തമിഴ് ചലച്ചിത്ര ലോകത്തെ താരങ്ങളെ വിറപ്പിച്ച ട്വീറ്റുകൾക്കും വിവാദങ്ങൾക്കും ശേഷം ഗായിക സുചിത്ര കാർത്തിക് വീണ്ടും സംഗീത രംഗത്തേയ്ക്ക്. ഒരു സംഗീത വിഡിയോ സുചിത്ര പുറത്തിറക്കി. ഗിത്താറിസ്റ്റ് നവീൻ സാംസണോടൊപ്പമാണ് വിഡിയോ പുറത്തിറക്കിയത്. ഒരു എം.എസ്. വിശ്വനാഥൻ ഗാനത്തിന്റെ കവർ വേർഷൻ ആണിത്. അൻപുള്ള മാൻ വിഴിയേ എന്ന പാട്ടിൻറെ കവർ വേർഷൻ ആണിത്.
ക്ലാസിക് ഗാനത്തിനു കവർ വേർഷൻ തയ്യാറാക്കുമ്പോൾ അത് ഒരു വെല്ലുവിളിയാണ്. പാട്ടിനോടുള്ള കടുത്ത ആരാധന കൊണ്ടാണ് ഇത്തരത്തിലൊരു കവർ വേർഷൻ തയ്യാറാക്കിയതെന്നും സുചിത്ര പറഞ്ഞു. ബാസും ഗിത്താറും ചേർന്ന കവർ വേർഷന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
നടൻമാരായ ധനുഷ്, ചിമ്പു, നടിമാരായ ആൻഡ്രിയ ജെറമിയ, തൃഷ, സംഗീതജ്ഞരായ അനിരുദ്ധ് രവിചന്ദർ, ചിൻമയി ശ്രീപദ എന്നിവര്‍ക്കെതിരെയാണ് സുചിത്ര കാർത്തികിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ദൃശ്യങ്ങളും മറ്റും പ്രചരിച്ചത്. ഈ ചിത്രങ്ങളുടെ ആധികാരികതയും സുചിത്രയുടെ വ്യക്തി ജീവിതവും പല തലത്തിലും ചോദ്യം ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന നിലപാടില്‍ ഉറച്ചു നിന്ന സുചിത്ര കാർത്തിക് മാസങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷമാണ് സംഗീത രംഗത്തേയ്ക്കു തിരിച്ചെത്തിയത്.