പ്രേമമെന്ന ചിത്രത്തിലെ മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന പാട്ടിന് ആരാധകർ ഏറെയാണ്. അടുത്തിടെ യുട്യൂബിൽ ഒരു കോടിയിലധികം ശ്രോതാക്കളെ ഈ ഗാനം നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാട്ടിനൊരു ഹിന്ദി പതിപ്പുമായെത്തിയിരിക്കയാണ് ഒരു കൂട്ടം ചങ്ങാതികൾ. വിഭാസ് പുരുഷുവാണ് ഹിന്ദി പാട്ട് പാടിയത്. ഷീരാജ് കുറുപ്പാണ് ഹിന്ദി വരികൾ തയ്യാറാക്കിയത്.
തെളിമാനം മഴവില്ലിൻ നിറമണിയും നേരം എന്ന മനോഹരമായ വരികൾ...ബാതോ സേ തുംനേ ദീ ഐസി ഹിതായത്...എന്നിങ്ങനെയായി. പഴയ ഹിന്ദി പാട്ടുകളിലെ പാട്ടുകാരന്റെ സ്വരത്തെ ഓർമിപ്പിച്ച് വിഭാസ് പുരുഷു പാടിത്തുടങ്ങുന്നു. മലര്‍ പാട്ടിന്റെ ഹിന്ദി വരികൾ മലരിനെ പോലെ അവളുടെ പ്രണയം കാണെനെത്തിയ ചിത്രശലഭത്തിന്റെ ഭംഗി പോലെ സുന്ദരം.
ശബരീഷ് വർമയാണ് പ്രേമമെന്ന ചിത്രത്തിലെ മലരേ എന്നു തുടങ്ങുന്നപാട്ടെഴുതിയത്. രാജേഷ് മുരുകേശനാണ് വയലിന്റെ മാന്ത്രികതയിലൂടെ ആ പാട്ടിനെ കൊണ്ടുപോയത്. വിജയ് യേശുദാസ് പാടിയ പാട്ട് യുട്യൂബിൽ ഇതുവരെ ഒരു കോടിയിലധികം ആളുകളാണ് കണ്ടത്. പാട്ടിറങ്ങിയതിനു ശേഷം നിരവധി ഗായകർ ഇതിന് കവർ ചെയ്തിരുന്നു. അൽഫോൺസ് പുത്രനാണ് പ്രേമം സംവിധാനം ചെയ്തത്. നീളൻ മുടി മാടിയൊതുക്കിയ തമിഴ് സുന്ദരി മലരും താടിക്കാരൻ ജോർജും അവരുടെ നോട്ടങ്ങളും പിന്നെ ആ പാട്ടും ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. ഈ പാട്ടിന് സോഷ്യൽ മീഡിയയിൽ ഇത്രയും സ്വീകാര്യത കിട്ടിയതും അതുകൊണ്ടു തന്നെ.