എ.ആര്‍. റഹ്മാന്‍ ഈണമിട്ട കാട്രു വെളിയിടൈ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഈണത്തിനു നാലു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഒരു മലയാളം ഗാനത്തോടു സാമ്യമുണ്ടെന്ന് ആരോപണം. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ നായിക അദിതി റാവുവും നായകൻ കാര്‍ത്തിയും ആടിപ്പാടുന്ന സരട്ടു വണ്ടിയില എന്ന പാട്ടാണു വിവാദത്തിൽ. മോഹന്‍ സിത്താര ഈണമിട്ട ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന ചിത്രത്തിലെ തന്നക്കും താരോ എന്ന എന്ന പാട്ടിനോടാണ് എ.ആര്‍. റഹ്മാന്‍ ഗാനത്തിനു സാമ്യമുള്ളതെന്നാണു വാദം. ഓസ്‌കര്‍ പുരസ്‌കാരം വരെ കയ്യിലേന്തിയ പ്രതിഭയുടെ ഈണത്തിനെതിരെ ഉയര്‍ന്ന ആരോപണം ഓണ്‍ലൈനിലും പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ്.
റോജയ്ക്കു ശേഷം പുറത്തുവന്ന മണിരത്‌നം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കെല്ലാം ഈണമിട്ടത് എ.ആര്‍. റഹ്മാനാണ്. മാജിക് ഈണങ്ങളുടെ ചക്രവര്‍ത്തി എ.ആര്‍. റഹ്മാനും ഹൃദയം തൊടുന്ന പ്രമേയങ്ങളുമായി മണിരത്‌നവും ഒന്നുചേര്‍ന്നപ്പോള്‍ പിറന്ന ഗാനങ്ങളെല്ലാം ഹൃദയങ്ങളില്‍ ചേക്കേറി. ഇരുവരും ഒന്നിച്ച ഇരുപത്തിയഞ്ചാം ചിത്രം കാട്രുവെളിയിടൈയ്ക്കായി പ്രേക്ഷകര്‍ കാത്തിരുന്നതും അതുകൊണ്ടാണ്. സിനിമയിലെ ഓരോ പാട്ടുകളുമെത്തിയതും ആ പ്രതീക്ഷകളോട് നീതിപുലര്‍ത്തിക്കൊണ്ടുമായിരുന്നു.
മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തീര്‍ത്തതാണോ ഈ പാട്ട് എന്ന് റഹ്മാന്‍ തന്നെയാണു പറയേണ്ടത്്. പക്ഷേ ഇരുഗാനങ്ങളും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ മനസിലാക്കാം. സരട്ടു വണ്ടിയില എന്ന പാട്ട് വൈരമുത്തുവാണ് കുറിച്ചത്. റഹ്മാന്‌റെ സഹോദരിയായ എ.ആര്‍. റെയ്ഹാനയും ടിപ്പുവും നിഖിത ഗാന്ധിയും ചേര്‍്ന്നു പാടിയ കല്യാണപ്പാട്ടിന് വലിയ സ്വീകാര്യതയാണ് ഇന്ത്യയൊട്ടാകെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവ് റഹ്‌മാന്‍ ഗാനങ്ങളില്‍ കാണാറുള്ള അസാമാന്യതയൊന്നും പാട്ടിനുണ്ടായിരുന്നില്ല. തീര്‍ത്തും ലളിതമായിരുന്നു ഈണവും. പരിചിതവും.
തനിനാടന്‍ താളത്തിലുള്ളതാണ് ഇരു ഗാനങ്ങളും. തമിഴിന്‌റെയും മലയാളത്തിന്‌റെയും നാടന്‍ ശീലുകളിലുള്ള സാമ്യമാകാം ഇതിനു കാരണമായതെന്നാണു സംഗീത മേഖലയിൽ നിന്നൊരാൾ മനോരമ ഓൺലൈനോടു വ്യക്തമാക്കിയത്.