Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസു തൊട്ട് കമ്മട്ടിപ്പാടത്തിലെ വിനായകന്റെ പാട്ട്

anwar പാട്ടെഴുതിയ അൻവർ അലി, ചിത്രത്തിലെ വിനായകനും

സമൂഹത്തിൽ‌ അരികു ചേർക്കപ്പെട്ടുപോയവന്റെ കഥ കൂടിയാണ് രാജീവ്മ്മ രവി ചിത്രമായ കമ്മട്ടിപ്പാടം. ഈ പാട്ടിലുണ്ട് ഈ ചിത്രത്തിന്റെ ആത്മാവ്. അന്‍വർ അലി എഴുതി നടൻ വിനായകൻ ഈണമിട്ട് സുനിൽ മത്തായിയും സാവിയോ ലാസും ചേർന്നുപാടിയ പാട്ടിനൊപ്പം ചിന്തകൊണ്ടും മനസു കൊണ്ടും മലയാളം താളം പിടിക്കുകയാണ്. അത്രയും ശക്തമാണ് അൻവർ അലിയുടെ പാട്ടെഴുത്ത്. ഈണവും അങ്ങനെ തന്നെ. വിനായകന്റെ അഭിനയം പോലെ ജീവസുറ്റത്.

മണ്ണിനെ അതിന്റെ ശ്വാസത്തെ തിരിച്ചറിയുവാൻ കഴിയുന്നത് ആർക്കാണ്. ഒരുപിടി മണ്ണു പോലും സ്വന്തമായില്ലാത്തവർ അല്ലെങ്കിൽ അവിടെ നിന്ന് പുറത്താക്കപ്പെട്ടവർ അല്ലെങ്കിൽ അതിനോട് ചേർന്ന് അധ്വാനിച്ച് അന്നന്നത്തെ അന്നത്തിന് വക തേടുന്നവർ അല്ലേ? തീർച്ചയായും അവരെ കുറിച്ചാണ് അവരുടെ തിരിച്ചറിവുകളെ കുറിച്ചാണീ ഗാനം. വെട്ടിപ്പിടിച്ച് ജീവിക്കാൻ എന്നും എപ്പോഴും കുറേ പേരും നരകിച്ച് ജീവിക്കാന്‍ മറ്റു ചിലരും. ഭൂമിയിലെ നിയമം എന്നും എപ്പോഴും അങ്ങനെയാണ്. അവരുടെ പാട്ടാണിത്. അവരുടെ ജീവിതമാണിവിടെ പാടുന്നത്. അവർ തിരിച്ചറിഞ്ഞ, മറ്റുള്ളവർ ഒരിക്കലും തിരിച്ചറിയാനിടയില്ലാത്ത സത്യത്തെ കുറിച്ചുള്ള ഉണർത്തു പാട്ട്. 

ഉടുക്കിന്റെ മാസ്മരികതയിൽ പിറന്ന ഗാനത്തിന്റെ അവതരണം തന്നെ വിഭിന്നമാണ്. ഒരച്ഛന്റെയും മകന്റെയും സംഭാഷണത്തിൽ നിന്ന് തുടങ്ങുന്ന ഗാനം അവസാനിക്കുന്നത് ഒരു ബസ് റൂട്ടിന്റെ അനൗൺസ്മെന്റിലാണ്. മനുഷ്യർ അതിരുകളിട്ട് കെട്ടിപ്പൊക്കിയ ഭൂമിയും വെട്ടിപ്പിടിച്ച കായലോരകളും അങ്ങനെ സ്വന്തമാക്കിയതൊന്നും നമ്മുടേതല്ലെന്ന് പറയുന്ന ഗാനം ആരുമല്ലാതായിപ്പോയവന്റെ നിലവിളി കൂടിയാണ്. പാട്ടിന്റെ ഉൾത്തലമെന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ ശ്രദ്ധയോടെ വായിക്കണം വിലയിരുത്തണം അതിന്റെ വരികള്‍. എന്റേത് എന്റേതെന്ന ധാർഷ്ട്യത്തോടുള്ള തിരുത്തുപാട്ട്. 

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ? 

നീയരിയും കുരലും ചങ്കും എല്ലാര്ടേം പൊന്മകനേ 

ഞാനീമ്പിയ ചാറും ചറവും മധുവല്ലേ നല്ലച്ഛാ? 

നീ മോന്തിയ മധു നിൻ ചോര ചുടുചോര നൻന്മകനേ 

നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് പൊന്നച്ഛാ? 

നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് പൊന്മകനേ

അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ 

ഈ കായൽക്കയവും കരയും ആരുടേം... അല്ലെൻ മകനേ 

പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ 

പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം

നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ

കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻ തിരുമകനേ