ജസ്റ്റിൻ ബീബറുടെ മുൻ ഷോകൾ കണ്ടവരാണ് ഇന്നലെ മുംബൈയിൽ എത്തിയതെങ്കിൽ പറയുമായിരിക്കും, ബീബർ കുരുത്തക്കേടുകൾ ഒന്നും കാണിക്കാതെ പാടി മടങ്ങിയെന്ന്. കാരണം വേദിയിലും പിന്നണിയിലും ഷോ മുടങ്ങുന്ന വിധത്തിൽ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് . 2013 ൽ ദുബൈയിൽ നടന്ന സംഗീത പരിപാടിയിൽ രണ്ടു മണിക്കൂർ വൈകിയാണ് താരം എത്തിയത്. കാരണം ഒരു വിഡിയോ ഗെയിമിൽ മുഴുകിയിരിക്കുകയായിരുന്നു താരം. എത്ര നിർബന്ധിച്ചിട്ടും വേദിയിലേക്കെത്താൻ ബീബർ കൂട്ടാക്കിയില്ല.
2012 ൽ അരിസോണയിലെ ഗ്ലെൻ ഡേലിൽ നടന്ന പരിപാടിയിൽ ബീബർ വേദിയിൽ ഛർദ്ധിച്ചു. അത്ര സുഖകരമായല്ല പരിപാടി പിന്നീടു പുരോഗമിച്ചത്. പരിപാടി തുടങ്ങുന്നതിനു തൊട്ടു മുൻപ് പാൽ കുടിച്ചതു കൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു ബീബർ പിന്നീടു പറഞ്ഞത്.
2015ൽ ഓസ്ലോയിൽ നടന്ന ഷോയിൽ കാണികളെ കടുത്ത നിരാശയിലാഴ്ത്തിയാണു താരം വേദി വിട്ടത്. ഒരൊറ്റ ഗാനം പാടി ക്കഴിഞ്ഞതിന് പിന്നാലെ ബീബർ വേദി വിട്ടു. എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്തു. ഇനി പാടാൻ പോകുന്നില്ല . ഈ പാട്ടു തന്നെ പിന്നെയും പിന്നെയും ടെലികാസ്റ്റ് ചെയ്ത് ആരും ടി വിയിലോ മറ്റോ കാണിക്കുകയും വേണ്ട. എന്നും പറഞ്ഞായിരുന്നു വേദി വിട്ടത്.
ആരാധകരോടും അത്ര രസത്തിലായിരുന്നില്ല പലയിടത്തും .
സ്റ്റഫോസ്ഷയറിൽ 2016ലെ വി ഫെസ്റ്റിവലിൽ ബീബർ ചുണ്ടനക്കുക മാത്രമായായിരുന്നുവെന്നും എല്ലാം റെക്കോഡിങ് ആയിരുന്നുവെന്നും ആരോപണമുയർന്നു.
2016 ഒക്ടോബറിൽ ലണ്ടനിൽ നടന്ന ഷോയിൽ കേൾവിക്കാരോടുള്ള മോശം സമീപനത്തിലും ബീബർ പഴി കേട്ടു . മാഞ്ചസ്റ്ററിൽ നടന്ന ഷോയ്ക്കിടയിലുണ്ടായ സംഭവം വലിയ വാർത്ത പ്രധാന്യം നേടി. പാട്ടിനിടയിൽ ഒരു കൂട്ടം ആരാധകരോടു സംസാരിയ്ക്കാൻ പോയ ബീബറിനെ മറ്റൊരു കൂട്ടം കൂകിവിളിച്ച് ശല്യപ്പെടുത്തി. ഇത് നിർത്താതെ വന്നപ്പോൾ മൈക്ക് ഉപേക്ഷിച്ച് താരം വേദിയിലേക്കു പോയി. പിന്നീടു പാടിയെങ്കിലും പാട്ടിനിടയിലെ സംസാരം ബീബർ ഒഴിവാക്കി.
ലണ്ടനിൽ തന്നെ ഒരു ഷോ ചെയ്യാന്‍ എത്തിയ ബീബറിനെ യാത്രയ്ക്കിടയിൽ ശല്യം ചെയ്ത ആരാധകനെ വണ്ടിയ്ക്കു വെളിയിലിറങ്ങി വന്ന് ബീബർ തല്ലി. ചുണ്ടിൽ നിന്നു ചോരയൊലിപ്പിച്ചാണ് അയാൾ പോയത്. കാറിന്റെ ഗ്ലാസ് വഴി ബീബർ എന്ന് അലറി വിളിച്ചും ഫോട്ടോയെടുക്കാൻ ശ്രമിച്ചുമാണ് ഇദ്ദേഹം ശല്യപ്പെടുത്തിയത്. ബീബറിന്റെ സുരക്ഷാ സംഘമാണ് താരത്തെ പിടിച്ചു മാറ്റിയത്.
ബീബർ ഷോകൾ ആസ്വദിച്ച് വാര്‍ത്തയെഴുതുന്നതിനോടൊപ്പം വിവാദങ്ങളും പ്രതീക്ഷിച്ചാണ് മാധ്യമപ്പട എത്താറ്. ഇന്നലേയും അങ്ങനെ തന്നെ. പക്ഷേ ഇന്നലെ മുംബൈ കണ്ടത് പ്രശ്നക്കാരനല്ലാത്ത ബീബറിനെയാണ്.