എസ്.ജാനകി ആലാപനത്തിലെ തേനും വയമ്പും എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി ഒ.എൻ.വി കുറുപ്പ് സാറിനെ ഫോണിൽ ബന്ധപെടാറുണ്ട്. എസ്.ജാനകി പാടിയ 84 പാട്ടുകളൂടെ വിശദമായ വിവരങ്ങൾ എനിക്ക് പലപ്പോഴായി പറഞ്ഞ് തന്നിരുന്നു. ഒതുക്കവും പതിഞ്ഞതുമായ സംസാര ശൈലിയുള്ള അദ്ദേഹത്തെ വിളിക്കും മുൻപ് വലിയ കരുതലുകളെടുക്കും. കാരണം ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തത നിർബന്ധമാണ് ആദ്യം അറിയേണ്ട പാട്ടിനെ കുറിച്ച് പറയും അത് മാത്രമേ അന്ന് സംസാരിക്കാറുള്ളു. രണ്ടും മൂന്നും പാട്ടുകളെ കുറിച്ചാണെങ്കിൽ ആദ്യമേ പറയണം ഇതായിരുന്നു രീതി. രസകരങ്ങളായ റെക്കാർഡിങ്ങ് അനുഭവങ്ങൾ പകർന്നു തന്നു.
അദ്ദേഹത്തിന്റെ രചനയിലുള്ള എസ്.ജാനകി പാടിയ പാട്ടുകളെ കുറിച്ചുള്ള അദ്ധ്യായം പൂർത്തിയായതിനു ശേഷം പിന്നെ ആറേഴ് മാസം അദ്ദേഹത്തെ ഫോണിൽ വിളിച്ചിരുന്നില്ല. അവസാന മിനുക്കും അദ്ധ്യായങ്ങളുടെ ചന്തം കൂട്ടലുമൊക്കെയായി ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഫോൺ എടുത്തത്, അവരുമായി കുറച്ച് സംസാരിച്ചു എന്നിറ്റ് ഒ.എൻ.വി.കുറുപ്പ് സാറിനു ഫോൺ കൈമാറി. ആദ്യം പതിവിലും വിട്ട് വളരെ ദേഷ്യത്തോടെയായിരുന്നു പ്രതികരണം, കാരണം അദ്ദേഹം പുസ്തകത്തിലേയ്ക്ക് ഒരു കുറിപ്പ് എഴുതി വച്ചിട്ട് മാസങ്ങളായി, ഞാനാണെങ്കിലോ വിളിക്കുന്നുമില്ല. അദ്ദേഹത്തിന്റെ വാക്കുകൾ ‘താൻ എനിക്ക് തന്റെ ഫോൺ നമ്പർ തന്നിരുന്നോ.. പിന്നെ ഞാൻ ഈ കുറിപ്പ് ആർക്ക് കൊടുക്കണം, ഏത് പബ്ലിഷർക്ക് കൊടുക്കണം.. എനിക്കതൊന്നും അറിയില്ല..എന്തായാലും താൻ ഇപ്പൊൾ വിളിച്ചത് കാര്യമായി. പേനയും പേപ്പറും എടുക്കൂ.. ഞാൻ പറയുന്നത് എഴുതു. ഇത് തനിക്ക് തന്റെ പുസ്തകത്തിന്റെ പുറം ചട്ടയിലോ.. ഉൾഭാഗത്തൊ..എവിടെയെങ്കിലും ഉപയോഗിക്കാം.’
പിന്നീട് മാസത്തിലൊരു തവണയെന്നത് പോലെ വിളിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിൽ ഒന്നാം ഭാഗത്തിന്റെ പുസ്തകപ്രകാശനത്തിനു അദ്ദേഹത്തെ ക്ഷണിച്ചിരുന്നു, പക്ഷെ യാത്ര ഇപ്പോൾ ചെയ്യുന്നില്ലാതത് കൊണ്ട് വരാൻ കഴിയുന്നിലെയെന്ന് മുൻപേ പറഞ്ഞു. അതായിരുന്നു അദ്ദേഹവുമായി സംസരിച്ച അവസാന നിമിഷങ്ങൾ.
കവിശ്രേഷ്ഠനു പ്രണാമം.