Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതകൾക്കു മാത്രമായി കെഎസ്ആർടിസി പിങ്ക് ബസ്

pink-bus കെഎസ്ആർടിസി സ്ത്രീകൾക്കു മാത്രമായി ഇറക്കുന്ന പിങ്ക് ബസ്

കൊല്ലം ∙ സ്ത്രീസൗഹൃദത്തിന്റെ നിറക്കൂട്ടണിഞ്ഞു കെഎസ്ആർടിസി ബസുകളും. കെഎസ്ആർടിസി ലേഡീസ് ഒൺലി പിങ്ക് ബസ് സർവീസുകൾ ഉടൻ ആരംഭിക്കും. പിങ്കും വെള്ളയും കലർന്ന നിറമാണ് ബസിനും. പരീക്ഷണമെന്ന നിലയിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. വിജയമെന്നു കണ്ടാൽ സംസ്ഥാനത്താകെ ഇതു വ്യാപിപ്പിക്കും.

സ്ത്രീസുരക്ഷയുടെ ഭാഗമായി സംസ്ഥാന പൊലീസ് അടുത്തിടെ പിങ്ക് ബീറ്റ് സുരക്ഷ എന്ന പേരിൽ പട്രോളിങ് സംവിധാനം ആരംഭിച്ചിരുന്നു. ഇതാണു കെഎസ്ആർടിസിയും മാതൃകയാക്കിയത്. പിങ്ക് നിറത്തിൽ ആകർഷകമായ ഡിസൈനുകളും നൽകിയിട്ടുണ്ട്. ആദ്യ സർവീസിനുള്ള രണ്ടു ബസുകൾ തിരുവനന്തപുരം കൈമനത്തെ കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തയാറായിട്ടുണ്ട്. ഓർഡിനറി ബസുകൾ നിറം മാറ്റിയാണു പിങ്ക് സർവീസിനായി ഒരുക്കിയിരിക്കുന്നത്.

തലസ്ഥാനത്ത് ഉദ്ഘാടന സർവീസ് നടത്തി അതു വിലയിരുത്തിയ ശേഷമാകും മറ്റു ജില്ലകളിലേക്കു കൂടി പിങ്ക് സർവീസ് വ്യാപിപ്പിക്കുക. ബസിൽ വനിതാ ജീവനക്കാരെത്തന്നെ നിയോഗിക്കുന്നതിന് ആലോചനകൾ നടന്നെങ്കിലും ഡ്രൈവർ തസ്തികയിൽ വനിതകളുടെ നിയമനം ഉടനെ നടക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു. എന്നാൽ കണ്ടക്ടർ വനിതയായിരിക്കും.