Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളപ്പണം: നവംബർ എട്ട് രാത്രിയിലെ ഗുജറാത്തിന്റെ പരക്കം പാച്ചിൽ

black-money-series-image

ഗുജറാത്ത് വ്യവസായ വികസന കോർപറേഷന്റെ ഇൻഡസ്ട്രിയൽ പാർക്കിലുള്ള സ്വകാര്യ സ്ഥാപനത്തിലെ പ്യൂൺ നഗിൻ ബാരിയയെ മുതലാളി പതിവില്ലാതെ വിളിപ്പിച്ചു. നെഞ്ചിടിപ്പോടെ മുതലാളിയുടെ കാബിനിൽ കയറിയ നഗിൻ ബാരിയയ്ക്കു മുതലാളിയുടെ വക സമ്മാനമാണു ലഭിച്ചത്– അടുത്ത ആറുമാസത്തെ ശമ്പളം മുൻകൂറായി. എല്ലാം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് അധികദിവസം കഴിയും മുൻപായിരുന്നു ഇത്. പ്രതിമാസം 4000 രൂപ ശമ്പളമുള്ള നഗിൻ ബാരിയയ്ക്ക് 24000 രൂപയാണു മുതലാളി മുൻകൂറായി നൽകിയത്.

ബാരിയയ്ക്ക് അത്രയും തുക ബാങ്കിൽ നിക്ഷേപിക്കാൻ ഒരുദിവസം സൗജന്യ അവധിയും മുതലാളി നൽകി. മുൻപ് അവധി ചോദിച്ചാൽ കലിതുള്ളിയിരുന്ന മുതലാളിയാണ് ഇപ്പോൾ അവധി വച്ചുനീട്ടിയത്. അവധിയെടുത്താൽ ഒരുദിവസത്തെ ശമ്പളം പിടിക്കുകയും ചെയ്യുമായിരുന്നു. അതെല്ലാം ഓർത്ത് ബാരിയ അന്തംവിട്ടു നിന്നു.

അഹമ്മദാബാദിൽ സ്വകാര്യ കമ്പനിയിൽ ഓഫിസ് അസിസ്റ്റന്റായ രാജേഷ് പർമാറിന് അടുത്ത മാർച്ച് വരെയുള്ള ശമ്പളമാണ് മുൻകൂറായി കിട്ടിയത്. 45,000 രൂപ. മിക്ക സ്ഥാപനങ്ങളുടെയും ഈ മുൻകൂർ ശമ്പളം നൽകൽ പഴയനോട്ടുകൾ മാറിയെടുക്കാനുള്ള പല കുറുക്കുവഴികളിലൊന്നായിരുന്നു. നവംബർ എട്ടിന് രാത്രി ഗുജറാത്തിൽ ബാങ്ക് മാനേജർമാർക്കു ശിവരാത്രിയായിരുന്നു. അന്നു രാത്രി പുലരും വരെ ഫോൺവിളികളായിരുന്നു. ലക്ഷങ്ങൾ വെളുപ്പിച്ചെടുക്കാൻ സഹായിക്കുമോ എന്നായിരുന്നു ചോദ്യം. കോടീശ്വരന്മാർ കരയുന്നത് ആദ്യമായി കേൾക്കുകയായിരുന്നു എന്നാണ് ബാങ്ക് മാനേജർമാരിലൊരാൾ പറഞ്ഞത്.

ഗുജറാത്തിന്റെ പരക്കംപാച്ചിൽ

നവംബർ എട്ടിനു രാത്രി അഹമ്മദാബാദിലെ സ്വർണക്കടകൾ പലതും ഉറങ്ങിയില്ല. സ്വർണക്കടകൾക്കു മുന്നിൽ ഗതാഗതക്കുരുക്കുവരെ ഉണ്ടായി. സ്വർണത്തിനുവേണ്ടി ഇത്രയും പിടിവലി ആരും മുൻപു കണ്ടിട്ടുണ്ടായിരുന്നില്ല. ഒരുലക്ഷം വില പറഞ്ഞതിനു പ്രൈസ് ടാഗ് പോലും നോക്കാതെ വാങ്ങാൻ തിരക്കായിരുന്നു. ഒറ്റരാത്രിയിൽ കോടികളുടെ വിൽപന. ഈ സ്ഥിതി പിറ്റേന്നും ആവർത്തിച്ചു. ജ്വല്ലറികളിലെ ഈ കള്ളപ്പണം അലക്കിവെളുപ്പിക്കൽ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നു രണ്ടുലക്ഷത്തിനു മേലുള്ള വിൽപനയ്ക്കു പാൻ കാർ‍ഡ് നിർബന്ധമാക്കുകയായിരുന്നു ആദായനികുതി വകുപ്പ്. അതോടെയാണ് ആക്രാന്തത്തിനു മൂക്കുകയർ വീണത്.

സെൻട്രൽ എക്സൈസുകാരുടെ കണക്കനുസരിച്ചു ഗുജറാത്തിൽ നവംബർ ഏഴുവരെ ദിവസം ശരാശരി 50 കിലോഗ്രാം ആയിരുന്നു സ്വർണവിൽപനയെങ്കിൽ എട്ടു മുതൽ പത്തുവരെയുള്ള തീയതികളിൽ ശരാശരി വിൽപന പ്രതിദിനം 195 കിലോഗ്രാം ആയി.

ഗുജറാത്തിലെ നൂറ്റിയിരുപത്തഞ്ചോളം ജ്വല്ലറികളെയാണ് എക്സൈസ് വകുപ്പ് നിരീക്ഷിച്ചത്. അതിൽ മുപ്പതോളം വൻകിടക്കാരുടെ പട്ടികയുണ്ടാക്കി അത് ആദായനികുതി വകുപ്പിന് അയച്ചുകഴിഞ്ഞു. അഞ്ചുകോടിരൂപയുടെ കള്ളപ്പണം ഒറ്റയടിക്കു സ്വർണ ബിസ്കറ്റും ഉരുപ്പടികളുമാക്കിയ വൻകിടക്കാരുണ്ട്.

ചെന്നൈയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധു നോട്ട് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ചെന്നൈ ബ്രോഡ്‌വേ എൻഎസ്‌സി ബോസ് റോഡിലെ എട്ടോളം ജ്വല്ലറികൾ വീണ്ടും തുറന്നു. സാധാരണഗതിയിൽ എട്ടുമണിയോടെ വിൽപന അവസാനിപ്പിക്കാറുള്ള ഈ കടകൾ രാവേറെ ചെല്ലുന്നതുവരെ തുറന്നിരുന്നു. വൻകിടക്കാർ ധാരാളം സ്വർണം ഇവിടെനിന്നു വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

നവംബർ 11ന് ഈ ജ്വല്ലറികളിൽ ആദായനികുതി വകുപ്പും സെൻട്രൽ എക്സൈസും സംയുക്ത റെയ്ഡ് നടത്തി. എട്ടിനു കാര്യമായ വിൽപന നടന്നതിന്റെ രേഖകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, അതിനു മുൻപുള്ള ദിവസങ്ങളിൽ കാര്യമായ വിൽപനയും ബുക്കിങ്ങും നടന്നിട്ടുമുണ്ട്. ഇതെല്ലാം വ്യാജ വിൽപനകളാണെന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്. ഏകദേശം 25 കോടി രൂപയുടെ വിൽപന ചെന്നൈയിലെ ജ്വല്ലറികളിൽ ഒൻപതിനു നടന്നതായാണു സംശയിക്കുന്നത്.

ഇതു വെറും സ്വയം സഹായം

അസാധു നോട്ട് പ്രഖ്യാപനം വന്നതിന്റെ പിറ്റേന്ന് ചെന്നൈ കോർപറേഷനിലെ ഒരു കൗൺസിലർ തന്റെ വാർഡിലെ വനിത സ്വയംസഹായ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത് 25 ലക്ഷം രൂപയാണ്. എല്ലാവരോടും പണം കൊണ്ടുപോയി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണു നിർദേശിച്ചത്. പിന്നീടു തിരിച്ചുതന്നാൽ മതിയെന്നും പറഞ്ഞു. പാവങ്ങളായ സ്വയംസഹായ അംഗങ്ങൾക്ക് ഇതിന്റെ ഗുട്ടൻസ് പെട്ടെന്നു പിടികിട്ടിയില്ല. പണം വാങ്ങിയവർ, മുഴുവൻ തിരിച്ചുനൽകിയില്ലെങ്കിലും നഷ്ടമൊന്നുമില്ലെന്നാണു കൗൺസിലറിന്റെ സഹായി രഹസ്യമായി പറഞ്ഞത്.

ചിട്ടി കൊണ്ടുവരും വെള്ളപ്പണം

ചെന്നൈയിലെ ചെറുകിട ചിട്ടിക്കാരൻ തന്റെ  കൈവശമുള്ള അസാധു നോട്ടുകൾ കൊടുത്തുതീർക്കാൻ ചെയ്തതു ചിട്ടിയിലെ അംഗങ്ങളായ ഭൂരിഭാഗം പേർക്കും നറുക്കു വീഴ്ത്തുകയെന്നതായിരുന്നു. സാധാരണഗതിയിൽ ചിട്ടിയിൽ ഒരുതവണ ഒരാൾക്കു മാത്രമെ നറുക്കു കിട്ടാറുള്ളൂ. എന്നാൽ ഈ ചിട്ടിയിലെ ഒരേ നറുക്കു തന്നെ പലർക്കായി കിട്ടി. രേഖകളിൽ ഒരാൾക്കുമാത്രമെ നറുക്കു കിട്ടിയിട്ടുള്ളു താനും. ചിട്ടി കിട്ടിയവർക്കെല്ലാം വിതരണം ചെയ്തത് അസാധു നോട്ടുകൾ തന്നെ.

പണത്തിന്റെ ആവശ്യക്കാരായതിനാൽ എല്ലാവരും അസാധുനോട്ടുകൾ വാങ്ങി. ബാങ്കുകളിൽ പോയി ഘട്ടം ഘട്ടമായി മാറ്റിയെടുക്കാമല്ലോ. ചിട്ടി കിട്ടിയവർ ഇനി പണം മടക്കി അടയ്ക്കുമ്പോൾ പുതു പുത്തൻ നോട്ടുകൾ ചിട്ടിക്കാരന്റെ കയ്യിൽ തിരിച്ചെത്തും. അങ്ങനെ പഴയ കള്ളപ്പണം പുതിയ കള്ളപ്പണമാവും. പലപ്പോഴായി വായ്പ ആവശ്യപ്പെട്ടവർക്ക് വലിയ ഈടൊന്നുമില്ലാതെ തന്നെ പണം നൽകാനും ചില പണമിടപാടുകാർ തയാറായി. പഴയ നോട്ടുകൾ വാങ്ങാൻ തയാറായവരിൽ പലർക്കും വായ്പ കിട്ടുകയും ചെയ്തു. ചിലർ പലിശയില്ലാതെയും വായ്പ നൽകിയത്രേ.

തീയിലിട്ട നോട്ടുകൾ

മഹാരാഷ്ട്രയിൽ വിദർഭയിലെ അകോള സിറ്റിയിൽ ഗോരക്ഷൻ റോഡിൽ ഓം ഹൗസിങ് സൊസൈറ്റിക്കു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്നതു കണ്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവർക്കു മുന്നിൽ - അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കത്തുന്നു. ഉടൻ അറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ തീയണച്ച ശേഷം നടത്തിയ പരിശോധനയിൽ കത്തിത്തീരാത്ത അറുപതിനായിരത്തോളം രൂപയുടെ നോട്ടുകളാണു കണ്ടെത്തിയത്. തീയിൽ ഇട്ടത് നല്ല നോട്ടാണോ, കള്ളനോട്ടാണോ എന്നു പരിശോധിക്കാൻ സാംപിളുകൾ വിദഗ്ധർക്കു കൈമാറിയിരിക്കുകയാണു പൊലീസ്.

‘അഡ്വാൻസ് ബുക്കിങ്’ തന്ത്രം

കെട്ടിടനിർമാണ രംഗത്താണ് ഏറ്റവുമേറെ പണം വെളുപ്പിച്ചതെന്നാണു രാജസ്ഥാനിലെ സെയിൽടാക്സ് വകുപ്പിലെ ഒരുദ്യോഗസ്ഥൻ വ്യക്തമാക്കിയത്. നിർമാതാക്കൾ പലരും ഫ്ലാറ്റുകളും കെട്ടിടങ്ങളും വിൽക്കാൻ കരാറുണ്ടാക്കിയതായി രേഖയുണ്ടാക്കും. അഡ്വാൻസ് ബുക്കിങ്ങിന്റെ പേരിൽ വലിയ തുകകൾ ബാങ്കിൽ നിക്ഷേപിക്കും. പിന്നീട് ഇതു റദ്ദാക്കിയതായി കാണിച്ച് ഈ തുക പിൻവലിക്കും. ഇത്തരത്തിൽ കയ്യിലിരുന്ന പണം വൻതോതിൽ ബാങ്കുകളിൽ നിക്ഷേപമായി വന്നിട്ടുണ്ട്. കുറെയെല്ലാം പുതിയ നോട്ടായി പുറത്തേക്കു പോകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നിലെ തിരിമറിയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ബുക്കിങ് നടത്തിയവരുടെ പേരിലും അന്വേഷണം നടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വലയിൽ കുടുങ്ങിയ സംഘം

പിൻവലിച്ച പഴയ നോട്ടുകൾ കമ്മിഷൻ വ്യവസ്ഥയിൽ മാറി നൽകുന്ന സംഘങ്ങൾ ഇടുക്കി ജില്ലയിൽ സജീവമാണ്. ഏഴംഗ സംഘം കഴിഞ്ഞ ദിവസം പിടിയിലായതോടെയാണ് ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പഴയ നോട്ടുകൾ മാറി നൽകുന്ന സംഘത്തെക്കുറിച്ചു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ രംഗത്തിറങ്ങിയ പൊലീസ് വിരിച്ച വലയിൽ സംഘം കുടുങ്ങുകയായിരുന്നു.

വായ്പ തിരിച്ചടയ്ക്കൽ തന്ത്രം

കറൻസി നിരോധനത്തിനുശേഷം ബാങ്കുകളിൽ പുതിയൊരു പദപ്രയോഗം കൂടി വന്നിട്ടുണ്ട്–‘ദുരൂഹമായ വായ്പയ‌ടയ്ക്കൽ’. വായ്പയെടുത്തു പലിശയും പലിശയുടെ പലിശയുമായി അടവ് മുടങ്ങിക്കിടക്കുന്ന വായ്പകൾ പെ‌ട്ടെന്നൊരു ദിവസം പണമ‌ടച്ചു പുതുക്കുന്നതിനെയാണ് ‘ദുരൂഹമായ വായ്പയടയ്ക്കൽ’ എന്നു പറയുന്നത്. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ വ്യാപകമായ തോതിൽ ചിലർ ശ്രമം നടത്തി. വായ്പ തിരിച്ചടയ്ക്കാനാവാതെ വീടോ സ്ഥലമോ ജപ്തി ഭീഷണിയിലായ വായ്പക്കാരെ സമീപിച്ചാണു കള്ളപ്പണം വെളിപ്പിക്കുന്നവർ വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുന്നത്.

പഴയ 1000, 500 നോട്ടുകൾ വായ്പ അടച്ചുതീർക്കാൻ നൽകും. പണയ വസ്തുവായ വീ‌ടും സ്ഥലവുമെല്ലാം തിരിച്ചുകി‌‌ട്ടുമെന്നതിനാൽ വായ്പക്കാരനും സന്തോഷം. വായ്പ അടയ്ക്കുന്നതോടെ പണം വെളുക്കും. പിന്നീട് പണം തിരികെ വാങ്ങിക്കുന്നതിനായി വായ്പക്കാരനുമായി മറ്റൊരു കരാറുണ്ടാക്കും. തിരികെ കിട്ടിയ വസ്തുവിന്റെ രേഖകൾ കൂ‌ടി കൈവശപ്പെടുത്തിയാൽ പണം വെളിപ്പിച്ചയാൾക്ക് കൂടുതൽ ഉറപ്പാകും. സ്വർണവായ്പകളും കാർഷിക വായ്പകളും ഇത്തരത്തിൽ തിരിച്ചടയ്ക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്നൊരുനാൾ ഇത്രയും പണം അടയ്ക്കുമ്പോൾ പണത്തിന്റെ ഉറവിടം കാണിക്കണമെന്നൊക്കെ വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും വലിയ പ്രശ്നമാകില്ലെന്നാണു വായ്പക്കാരെ പറഞ്ഞുവിശ്വസിപ്പിക്കുന്നത്.  കള്ളപ്പണക്കാർ കുറുക്കുവഴികളിലൂടെ രക്ഷപ്പെടുമ്പോൾ സാധാരണക്കാരാണ് നോട്ട് നിരോധനം മൂലം ദുരിതമനുഭവിക്കേണ്ടിവരുന്നത്.

(പരമ്പര അവസാനിച്ചു)

Your Rating: