മലയാളത്തിന് കുറേ ക്ലാസിക് ഗാനങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഓമനത്തിങ്കൾകിടാവോ എന്ന പാട്ട്. ഇരയിമ്മൻതമ്പി രചിച്ച താരാട്ടു പാട്ട് മലയാളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രൗഢമായൊരു ഈണമാണ്. ഈ പാട്ട് അത്രമേല്‍ മനോഹരമാണ്. ഒരുപാടു ഗായകര്‍ ഈ പാട്ട് പാടിയിട്ടുണ്ട്. ശ്വേത മോഹൻ പാടിയ ഓമനത്തിങ്കൾ കിടാവോ കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്സ്ബുക്കിൽ ട്രെന്‍ഡിങ് ആണ്.
ഗണേഷ് ഭരദ്വാജും ശ്വേത മോഹനും ചേർന്നു തയ്യാറാക്കിയ താരാട്ടു പാട്ടുകളുടെ മാഷ് അപ് വിഡിയോ എത്ര കേട്ടാലും മതിവരില്ല. പ്രത്യേകിച്ച് ശ്വേത ഓമനത്തിങ്കൾ കിടാവോ പാടുമ്പോൾ. നാരായണന തീർഥർ രചിച്ച മറ്റൊരു കീർത്തനവും കൂടി ചേർത്താണ് ഇവർ പാടിയത്. ഫെയ്സ്ബുക്കിലൂടെ പ്രചരിച്ച ഗാനത്തിന് ലക്ഷക്കണക്കിനു പ്രേക്ഷകരെയാണു നേടാനായത്.
രേവതിയാണ് പാട്ടിന്റെ പ്രോഗ്രാമറും അറേഞ്ചറും. മോഹൻ റാവു വിദ്യാഭാസ്കർ എന്നിവർ ചേർന്നാണു വയലിൻ വായിച്ചത്. ഈ സ്വരമാണു പാട്ടിനെ കൂടുതൽ മനോഹരമാക്കിയത്. ദീപങ്ങളുടെ പശ്ചാത്തലത്തിലുള്ള ഛായാഗ്രഹണം ശിവ കുമാറിന്റേതാണ്.