സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ:
∙ എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ പൊതുവായി എങ്ങനെ വിലയിരുത്തുന്നു?
ബദൽനയങ്ങൾക്കു തുടക്കം കുറിക്കാനും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതലസ്പർശിയായി സമഗ്രവികസനപദ്ധതിക്കു തുടക്കം കുറിക്കാനും എൽഡിഎഫ് സർക്കാരിന് ഒരു വർഷം കൊണ്ടുകഴിഞ്ഞു. അഴിമതി, കെടുകാര്യസ്ഥത, ധൂർത്ത് ഇവയില്ലാത്ത ഭരണത്തിനു തുടക്കം കുറിക്കാനായി എന്നതു പ്രകടമായ മാറ്റം. ദുർബല ജനവിഭാഗങ്ങൾക്കും പട്ടികജാതി–വർഗത്തിൽപ്പെട്ടവർക്കും പരമ്പരാഗതമേഖലയിൽ ജോലി ചെയ്യുന്നവർക്കും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഭാവിയെക്കുറിച്ചു പ്രതീക്ഷ നൽകാൻ ഇതിനകം സർക്കാരിനു സാധിച്ചു.
വായ്പയെടുത്തു പഠിക്കുന്ന വിദ്യാർഥികളുടെ ആ ഭാരം ലഘൂകരിക്കാനായി പ്രഖ്യാപിച്ച പദ്ധതി അവർക്ക് ആത്മവിശ്വസം പകരുന്നതാണ്. സാമൂഹ്യസുരക്ഷാപെൻഷനുകൾ വർധിപ്പിക്കുകയും അതു വീടുകളിലെത്തുകയും ചെയ്തത് ദുർബലവിഭാഗങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു.എൻഡോസൾഫാൻ ഇരകൾക്കു പ്രത്യാശ പകരുന്ന നടപടികളുണ്ടായി. ക്രമസമാധാനരംഗത്ത് സ്ത്രീസുരക്ഷക്കു വർധിച്ച പ്രാധാന്യം നൽകിയുള്ള നടപടികളാരംഭിച്ചു.
അടിസ്ഥാനസൗകര്യവികസനത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതും അതിനെല്ലാം പണം കണ്ടെത്താൻ കഴിയും എന്ന ആത്മവിശ്വാസം പ്രകടമാക്കിയതും സർക്കാരിന്റെ നേട്ടമാണ്. ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയിലുള്ളവരോടുള്ള ഈ സർക്കാരിന്റെ കരുതലാണ് ഭിന്നശേഷിക്കാർക്കായി പ്രഖ്യാപിച്ച നടപടികൾ. മലയാളഭാഷ സ്കൂളുകളിൽ നിർബന്ധമാക്കിയുള്ള നിയമം ഇച്ഛാശക്തിയുടെ തെളിവും.
∙ എൽഡിഎഫ് വന്നപ്പോൾ എല്ലാം ശരിയായോ?
എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്നതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. ശരികളുടെ ഒരു തുടക്കം കുറിക്കാൻ ഈ ഒരു വർഷം കൊണ്ടുസാധിച്ചു. കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിലെ വിലയിരുത്തലിൽ ഈ ലക്ഷ്യം കൈവരിച്ചത് എല്ലാവർക്കും വ്യക്തമാകും.