Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാർക്കു ദുരിതം: ട്രെയിനുകളുടെ വൈകിയോടൽ പതിവാകുന്നു

train-railway

ട്രെയിനുകൾ വൈകിയോടുന്നതു പതിവായിട്ടും നടപടിയെടുക്കാതെ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. പാസഞ്ചർ‍ ട്രെയിൻ സർവീസുകളാണ് ഏറ്റവും കൂടുതൽ വൈകിയോടുന്നത്. കേരളത്തിനു പുറത്തു പോയാൽ ഇവിടെനിന്നുള്ള ട്രെയിനുകൾക്കു മുൻഗണന ലഭിക്കാറില്ല.

എന്നാൽ, കേരളത്തിനകത്തും ഇതുതന്നെയാണു സ്ഥിതി. ഇരട്ടപ്പാതയില്ലാത്തതുകൊണ്ടാണു കോട്ടയം റൂട്ടിൽ ട്രെയിനുകൾ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. വേണാട് പോലെയുള്ള ട്രെയിനുകൾക്കു വഴിനീളെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതും പ്രശ്നങ്ങൾക്കു കാരണമാകുന്നു.

327 കിലോമീറ്റർ എട്ടു മണിക്കൂർകൊണ്ടാണു വേണാട് ഓടുന്നത്. 28 സ്റ്റോപ്പുകളുമുണ്ട്. ചെറിയനാട്, മയ്യനാട്, ശാസ്താംകോട്ട എന്നിവയാണ് ഇടക്കാലത്തു വന്ന പുതിയ സ്റ്റോപ്പുകൾ. മണിക്കൂറിൽ 41 കിലോമീറ്ററാണു ട്രെയിന്റെ ശരാശരി വേഗം. എക്സ്പ്രസ് എന്നു വിളിക്കാൻപോലും കഴിയാത്ത ഈ ട്രെയിനിനെ ഫാസ്റ്റ് പാസഞ്ചറായി തരംതാഴ്ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വേണാടിനു പകരം പ്രധാന സ്റ്റേഷനുകളിൽ‍ മാത്രം സ്റ്റോപ്പുള്ള വേഗം കൂടിയ ട്രെയിൻ വേണം. ആലപ്പുഴ റൂട്ടിൽ ജനശതാബ്ദി ഉള്ളപ്പോൾ കോട്ടയം റൂട്ടിൽ രാവിലെ എറണാകുളത്തേക്ക് അത്തരം സർവീസില്ല. കറുകുറ്റി അപകടത്തെ തുടർന്നു വ്യാപകമായ അറ്റകുറ്റപ്പണി നടക്കുന്നതും ട്രെയിനുകളുടെ വൈകിയോട്ടത്തിനു കാരണമാകുന്നുവെന്നാണ് അധികൃതരുടെ വാദം.

അറ്റകുറ്റപ്പണി ഇല്ലാത്ത ദിവസങ്ങളിൽ ഇവിടെ എല്ലാം കൃത്യമാണോയെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. മഞ്ഞുമൂലം കഴിഞ്ഞ ഒരുമാസമായി ഡൽഹിയിൽനിന്നുള്ള ട്രെയിനുകൾ സമയം പാലിക്കാത്തതും മറ്റു ട്രെയിനുകളെ ബാധിക്കുന്നുണ്ട്. ട്രെയിനുകൾ വൈകുന്നതിന്റെ പ്രധാന കാരണങ്ങളായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നതു പക്ഷേ, മറ്റു പല പ്രശ്നങ്ങളുമാണ്.

അശാസ്ത്രീയമായ റേക്ക് ലിങ്ക്

കന്യാകുമാരി മുതൽ നിലമ്പൂർവരെ ഓടുന്ന പാസഞ്ചർ ട്രെയിനുകളുടെ റേക്കുകളെല്ലാം കൂട്ടിക്കെട്ടിയിരിക്കുകയാണ്. നിലമ്പൂർ- എറണാകുളം പാസഞ്ചർ വന്നിട്ടു വേണം രാത്രി 8.35ന് എറണാകുളം – കോട്ടയം പാസഞ്ചറായി പോകാൻ.

നിലമ്പൂരിൽനിന്നു വരുന്ന സർവീസ് വൈകിയാൽ ഈ കോച്ചുകൾ അടങ്ങിയ റേക്ക് ഉപയോഗിച്ചുള്ള കോട്ടയം സർവീസും വൈകും. അതുമായി ബന്ധിപ്പിച്ച മറ്റു സർവീസുകളും വൈകും. മുൻപു സെക്ടർ തിരിച്ചായിരുന്നു സർവീസ്. റേക്കുകളുടെ ഉപയോഗം കൂട്ടാനാണു റേക്ക് ലിങ്ക് പരിഷ്കരിച്ചതെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്.

ചാലക്കുടിയിൽ പണിനടക്കുന്നതിനാൽ ഒരു മാസമായി നിലമ്പൂർ പാസഞ്ചർ വൈകിയാണ് എറണാകുളത്ത് എത്തുന്നത്. രാത്രി 8.35നു പോകേണ്ട കോട്ടയം പാസഞ്ചർ രാത്രി 10.25ന് ആണു സർവീസ് നടത്തുന്നത്. അശാസ്ത്രീയ റേക്ക് ലിങ്ക് പരിഷ്കരിക്കാനും ഉച്ചസമയത്തെ ആളില്ലാ സർവീസുകൾ ഒഴിവാക്കാനും മുൻപ് ആലോചിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.

വകതിരിവില്ലാത്ത ഓപ്പറേറ്റിങ് രീതി

ഇപ്പോൾ ഉള്ളതിന്റെ പകുതിപോലും ഇരട്ടപ്പാത ഇല്ലാതിരുന്ന സമയത്ത് ഇതിലും കൃത്യമായി ഇവിടെ ട്രെയിനുകൾ ഓടിയിരുന്നു. ട്രെയിനുകളുടെ വൈകിയോട്ടം ഓപ്പറേറ്റിങ് വിഭാഗത്തിന്റെ ഗുരുതരവീഴ്ചയാണു തുറന്നുകാട്ടുന്നത്. നേരത്തെ ഓടിയെത്തുന്ന ട്രെയിനുകളെ വഴിയിൽ പിടിച്ചിടുകയും വൈകിയെത്തുന്നവയെ കയറ്റിവിടുകയും ചെയ്യുന്ന തലതിരിഞ്ഞ സമീപനമാണ് ഓപ്പറേറ്റിങ് വിഭാഗം സ്വീകരിച്ചുപോരുന്നത്.

നേരത്തെ എത്തുന്ന ട്രെയിനുകൾ ഇതു കാരണം മണിക്കൂറുകളോളമാണു പല സ്റ്റേഷനുകളിലായി കുരുങ്ങുന്നത്. അതേസമയം, സ്റ്റോപ്പ് കുറവുള്ള ട്രെയിനുകളെ കയറ്റിവിടാതെ വഴിനീളെ നിർത്തുന്ന ട്രെയിനുകൾക്കു പുറകിൽ ഉരുട്ടുന്നതായും പരാതിയുണ്ട്. ഇന്നലെ രാവിലെ ഹൂബ്ലി കൊച്ചുവേളി ട്രെയിനാണു കൊല്ലത്ത് ആദ്യമെത്തിയത്.

തിരുവനന്തപുരത്തേക്കു പോകേണ്ടവർ ഇതിൽക്കയറി. കഴക്കൂട്ടം ആയപ്പോൾ ഈ ട്രെയിൻ പിടിച്ചിട്ട്, വൈകിയെത്തിയ ബെംഗളൂരു -കൊച്ചുവേളി ട്രെയിൻ കയറ്റിവിട്ടു. ഏറെനേരം കഴിഞ്ഞാണു ഹൂബ്ലി ട്രെയിൻ കൊച്ചുവേളിയിലെത്തിയത്. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന രണ്ടു ബസുകളും നഗരത്തിലേക്കു പുറപ്പെട്ടു. വന്നിറങ്ങിയവർ വഴിയാധാരമായി.

കൺട്രോളിങ്ങിന്റെ മഹത്വം

ഒരു ട്രെയിൻ എത്രസമയംകൊണ്ടു നിശ്ചിത കിലോമീറ്റർ ഓടിയെത്തുമെന്ന കാര്യത്തിൽ കൺട്രോളിങ് വിഭാഗത്തിലിരിക്കുന്ന പലർക്കും വലിയ നിശ്ചയമില്ല. മുൻകൂട്ടി ക്രോസിങ് നിശ്ചയിച്ചിരിക്കുന്ന നോമിറ്റേഡ് ക്രോസിങ് സ്റ്റേഷനുകൾ ഡിവിഷനിൽ ആവശ്യത്തിലേറെയുണ്ട്. എന്നാൽ, ട്രെയിൻ എത്ര വൈകിയാലും സാരമില്ല. നിശ്ചയിച്ച സ്റ്റേഷനിലേ ക്രോസിങ് നടത്തൂവെന്ന ചിലരുടെ വാശിയാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിനാലാണു വൈകിയെത്തുന്ന ചെന്നൈ - തിരുവനന്തപുരം മെയിലിനായി രാവിലെ വേണാട് എക്സ്പ്രസ് കോട്ടയത്ത് ഏറെനേരം കാത്തുകിടക്കേണ്ടി വരുന്നത്.

മെയിൽ വൈകി എത്തുന്ന ദിവസങ്ങളിൽ വേണാടിനെ കടത്തിവിട്ടു മെയിലിന് ഏറ്റുമാനൂരിൽ ക്രോസിങ് നൽകാൻ ഇവർ തയാറാകുന്നില്ല. റെയിൽവേയുടെ പുതിയ വാദം ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതുകൊണ്ടാണു വേണാട് വൈകുന്നതെന്നാണ്. എന്നാൽ, ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതു ജനുവരി 20ന് ആണ്. അതിന് ഒരു മാസം മുൻപുതന്നെ വേണാട് സ്ഥിരമായി വൈകുന്നുണ്ട്.

തുടക്കം തന്നെ പാളുമ്പോൾ

തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്സ്പ്രസ് കഴിഞ്ഞ ആറുമാസമായി വൈകിയോടുകയാണ്. ആരും പരാതിപ്പെടാനുമില്ല. റെയിൽവേ ഉദ്യോഗസ്ഥർക്കു കണ്ട ഭാവവുമില്ല. വഞ്ചിനാടിന്റെ അവസ്ഥതന്നെയാണു വൈകിട്ട് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടുന്ന എല്ലാ ട്രെയിനുകൾക്കും. ഒരു ട്രെയിൻപോലും കൃത്യസമയത്തു പുറപ്പെടാറില്ല.

കന്യാകുമാരി-പുനലൂർ പാസഞ്ചർ 4.40, തിരുവനന്തപുരം -ചെന്നൈ സൂപ്പർ 5.15, തിരുവനന്തപുരം -ഗുരുവായൂർ ഇന്റർസിറ്റി 5.30, തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് 5.45 എന്നിങ്ങനെയാണു ട്രെയിനുകൾ പുറപ്പെടേണ്ടത്. എന്നാൽ, സർവീസ് ആരംഭിക്കുന്ന സ്റ്റേഷനിൽനിന്നു സമയത്തു പുറപ്പെടാത്ത ട്രെയിനുകൾ തുടർയാത്രയിൽ എങ്ങനെ കൃത്യസമയം പാലിക്കും.

പുതിയ ട്രെയിൻ തരാതിരിക്കാനുള്ള അടവോ?

രാവിലെ വേണാടിനു മുൻപായി പുതിയ ഒരു ട്രെയിനിനായി കൊടിക്കുന്നിൽ സുരേഷ് എംപി ഏറെനാളായി ശ്രമിക്കുന്നു. റെയിൽവേ ബോർഡ് ട്രെയിൻ അനുവദിച്ചതായി എംപി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിട്ടും ട്രെയിൻ ഓടിയിട്ടില്ല. സമയക്രമം സംബന്ധിച്ച തർക്കത്തെ തുടർന്നാണു ട്രെയിൻ ഓടാത്തത്.

രാവിലെ എറണാകുളത്ത് എത്താൻ വേണാടിനു മുൻപു ട്രെയിനില്ലാത്തതും വേണാടിൽ കാലുകുത്താൻ സ്ഥലമില്ലെന്ന കാരണത്താലുമാണു യാത്രക്കാർ പുതിയ ട്രെയിൻ ചോദിക്കുന്നത്. വേണാടിനു ബദലായാണു പുനലൂർ- പാലക്കാട് ട്രെയിൻ ശുപാർശ ചെയ്തിരിക്കുന്നത്. വേണാടിന്റെ വൈകിയോട്ടം പുതിയ ട്രെയിൻ ഓടിക്കാതിരിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണമുയരുന്നു.

പതിവുയാത്രക്കാരെ വലച്ച് പിടിച്ചിടലും വേഗനിയന്ത്രണവും

കഴിഞ്ഞ വർഷം ഓഗസ്റ്റ് 28നു കറുകുറ്റിയിൽ ട്രെയിൻ അപകടമുണ്ടായതിനുശേഷമാണു ട്രെയിൻ വൈകൽ പതിവായത്. ജോലിക്കാരായ പതിവുയാത്രക്കാരാണ് ഇതുമൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് അഞ്ചുമണിക്കു പുറപ്പെട്ട് എറണാകുളത്ത് 9.50ന് എത്തേണ്ട വേണാട് എക്സ്പ്രസ് കൃത്യസമയം പാലിക്കാതെയായിട്ടു മാസങ്ങളായി.

ഡീസൽ എൻജിൻ ഉപയോഗിച്ച് ഒറ്റപ്പാതയിൽ കൃത്യസമയം പാലിച്ചിരുന്ന ട്രെയിനുകളിലൊന്നായിരുന്നു വേണാട്. ഇലക്ട്രിക് എൻജിനും പാതിയോളം ഭാഗത്ത് ഇരട്ടപ്പാതയും വന്നിട്ടും മണിക്കൂറുകൾ വൈകുകയാണ് ഇപ്പോൾ.
കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയൊരു സംശയം തോന്നിയാൽപോലും പാളം ബലപ്പെടുത്തണമെന്നാണു ജീവനക്കാർ റിപ്പോർട്ട് നൽകുന്നത്.

പാളിച്ചകളുണ്ടായാൽ ചുമതലക്കാരായ ഓഫിസർമാർ നടപടി നേരിടേണ്ടിവരുമെന്ന് ഉന്നത അധികൃതർ വ്യക്തമാക്കിയതോടെയാണിത്. പലയിടത്തും പിടിച്ചിടുന്നതിനു പുറമേ ഒട്ടേറെ സ്ഥലങ്ങളിൽ വേഗനിയന്ത്രണവുമുണ്ട്. ട്രെയിനിന്റെ സമയം നിശ്ചയിക്കുമ്പോൾ പാളത്തിലെ അപ്രതീക്ഷിത തകരാറുകൾക്കും ട്രാഫിക്കിനുമൊക്കെ അധികസമയം നീക്കിവയ്ക്കാറുണ്ട്. എന്നാൽ, ഇതൊന്നും ഇപ്പോൾ പാലിക്കുന്നില്ല.

തോന്നിയപോലെ ട്രെയിനുകൾ പിടിച്ചിടുന്നുവെന്നാണു പരാതി. ഇന്നലെ 11.40നാണ് വേണാട് എറണാകുളത്തെത്തിയത്.
പാതയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ഭാഗങ്ങളിൽപോലും വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്കും മുളന്തുരുത്തിക്കും ഇടയിലുള്ള പുതിയ പാലത്തിൽ മണിക്കൂറിൽ 20 കിലോമീറ്റർ എന്ന വേഗപരിധിയുണ്ട്.

പുതിയ പാലവും പാളവുമായിട്ടും ഈ വേഗപരിധി എന്തിനാണെന്നു വ്യക്തമല്ല. വൈക്കം – കുറുപ്പന്തറ റൂട്ടിലും ചെങ്ങന്നൂർ – തിരുവല്ല റൂട്ടിലും 40 കിലോമീറ്റർ എന്ന പരിധിയുണ്ട്. അങ്കമാലി – ആലുവ ഭാഗത്തു 45 കിലോമീറ്റർ വേഗപരിധി ഏർപ്പെടുത്തിയിട്ടു നാലു മാസമായി. അവിടെ കാര്യമായ ഒരു പണിയും നടക്കുന്നില്ല.

മഴക്കാലത്തിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ തിരക്കിട്ട ജോലികൾ നടക്കുന്നതുമൂലമാണു കോട്ടയം റൂട്ടിൽ ട്രെയിനുകൾ പതിവായി വൈകുന്നതെന്നു തിരുവനന്തപുരം ഡിവിഷൻ റെയിൽവേ അധികൃതർ അറിയിച്ചു. പാളം ബലപ്പെടുത്തുന്നതിനൊപ്പം ഇരട്ടപ്പാത നിർമാണവും നടക്കുന്നുണ്ട്. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഡിആർഎം പ്രകാശ് ഭൂട്ടാനി പറഞ്ഞു.

ചെന്നൈ – മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) ഒരു മാസമായി രണ്ടു മണിക്കൂറോളം വൈകിയാണു മലബാർ മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയും (12082) രണ്ടു മണിക്കൂർ വൈകിയാണു മലബാറിലൂടെ ഓടുന്നത്.