ഭാഷയുടെ അതിർവരമ്പുകളെ സ്വരഭംഗികൊണ്ടും ഏതു സ്ഥായായിലും പാടുവാനുള്ള പ്രതിഭകൊണ്ടും ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ അതിശയിപ്പിച്ച ഗായിക എസ്.ജാനകി സംഗീത ലോകത്തു നിന്ന് വിരമിക്കുവാനൊരുങ്ങുന്നു. ഗായികയുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.
പ്രായാധിക്യം കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ജാനകിയമ്മ എത്തിയത്. ഇനി ഗാനങ്ങളൊന്നും റെക്കോർഡ് ചെയ്യുകയില്ലെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു.
മലയാള ചലച്ചിത്ര സംഗീത ശാഖയുടെ സുവർണ കാലത്ത് ഏറ്റവുമധികം ഗാനങ്ങൾ പാടിയ ഗായികയാണ് എസ്. ജാനകി. ഗായിക പാടുന്ന അവസാന ചലച്ചിത്ര ഗാനവും മലയാളത്തിലേതു തന്നെ. ഒരു താരാട്ട് പാട്ടാണ് അത്. ആറു പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്കാണ് ജാനകിയമ്മ വിരാമമിടുന്നത്.
1957ൽ വിധിയിൻ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ൽ അധികം ഗാനങ്ങൾ എസ്. ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകൾ നൽകിയ പുരസ്കാരങ്ങൾ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ൽ രാജ്യം പത്മഭൂഷൺ നൽകി അവരെ ആദരിക്കുകയും ചെയ്തു.
മിഥുന്‍ ഈശ്വർ ഈണമിട്ട പത്തു കൽപനകൾ എന്ന സിനിമയിലാണ് എസ്.ജാനകി അവസാനമായി പാടിയ ഗാനം ഉണ്ടാകുക.