Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശജോലി ഭ്രമം ഉപേക്ഷിക്കണം: സിറോ മലബാർ സഭ

കൊച്ചി ∙ സഭാംഗങ്ങളായ യുവാക്കൾ ഇന്ത്യയിൽ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോ മലബാർ സഭാ പ്രബോധനരേഖ. യുവാക്കൾ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം. സിറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിലെ ചർച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച ‘ഒന്നായി മുന്നോട്ട്’ എന്ന അജപാലന പ്രബോധനത്തിൽ സഭാസമൂഹത്തിൽ ലാളിത്യത്തിന്റെ പ്രാധാന്യവും എടുത്തുപറയുന്നു.

വ്യക്തിജീവിതത്തിലെ കാര്യങ്ങളിൽ അത്യാവശ്യം, ആവശ്യം, സൗകര്യം, ആഡംബരം എന്നിങ്ങനെ വിവേചിച്ചറിഞ്ഞ് ആഡംബരം വർജിക്കണം. ഓരോരുത്തരും ന്യായമായ സുഖസൗകര്യങ്ങൾ നിവർത്തിച്ചശേഷം ബാക്കിയുള്ളവ ആവശ്യക്കാർക്കും ദരിദ്രർക്കും നൽകാൻ കടപ്പെട്ടിരിക്കുന്നു. മാമോദീസ, വിവാഹം, ജൂബിലികൾ, ഓർമയാചരണങ്ങൾ എന്നിവയിലെല്ലാം സമഭാവനയോടെ ദരിദ്രരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സാധിക്കണം. സഭാതലവൻമാർ ലാളിത്യം പ്രാവർത്തികമാക്കേണ്ടതു പ്രധാനമായും നിർമാണ പ്രവർത്തനങ്ങളുടെയും തിരുനാൾ ആഘോഷങ്ങളുടെയും മേഖലകളിലാണ്. ഇവയിലാണു ധൂർത്തും ആഡംബരവും കൂടുതൽ. ഈ രംഗത്ത് ഇടവക സമൂഹങ്ങൾ മിതത്വം പാലിക്കണം.

പുതിയൊരു പള്ളി ആവശ്യമാണോ, അതിന്റെ ആകാരവും വലുപ്പവും എപ്രകാരമായിരിക്കണം എന്നൊക്കെ ചിന്തിച്ചു തീരുമാനമെടുക്കണം. ഇടവകാംഗങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായിരിക്കണം നിർമാണ പ്രവർത്തനങ്ങൾ. വലിയ ഭാരമാകുന്ന രീതിയിൽ സങ്കീർണമായ ബാഹ്യാകാരങ്ങളോടെ നിർമിക്കുന്ന പള്ളികളും അനുബന്ധ സൗകര്യങ്ങളും കാലഘട്ടത്തിന് ആവശ്യമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുനാളുകൾ പോലെയാണ് ഇടവകകളിൽ നടക്കുന്ന ജൂബിലി ആഘോഷങ്ങൾ. ആഘോഷത്തിമർപ്പ് പതിവായിട്ടുണ്ട്. ചിലേടങ്ങളിൽ പരോപകാര പ്രവൃത്തികളുടെ അവസരമായി ജൂബിലികൾ മാറിത്തുടങ്ങിയെന്നത് ആശാവഹമാണ്.

കൂടുതൽ വരുമാനമുള്ള ഇടവകകളും സ്ഥാപനങ്ങളും സമ്പാദ്യം മിഷൻ പ്രദേശങ്ങളിലെ സേവനത്തിനും വിദ്യാഭ്യാസമേഖലയ്ക്കും നൽകണം. സഭാശുശ്രൂഷകർ ലളിതജീവിതത്തിന്റെ മാതൃകകളാകണം. ലാളിത്യം എന്നതു കേവലം ആഡംബരമില്ലാത്ത ജീവിതമായി മാത്രം ഒതുക്കാവുന്നതല്ല. അതു വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. ലാളിത്യം സഭയുടെ ജീവിതശൈലിയായി രൂപപ്പെടുത്തണം. കുട്ടികളെ ലാളിത്യത്തിൽ വളർത്തണം. നവമാധ്യമങ്ങളുടെ ഉപയോഗം ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടു നിർവഹിക്കാൻ കുട്ടികൾക്കു മാർഗദർശനം നൽകണം.

സഭാംഗങ്ങൾ തനതു ക്രൈസ്തവ ജീവിത ശൈലിയിലേക്കു തിരിച്ചുപോകണം. തിരുവചനം, സഭാപ്രബോധനങ്ങൾ, പ്രാർഥന, കൂട്ടായ്മ, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയാണു ശരിയായ ക്രൈസ്തവസാക്ഷ്യ ഘടകങ്ങൾ. ഇവയിൽ ഉണ്ടാകാവുന്ന വൈകല്യങ്ങൾ ജീവിതസാക്ഷ്യത്തെയും വികലമാക്കും. ദൈവവചനത്തിന്റെയും സഭാപ്രബോധനങ്ങളുടെയും ശരിയായ അവബോധമില്ലാതെ സഭയിൽ എത്രയോ ഭിന്നിപ്പുകൾ ഉണ്ടായിരിക്കുന്നു.

ദൈവാരാധനയുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാതെ വ്യക്തിപരമായ ദൈവവചന ധ്യാനത്തിലും പ്രാർഥനകളിലും അതിനെ ഒതുക്കാമെന്നു കരുതുന്നവരുണ്ട്. ദൈവാരാധന പരമപിതാവിന് അർപ്പിക്കുന്ന ആരാധനയുടെ അനുഭവമാകണം. ഈ അനുഭവത്തിന്റെ കേന്ദ്രപ്രാധാന്യത്തിന് കുറവുവരുംവിധം വിശുദ്ധരോടുള്ള വണക്കവും അതുമായി ബന്ധപ്പെട്ട നൊവേനകളും കപ്പേള–കുരിശടി–ഗ്രോട്ടോ ഭക്തികളും തിരുനാളാഘോഷ രീതികളും സഭാജീവിതത്തിൽ സ്ഥാനം പിടിക്കരുതെന്നും രേഖയിൽ പറയുന്നു.

Your Rating: