Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ തെയോഫിലോസ്: കരുണയുടെ വഴികളിലൊന്നിന്റെ പേര്

Dr Zachariah Mar Theophilos

കാലം ചെയ്ത മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ ആത്മീയ പ്രഭാഷകനുമായ എഴുത്തുകാരനുമായ സഖേർ‌ അനുസ്മരിക്കുന്നു. 

മാർ തെയോഫിലോസ് തിരുമേനി. 

കരുണ കരകവിയുന്നതാണ് അധ്യാത്മികത എന്നോർമിപ്പിച്ച് നമുക്കിടയിലൂടെ കടന്നുപോയ മഹിതാചാര്യൻ.

പ്രജ്ഞയിൽനിന്ന് കരുണയിലേക്കുള്ള സനാതനമായ തിരളൽ സംഭവിച്ച മുക്തമാനസൻ. അദ്ദേഹം താണ്ടിയ സഹനദൂരം വലുതാണ്. എന്നിരിക്കിലും എത്രമേൽ നിർമമനായി നിലകൊണ്ടു. വല്ലാത്ത കുറുമ്പുകളെന്നു തെറ്റിദ്ധരിപ്പിക്കുംവിധമുള്ള mystical arrogance ജീവിതാന്ത്യത്തോളം ഇദ്ദേഹത്തെയും ചൂഴ്ന്നു നിൽപ്പുണ്ടായിരുന്നുവെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. 

ശാരീരികാസ്വാസ്ഥ്യങ്ങൾ ഏറിയപ്പോഴും പുലർത്തിയ ആന്തരിക സൗഖ്യം മാത്രം മതിയാവും വന്ദ്യപിതാവിന്റെ ആത്മീയപക്വതയുടെ ആഴമറിയാൻ !

ദിനംതോറും അനുഷ്ഠിച്ചുപോന്ന തിരുബലിയുടെ നൈരന്തര്യം തന്നെയാവും തന്റെ ഹൃദയത്തെ ആതുരതകളിൽനിന്നും കാത്തിട്ടുണ്ടാവുക.

വന്ദ്യ പിതാവേ, അങ്ങയുടേത് പെട്ടെന്നുള്ള മരണമല്ല! പെട്ടെന്നുള്ള മരണത്തിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് ശയനപ്രാർഥനകളിൽ അങ്ങ് എന്നും ചൊല്ലിയരുന്ന പ്രാർഥന ദൈവം കേട്ടിരിക്കുന്നു. സത്യഅനുതാപത്തിന് നേരം ലഭിക്കാതെ ദൈവമേ ഞാൻ മരിക്കരുതേ എന്നാണ് ആ പ്രാർഥനാവരിയുടെ അർഥമെന്ന പിതൃപാഠങ്ങളെ അവിടുന്ന് അന്വർഥമാക്കിയിരിക്കുന്നു. 

നിശ്ചയമായും മലങ്കരയുടെ ചരിത്രത്തിെല കരുണയുടെ വഴികളിലൊന്നിന്റെ പേര് സഖറിയാ മാർ തെയോഫിലോസ് എന്നുതന്നെയാവും അടയാളപ്പെടുത്തുക!