എസ്.ജാനകിയെ കുറിച്ചു പുസ്തകമെഴുതിയ അഭിലാഷ് പുതുക്കാടിനു തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം. എസ്.ജാനകി-ആലാപനത്തിലെ തേനു വയമ്പും എന്ന പുസ്തകമാണു മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പത്താമത് തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്കാരത്തിന് അർഹമായത്. മുഖ്യമന്ത്രി പിണറായി വിജയനിൽ അഭിലാഷിന്റെ മാതാപിതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി.
എസ്.ജാനകിയുെട സംഗീത ജീവിതത്തിന്റെ സമ്പൂർണ വിവരങ്ങളടങ്ങിയ പുസ്തകം രണ്ടു വോളിയങ്ങളിലായാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലണ്ടനിലെ റെക്കോർഡ് ഹോൾഡേഴ്സ് റിപബ്ലികിസിന്റെ അംഗീകാരം നേടിയിരുന്നു പുസ്തകം. ഈ റെക്കോര്‍ഡ് ഉൾപ്പെടെ നാലു റെക്കോർഡുകൾ നേടിയതോടെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റി അഭിലാഷിനു ഓണററി ഡോക്ടറേറ്റ് നൽകയിരുന്നു.
ഇന്ത്യയിലെ ഒരു ഗായികയേയോ ഗായകനേയോ കുറിച്ച് ഇതുവരെ ആരും ഇത്തരമൊരു പുസ്തകം രചിച്ചിട്ടില്ലെന്നാണ് റെക്കോർഡ് ഹോൾഡേഴ്സ് റിപബ്ലികിസ് വിലയിരുത്തിയത്. പുസ്തകത്തില്‍ 92 അധ്യായങ്ങളിലായാണ് എസ് ജാനകിയുടെ ജീവിതവും സംഗീത ജീവിതവും അഭിലാഷ് പ്രതിപാദിക്കുന്നത്. 900 ഓളം പേജുകളുള്ള പുസ്തകത്തില്‍ 18 ഭാഷകളിലായി ജാനകിയമ്മ പാടിയ നാല്പതിനായിരത്തോളം ഗാനങ്ങളെ കുറിച്ചാണു പറയുന്നത്. ഇതിൽ ഇന്നേവരെ പുറത്തിറങ്ങാത്ത ഗാനങ്ങളെ കുറിച്ചും പരാമർശമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും പാടിയിട്ടുള്ള ജാനകിയമ്മയുടെ അപൂർവ്വമായ പാട്ടനുഭവങ്ങളും വിവരിച്ചിട്ടുണ്ട്. എസ് ജാനകിയുടെ സംഗീത ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്ന എല്ലാവരുമായും അഭിലാഷ് ഇതിനു വേണ്ടി സംവദിച്ചു. ജാനകിയമ്മയുടെ ഏറ്റവും മികച്ച അഭിമുഖങ്ങളെ കുറിച്ചും അവർക്കു കിട്ടിയ ആയിരക്കണക്കിനു പുരസ്കാരങ്ങളെ കുറിച്ചുമുള്ള വിശദമായ രേഖപ്പെടുത്തലുകളുമുണ്ട്. പത്തു വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണു പുസ്തക രചന പൂർത്തിയാക്കിയത്