Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത 90% പദ്ധതികളും യുഡിഎഫിന്റേത്’

PK Abdu Rabb

മുൻ വിദ്യാഭ്യാസമന്ത്രി‌ അബ്ദുറബ്ബ് വകുപ്പിനെ വിലയിരുത്തുന്നു:

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ചരിത്രത്തിലില്ലാത്ത വിധം സമാധാനപരമായ അന്തരീക്ഷമായിരുന്നു. അധ്യാപകർക്കോ വിദ്യാർഥികൾക്കോ സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ല. അവരുടെ ആവശ്യങ്ങൾ നേരത്തെ കണ്ടറിഞ്ഞ്, ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായി.

എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലത്തെടുത്ത പല നല്ല തീരുമാനങ്ങളും ഇടതു സർക്കാർ റദ്ദു ചെയ്തു. അത് വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്, അൺഎയ്ഡഡ്, സിബിഎസ്ഇ മേഖലയിലെ സ്കൂളുകൾക്ക് അംഗീകാരം  കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം. ഈ സർക്കാർ അംഗീകാരം കൊടുത്തില്ലെങ്കിൽ അതെല്ലാം പൂട്ടേണ്ടിവരും. കുട്ടികൾ പ്രതിസന്ധിയിലാകും. സർക്കാരുകൾ തുടർച്ചയാണ്. പ്രശ്നങ്ങളുണ്ടെങ്കിൽ തീരുമാനങ്ങൾ റദ്ദാക്കാം. എന്നാൽ, രാഷ്ട്രീയപരമായ കാരണങ്ങളാൽ റദ്ദാക്കുമ്പോൾ പദ്ധതികൾക്കായി ചെലവഴിച്ച കോടികളാണ് നഷ്ടമാകുന്നത്. 

മറ്റു വിഷയങ്ങൾ പരിശോധിച്ചാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തേതിനേക്കാൽ നേരത്തെ തന്നെ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിച്ചിരുന്നു. ആകെ ഒരു തവണ മാത്രമാണു റിസൽട്ടുമായി ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ടായത്. പരീക്ഷാഭവനിലേയും മൂല്യനിർണയ ക്യാംപുകളിലേയും ആളുകളുടെ തകരാർകൊണ്ട് സംഭവിച്ചതായിരുന്നു അത്. മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. പക്ഷേ, മാധ്യമങ്ങൾ അത് ആഘോഷിച്ചതിന്റെ ഭാഗമായി അന്നത് പ്രശ്നമായി. പാഠപുസ്തകങ്ങളും സമയബന്ധിതമായി തന്നെ കൊടുക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചു. ഈ സർക്കാരിന് പുസ്തകങ്ങൾ കൊടുക്കാൻ പാകത്തിൽ, പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കിയ‌ശേഷമാണു യുഡിഎഫ് സർക്കാർ പോയത്. 

മറ്റൊരു കാര്യം യൂണിഫോമിന്റേതാണ്. കേന്ദ്ര സർക്കാർ 400 രൂപയാണ് രണ്ടുജോഡി സ്കൂൾ യൂണിഫോമിനു നൽകുന്നത്. ഇപ്പോൾ ഖാദി-കൈത്തറി വസ്ത്രങ്ങൾ യൂണിഫോമായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇതിനോട് എതിർപ്പില്ല. പക്ഷേ, ഈ വിലയ്ക്ക് ഖാദി വസ്ത്രങ്ങൾ വാങ്ങാൻ കഴിയില്ല. മാത്രമല്ല സാധാരണ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതുപോലെ ഇവ ഉപയോഗിക്കാനും കഴിയില്ല. അധ്യാപകരുമായി ബന്ധപ്പെട്ട കാര്യത്തിൽ ഈ സർക്കാരിന് മെല്ലെപ്പോക്കാണ്. യുഡിഎഫ് സർക്കാർ അധ്യാപക പാക്കേജ് കൊണ്ടുവന്നു. എന്നാൽ, പിന്നീട് നടപടികൾ പുരോഗമിച്ചില്ല. അധ്യാപക സമൂഹം ഇതിൽ അതൃപ്തരാണ്. അധ്യാപകരെ വിശ്വാസത്തിലെടുക്കുകയും അവരെ തൃപ്തരാക്കുകയുംചെയ്യാതെ വിദ്യാഭ്യാസമേഖലമെച്ചപ്പെടുത്താൻ കഴിയില്ല. ഭരണപക്ഷ സംഘടനകൾ വരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന അവസ്ഥയാണിപ്പോൾ. 

പാഠപുസ്തകങ്ങൾ ഭാരംകുറയ്ക്കാൻ രണ്ടുംമൂന്നും ഭാഗങ്ങളായി ഇറക്കാനാണ് ഈ സർക്കാരിന്റെ തീരുമാനം. നല്ലതുതന്നെ. പക്ഷേ, തുടക്കത്തിലെ ആവേശത്തോടെ എല്ലാ വർഷവും അച്ചടി പൂർത്തിയാക്കിയില്ലെങ്കിൽ കുട്ടികൾ വലയും. യുഡിഎഫ് സർക്കാർ ഒന്നു മുതൽ 12 വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്ക്കരിച്ചു. പരാതി ഉണ്ടായില്ല. രണ്ടു യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചു. ഐഐടിക്കായി സ്ഥലം കണ്ടെത്തി. പക്ഷേ, ഈ സർക്കാർ ഒന്നും ചെയ്യുന്നില്ല. കരാർ അടിസ്ഥാനത്തിൽ 18 വർഷമായി ജോലി ചെയ്യുന്നവരെ വരെ പിരിച്ചുവിടുകയാണ്. കാര്യക്ഷമതയില്ലാത്തവരെ മാറ്റുന്നതിൽ പ്രശ്നമില്ല. പക്ഷേ രാഷ്ട്രീയ അടിസ്ഥാനത്തിലാണ് മാറ്റുന്നത്. അതു ഗുണകരമാകില്ല. 

ഉദ്യോഗസ്ഥരുടെ മെെല്ലപ്പോക്കാണ് വലിയപ്രശ്നം. അത് യുഡിഎഫ് ഭരണത്തിലും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നതായി സംശയമുണ്ട്. സ്കൂളുകൾ ഹൈടെക് ആക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു പദ്ധതി. പക്ഷേ, സർക്കാർ പണമല്ല, സ്പോൺസർമാർവഴി പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത് എത്രത്തോളം യാഥാർഥ്യമാകുമെന്നതിനെ സംബന്ധിച്ച് ആശങ്കയുണ്ട്. യുഡിഎഫ് സർക്കാരും ഇത്തരത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നു. സർക്കാരും സ്പോൺസർമാരും 50% തുക വീതം എന്ന നിലയിലായിരുന്നു. പണം കണ്ടെത്താതെ പ്രഖ്യാപിക്കുന്ന ഇത്തരം പദ്ധതികൾ എന്താകുമെന്ന് കണ്ടറിയണം.

പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ അഭിമാനിക്കാവുന്ന ഒന്നും ഇല്ല. എല്ലാം ശരിയാക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും ശരിയാകാത്ത അവസ്ഥ. ശരിയാക്കിയില്ലെന്നുമാത്രമല്ല വിദ്യാർഥികളെയും അധ്യാപകരെയും അസ്വസ്ഥരാക്കി കാര്യങ്ങൾ വഷളാക്കി. ഈ സർക്കാർ ഉദ്ഘാടനം ചെയ്ത 90 ‌ശതമാനം പദ്ധതികളും യുഡിഎഫ് കൊ‌ണ്ടുവന്നതാണ്. അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതല്ലാതെ ഒന്നും ചെയ്യാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല.

Your Rating: