്ടും അതിനോട് ഇഷ്ടമുള്ളതുകൊണ്ടും കൂടിയാണ്.

ഇഷ്ടമുള്ളത് ചെയ്യാനല്ലേ ജീവിതം

ജീവിതത്തോടുള്ള എന്റെ സമീപനമാണ് എന്റെ സൃഷ്ടികൾക്കു പിന്നിലുള്ളത്. മുക്കത്തെ പെണ്ണെന്ന പാട്ടുണ്ടായതും ആ സമീപനത്തിന്റെ പ്രതിഫലനമാണ്. ജീവിതത്തിൽ ചെയ്യുന്നതെല്ലാം എനിക്കിഷ്ടമുള്ള കാര്യങ്ങൾ തന്നെ. വായനയും യാത്രകളുമാണ് ഇഷ്ട വിനോദം. ലോക്കൽ കംപാർട്മെന്റിൽ ഡൽഹി വരെയാത്ര ചെയ്തതും വായിക്കുന്നതും കുത്തിക്കുറിക്കുന്നതുമെല്ലാം.

എനിക്കെല്ലാത്തിനോടും പ്രണയം

maqbul-mansoor-singing

എല്ലാവർക്കുമുണ്ടായിട്ടുള്ള പോലെ പ്രണയവും വിരഹവും അതിന്റെ വേദനയും സുഖവുമെല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്കെല്ലാത്തിനോടും പ്രണയമാണ്, ആണിനോടും പെണ്ണിനോടും പൂക്കളോടും മരങ്ങളോടും പക്ഷികളോടും മഞ്ഞിനോടും മഴയോടും എല്ലാം...

ഒരു സിനിമയുമായി വരാം... കാത്തിരിക്കൂ

ആറാം ക്ലാസിൽ ഡയറിയെഴുതിത്തുടങ്ങി. കുറച്ചു വർഷം തുടർന്നു. ഇടയ്ക്കെന്തെങ്കിലും കുത്തിക്കുറിക്കും. അതുമാത്രമാണ് എഴുത്തിൽ മുൻപരിചയം എന്നുള്ളത്. സിനിമയിലെ എല്ലാ ഘടകങ്ങളോടും അടങ്ങാത്ത ആവേശമുണ്ട്. പാട്ടെഴുത്തല്ല സിനിമയെന്ന മാധ്യമത്തോടാണ് എനിക്കു പ്രിയം. പഠിച്ചത് സിനിമയാണ്, പൂർത്തിയാക്കിയില്ലെങ്കിൽ പോലും. പഠിച്ച് സിനിമ ചെയ്യുന്നതല്ല അനുഭവങ്ങളിലൂടെ അറിഞ്ഞ് പഠിക്കാനുള്ളതാണ് സിനിമയെന്ന് പഠിപ്പിച്ചത് ആ പഠനമാണ്. ആത്മാവുകൊണ്ട് ഞാൻ സിനിമ പഠിക്കുകയാണ്,

ഒരു ചിത്രമൊരുക്കണം അതെത്ര കാലമെടുക്കും എന്നൊന്നുമറിയില്ല. എന്റെ സിനിമ വരും. സിനിമയുടെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്ന സംവിധായകനാണമെന്നാണ് ആഗ്രഹം. ഭരതനേയും വിശാൽ ഭരദ്വാജിനേയും ബാലചന്ദ്ര മേനോനേയുമൊക്കെ പോലെ എല്ലാത്തിലും തന്റേതായ ഒരിടമുണ്ടാക്കണമെന്നാണ് ആഗ്രഹം.