Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെന്റ്: പുതിയ ടൂറിസം ട്രെൻഡ്

camp

രണ്ടുമൂന്നു ദിവസം അവധി കിട്ടിയാൽ വീടുപൂട്ടി ട്രിപ്പിനു പോകുന്നവരുടെ എണ്ണം കൂടുകയാണ്. കാട്ടിലേക്കും മലകളിലേക്കുമൊക്കെ ട്രിപ്പടിച്ചിരുന്നവർ  ഏറെയും ചെറുപ്പക്കാരായിരുന്നുവെങ്കിൽ  ഇന്ന് ആ സ്ഥാനത്തു ഫുൾ ഫാമിലിയാണ്. കാടോ മേടോ തോടോ എന്തുമാകട്ടെ എവിടേക്കും സഞ്ചാരം സാധ്യമാണ് എന്നതാണ് അവസ്ഥ. യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണമേറിയതോടെ വൈവിധ്യമുള്ള ടൂറിസം സാധ്യതകൾ സൃഷ്ടിക്കുന്നവർക്കും അവസരങ്ങൾ ഏറുന്നു. 

ഇതാ രണ്ടു ചെറുപ്പക്കാർ മാറിച്ചിന്തിക്കുന്നു 

നഗരത്തിലെ കോൺക്രീറ്റു വീട്ടിൽ നിന്ന് ഒരു വീക്കെൻഡെങ്കിലും രക്ഷപ്പെടാൻ പോകുന്നത് ഹിൽസ്‌റ്റേഷനിലോ പ്ലാന്റേഷന്റെ നടുവിലോ കടൽത്തീരത്തോ ഉള്ള കോൺക്രീറ്റ് വീട്ടിലേക്കു തന്നെയാണെങ്കിൽ അതിലെന്തു രസമെന്നു കൊച്ചിക്കാരൻ പ്രബിലും കണ്ണൂർക്കാരൻ സൂരജും ചോദിക്കുന്നു. ടൂറിസം ലേബലിന്റെ ഭാരം പേറാത്ത ഒന്നു രണ്ടു രാപ്പകലുകൾ ശുദ്ധവായു ശ്വസിച്ച് ഒരു കുന്നിൻ മുകളിലോ ഏലത്തോട്ടത്തിനു നടുവിലോ കായലോരത്തോ സുരക്ഷിതമായും സ്വസ്ഥമായും ചെലവിടാൻ കഴിയുന്ന പ്രദേശങ്ങളെപ്പറ്റിയായിരുന്നു ഇവരുടെ ചിന്ത. പ്രകൃതിയുടെ കാണാപ്പുറങ്ങൾ തേടുന്നവർക്കു വഴികാട്ടിയാകണം. നമ്മുടെ നാട്ടുകാർക്ക് അത്ര പരിചിതമല്ലാത്ത ക്യാംപിങ് എന്ന ആശയമാണ് ഈ ചെറുപ്പക്കാർ മുന്നോട്ടു വെച്ചത്. അതങ്ങേറ്റു. ഐടി ചെറുപ്പക്കാർ ഉൾപ്പെടെയുള്ള ന്യുജെൻ യാത്രക്കാർക്കിടയിൽ ഈ പുത്തനാശയം തരംഗമായി.

ക്യാംപർ ഒരു പേരുമാത്രമല്ല, എല്ലാമെല്ലാമാണ്..

campper- ഈ പേരിലുള്ള ഓൺലൈൻ സ്റ്റാർട്ടപ്പിനു പിന്നിൽ പുതിയ ആശയത്തിലെ വെളിച്ചമുണ്ട്. യാത്രകൾക്കു സൗകര്യമൊരുക്കുന്ന വെബ് സൈറ്റുകൾ ഇന്നു ധാരാളമുണ്ട്. ഒരു വെബ് സൈറ്റിലൂടെ ഇന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ക്യാംപറിലുമുണ്ട്. എന്നാൽ അതിനുമപ്പുറം പോവുകയെന്നതായിരുന്നു ഇവർ നേരിട്ട വെല്ലുവിളി. ക്യാംപറിലൂടെ താമസിക്കാൻ ബുക്കു ചെയ്യുക ഒരു കെട്ടിടമായിരിക്കില്ല.  പകരം സുരക്ഷിതമായും പേടിക്കാതെയും രാപാർക്കാൻ കഴിയുന്ന ചെറു ടെന്റുകളായിരിക്കും. നല്ല ഹോട്ടലിൽ താമസിക്കുന്നതു പോലെയുള്ള അത്യാവശ്യ സൗകര്യങ്ങൾ - ശുചിമുറി മുതൽ പാർക്കിങ് ഇടംവരെ- ഉറപ്പുവരുത്തിയിട്ടുള്ള ടെന്റുകൾ. ഹോംലി ഫുഡും വൈഫൈ മുതലായ പുതുതലമുറ സൗകര്യങ്ങളും ടെന്റുകളിലുണ്ടാകും.  

ഹരിത വിനോദ കേന്ദ്രങ്ങളിലേക്കു ട്രിപ്പുപോകാം

ഇന്ത്യയിൽ അങ്ങോളമിങ്ങോളമായി നൂറോളം ക്യാംപ്  സൈറ്റുകളുണ്ട്. തെക്കെ ഇന്ത്യയിൽ മാത്രം ഇരുപതോളം കേന്ദ്രങ്ങൾ ഇവർ  നേരിട്ട് നടത്തുന്നു. കേരളത്തിൽ മൂന്നാർ, വാഗമൺ, വയനാട്, പൊന്മുടി, വണ്ടിപ്പെരിയാർ, മാങ്കുളം , യെല്ലപ്പട്ടി, ചിറ്റാർ, രാമക്കൽമേട് തുടങ്ങിയ പ്രധാനപ്പെട്ട ഹരിത വിനോദ കേന്ദ്രങ്ങളിലെല്ലാം ക്യാംപുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ആറു മാസം കൂടുമ്പോൾ ക്യാംപറിന്റെ സ്‌കൗട്ട്‌സ് വിഭാഗം  പരിശോധിക്കുകയും വിലയിരുത്തുകയും പോരായ്മകൾ  പരിഹരിക്കുകയും ചെയ്യുന്നു. 

മഴയും വെയിലും പ്രശ്നമല്ല

കാലാവസ്ഥ കാര്യമാക്കേണ്ട, വർഷത്തിൽ 365 ദിവസവും ബുക്ക് ചെയ്യാവുന്ന ക്യാംപുകളുമുണ്ട്. വിവര സാങ്കേതികവിദ്യയുടെ യുഗത്തിൽ അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് തങ്ങളുടെ പ്രവർത്തനമെന്നു പ്രബിലും സൂരജും പറയുന്നു. ഇഷ്ട ലൊക്കേഷനും സമയവും സൗകര്യവും നോക്കി ക്യാംപു ബുക്ക് ചെയ്യാം. ഭക്ഷണമുൾപ്പെടെ ഒരു രാത്രി തങ്ങാൻ 999 രൂപ മുതലാണ് നിരക്കുകൾ. ക്യാംപ് സൈറ്റിൽ ആവശ്യങ്ങൾ നിറവേറ്റാനായി ഒരു ആതിഥേയനും തയാറായിരിക്കും. 

അദ്ദേഹം  സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ആ സ്ഥലത്തിന്റെ സവിശേഷതകളും അവിടെ ലഭിക്കാവുന്ന മറ്റു സൗകര്യങ്ങളും പരിചയപ്പെടുത്തുകയും ചെയ്യും. മിക്ക ക്യാംപ് സൈറ്റുകളിലും താമസം കൂടാതെ ട്രക്കിങ്ങ്, ഫിഷിങ്, ജീപ്പ് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങളും ലഭ്യമാണ്. 

യാത്രയിൽ പ്രകൃതിയുടെ കൂട്ട് 

പ്രകൃതിയെ നശിപ്പിക്കാതെ, പ്രകൃതിയോടൊന്നിച്ചുള്ള ജീവിതം ആസ്വദിക്കാൻ സഹായിക്കുന്ന, കേരളത്തിന്റെ ഇക്കോ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതാണ്  ഈ നൂതനമായ ആശയം. ബൈക്ക് റൈഡിങ് യാത്രക്കാർ, ടെക്കി ഗ്രൂപ്പുകൾ തുടങ്ങിയവരെല്ലാം തന്നെ ക്യാംപുകളെ സ്വീകരിച്ചു തുടങ്ങിയതായി ഇവർ പറയുന്നു.  പ്രവർത്തനമാരംഭിച്ച് ഒരു വർഷമാകുന്നതിനു മുമ്പു തന്നെ ആയിരത്തോളം യാത്രക്കാർ ക്യാംപർ സേവനം ഉപയോഗിച്ചു കഴിഞ്ഞു. 

രസകരമായ സംഗതി, ഇവരിൽ നല്ലൊരു ശതമാനവും കുടുംബങ്ങളായിരുന്നുവെന്നതാണ്. ഒന്നര വയസുള്ള കുട്ടി മുതൽ 70 വയസ്സുള്ളവർ വരെ  ക്യാംപിങ്ങിനെത്തി. 14 വർഷത്തോളം വിവിധ ഐടി കമ്പനികളിൽ പ്രൊജക്റ്റ് മാനേജ്മന്റ് രംഗത്തു പ്രവർത്തിച്ചിട്ടുള്ളയാളാണു പ്രബിൽ. സൂരജാകട്ടെ 16 വർഷത്തോളം ഐടി, ബാങ്കിംങ്  മേഖലകളിൽ ജോലി ചെയ്തു. 

കേരള സർക്കാരിന്റെ കൾസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോയുടെ സ്റ്റാർട്ടപ്പ് ഇർക്യൂബേഷനിലൂടെയാണ് ക്യാംപർ രൂപം കൊണ്ടത്. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഇക്കോ ടൂറിസം സാധ്യതകളുടെ പുതിയ ലോകം തുറന്നു കൊടുക്കുകയാണ് തങ്ങളുടെ സംരംഭമെന്ന് ഇവർ പറയുന്നു.  

വിദേശ സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടുപരിചയിച്ച പ്രകൃതിയോടിണങ്ങുന്നതും ചെലവു കുറഞ്ഞതുമായ യാത്രാനുഭവങ്ങളിലേക്കാണ് ക്യാംപർ ക്ഷണിക്കുന്നത്. ആകർഷകമായ ഇടങ്ങളിൽ സ്വന്തം സ്ഥലങ്ങളുള്ളവർക്ക് ക്യാംപുകളൊരുക്കി അധിക വരുമാനം നേടുന്നതിനുള്ള സഹായവും ഇവർ നൽകുന്നു.