എസ് ജാനകിയെന്ന സംഗീത വിസ്മയമാണു അഭിലാഷിന്റെ ജീവിതം എന്നു പറയാം. ജാനകിയമ്മയോടുള്ള ഈ സ്നേഹം അഭിലാഷ് പുതുക്കാടിന് വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റിന് അർഹനാക്കിയിരിക്കുകയാണ് . ജാനകിയമ്മയെ കുറിച്ചു രചിച്ച പുസ്തകത്തിനാണ് വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സർവ്വകലാശാല വൈസ് ചാൻസലർ തോമസ് റിച്ചാർഡ് വില്യംസ് ആണ് ഡോക്ടറേറ്റ് നൽകി ആദരിച്ചത്. നേരത്തെ ഈ പുസ്തകം ലോക റെക്കോർഡും നേടിയിരുന്നു.
'എസ്. ജാനകി ആലാപനത്തിന്റെ തേനും വയമ്പും’ എന്നു പേരിട്ട പുസ്തകം രചിച്ചതിനാണ് അഭിലാഷിനെ തേടി ഓണററി ഡോക്ടറേറ്റ് എത്തിയത്. നേരത്തെ ലണ്ടനിലെ റെക്കോർഡ് ഹോൾഡേഴ്സ് റിപബ്ലികിസിന്റെ അംഗീകാരം നേടി ലോക റെക്കോർഡ് നേടിയിരുന്നു. ഈ റെക്കോര്‍ഡ് ഉൾപ്പെടെ നാലു റെക്കോർഡുകൾ നേടിയതോടെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകുകയായിരുന്നു. ഇന്ത്യയിലെ ഒരു ഗായികയേയോ ഗായകനേയോ കുറിച്ച് ഇതുവരെ ആരും ഇത്തരമൊരു പുസ്തകം രചിച്ചിട്ടില്ലെന്നാണ് റെക്കോർഡ് ഹോൾഡേഴ്സ് റിപബ്ലികിസിന്റെ വിലയിരുത്തല്‍.
പുസ്തകത്തില്‍ 92 അധ്യായങ്ങളിലായാണ് എസ് ജാനകിയുടെ ജീവിതവും സംഗീത ജീവിതവും അഭിലാഷ് പ്രതിപാദിക്കുന്നത്. 900 ഓളം പേജുകളുള്ള പുസ്തകത്തില്‍ 18 ഭാഷകളിലായി ജാനകിയമ്മ പാടിയ നാല്പതിനായിരത്തോളം ഗാനങ്ങളെ കുറിച്ചാണു പറയുന്നത്. ഇതിൽ ഇന്നേവരെ പുറത്തിറങ്ങാത്ത ഗാനങ്ങളെ കുറിച്ചും പരാമർശമുണ്ട്. 1957ൽ 19-ാം വയസ്സിൽ ആദ്യമായി പിന്നണി ഗായികയായെത്തി തമിഴ്‌ഗാനം മുതൽ ഏറ്റവുമൊടുവിൽ ഈയിടെ പാടിയ പത്തുകല്പനകളിലെ ‘അമ്മപ്പൂവിന്’ എന്ന ഗാനം വരെയുള്ള ജാനകിയമ്മ പാട്ടുകളെ കുറിച്ചുള്ള സമ്പൂർണ വിവരം. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും പാടിയിട്ടുള്ള ജാനകിയമ്മയുടെ അപൂർവ്വമായ പാട്ടനുഭവങ്ങളും വിവരിച്ചിട്ടുണ്ട്. എസ് ജാനകിയുടെ സംഗീത ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളവരിൽ ജീവിച്ചിരിക്കുന്ന എല്ലാവരുമായും അഭിലാഷ് ഇതിനു വേണ്ടി സംവദിച്ചു. ജാനകിയമ്മയുടെ ഏറ്റവും മികച്ച അഭിമുഖങ്ങളെ കുറിച്ചും അവർക്കു കിട്ടിയ ആയിരക്കണക്കിനു പുരസ്കാരങ്ങളെ കുറിച്ചുമുള്ള വിശദമായ രേഖപ്പെടുത്തലുകളുമുണ്ട്. പത്തു വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണു പുസ്തക രചന പൂർത്തിയാക്കിയത്