Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ സമയവും താല്‍പ്പര്യവുമുള്ള സർക്കാർ’

pinarayi-Vijayan

ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ:

∙ ഇടതു സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ വകുപ്പിന്റെ അല്ലെങ്കില്‍ വകുപ്പുകളുടെ അവസ്ഥ എങ്ങനെയായിരുന്നു?

എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം കുത്തഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം എന്തൊക്കെയാണ് നടന്നതെന്നതിന് മാധ്യമങ്ങള്‍ സാക്ഷികളാണ്. ഹൈക്കോടതിയില്‍ വന്ന കേസുകളും കോടതിയുടെ വിധികളും അക്കാര്യം സ്ഥിരീകരിക്കും. അന്നത്തെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ഓരോന്നും എടുത്തു പറയേണ്ടതില്ല. സോളാര്‍, ഭൂമിദാന അഴിമതികള്‍ മാധ്യമങ്ങള്‍ തന്നെയാണ് പുറത്തുകൊണ്ടുവന്നത്. ഒരു വകുപ്പും അഴിമതിയില്‍ നിന്ന് മുക്തമായിരുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമോ താല്‍പ്പര്യമോ ഇല്ലായിരുന്നു. പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ മാസങ്ങളോളം കുടിശ്ശികയായി. വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷത്തിന്റെ അവസാനം പോലും പാഠപുസ്തകങ്ങള്‍ നല്‍കിയിരുന്നില്ല. കുട്ടികള്‍ പുസ്തകത്തിന്റെ ഫോട്ടോ കോപ്പി എടുത്തുപഠിക്കേണ്ട ഗതികേട് മാധ്യമങ്ങള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ പുതുതായി ഒരു വ്യവസായവും വന്നില്ല. പൊതുമേഖല വ്യവസായങ്ങള്‍ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 

സ്മാര്‍ട്‌സിറ്റിയില്‍ ഒരു പ്രധാന ഐടി കമ്പനിയെപ്പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും എങ്ങനെയാണ് ഉദ്ഘാടനം ചെയ്തതതെന്ന് പറയേണ്ടതില്ലല്ലോ! ആ രണ്ടു പദ്ധതികളും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്.ക്രമസമാധാനവും വഷളായിരുന്നു. വര്‍ഗീയ ശക്തികളും ഗുണ്ടാ സംഘങ്ങളും സ്വൈര്യവിഹാരം നടത്തുന്ന സ്ഥിതി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലുമുണ്ടായി. ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന് പകരം മൂന്നാംമുറ പൊതുരീതിയായി മാറി. കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിന്റെ അന്വേഷണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് അന്ന് പൊലീസ് വരുത്തിയത്. ഭരണസംവിധാനം തകര്‍ന്നതിന്റെ ഫലമാണ് കൊല്ലം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം. വെടിക്കെട്ടിന് ജില്ലാ മജിസ്‌ട്രേട്ട് അനുമതി നിഷേധിച്ച് പൊലീസിനെ അറിയിച്ചു. നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ പൊലീസ് അധികാരികള്‍ വെടിക്കെട്ട് നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തു. നൂറിലേറെ പേരാണ് അവിടെ വെന്തുമരിച്ചത്. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാരും പൊലീസും നിയമം അനുസരിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

∙ വകുപ്പിന്റെ അല്ലെങ്കില്‍ വകുപ്പുകളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിഞ്ഞു?

നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണം എന്നത് ഉറപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അഴിമതിക്കെതിരെ കര്‍ശന നിലപാട് എടുത്തു. വിജിലന്‍സിനെ സ്വതന്ത്രമാക്കി. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും വിജിലന്‍സിന് മേല്‍ ഇല്ല. വിജിലന്‍സ് എങ്ങനെയാണ് മുൻപ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മാധ്യമങ്ങള്‍ തന്നെ അക്കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഹൈക്കോടതി എത്ര തവണയാണ് വിജിലന്‍സിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചത്? കോടതിയുടെ നിര്‍ദേശങ്ങളോ ഉത്തരവുകളോ പോലും അന്നത്തെ സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നില്ല.

ജനങ്ങള്‍ക്കു മുൻപില്‍ പ്രകടനപത്രിക വെച്ചാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിക്കഴിഞ്ഞു. പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി വിതരണം ചെയ്തു. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ധിപ്പിച്ചു. വ്യവസായങ്ങള്‍ ലാഭത്തിലേക്ക് വരുന്നു. കേരളത്തില്‍ പൊതുവെ സമാധാന അന്തരീക്ഷമുണ്ട്. ക്രമസാമാധനനില ഏറെ മെച്ചപ്പെട്ടു. കേസ് അന്വേഷണം ശാസ്ത്രീയമാക്കി. മൂന്നാം മുറ അവസാനിപ്പിച്ചു. മൂന്നാം മുറ പ്രയോഗിക്കുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ഇങ്ങനെ എല്ലാ രംഗത്തും മാറ്റം ദൃശ്യമാണ്. 

∙ ഇനി എന്തെല്ലാം പദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്?

അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അടിസ്ഥാന സൗകര്യം വികസിച്ചാലേ വ്യവസായങ്ങള്‍ വരൂ. ടൂറിസം മെച്ചപ്പെടമെങ്കിലും അടിസ്ഥാന സൗകര്യം വേണം. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പും മറ്റു നടപടികളും വേഗത്തില്‍ നീങ്ങുകയാണ്. നാട്ടുകാര്‍ പൊതുവെ സഹകരിക്കുന്നുണ്ട്. കാരണം, സര്‍ക്കാരിനെ അവര്‍ വിശ്വസിക്കുന്നു. സര്‍ക്കാരാകട്ടെ ഭൂമിയോ കടയോ നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുത്താണ് നീങ്ങുന്നത്. മതിയായ നഷ്ടപരിഹാരം നല്‍കി മാത്രമേ ഭൂമി ഏറ്റെടുക്കൂ. ആരെയും വഴിയാധാരമാക്കില്ല. 

മുടങ്ങിക്കിടന്ന ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണ്. സര്‍ക്കാര്‍ ഇടപെടല്‍ വലിയ ഫലം ചെയ്തു. വളരെ വേഗത്തിലാണ് ഇപ്പോള്‍ പൈപ്പിടല്‍ പുരോഗമിക്കുന്നത്. 503 കിലോമീറ്ററാണ് പൈപ്പിടേണ്ടത്. അതില്‍ 50 കിലോമീറ്റര്‍ സ്ഥലത്തെ സ്ഥലമെടുപ്പ് മാത്രമേ ബാക്കിയുള്ളു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 2018-ല്‍ പദ്ധതി പൂര്‍ത്തിയാകും. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം രാജ്യാന്തര തുറമുഖം, തീരദേശ പാത തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യത്തിലും സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കാണാവുന്നതാണ്. ഐടിയില്‍ അഞ്ചുവര്‍ഷം കൊണ്ട് ഒരു ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യം കൂടുതല്‍ ഒരുക്കാനാണ് പദ്ധതി. ഈ സര്‍ക്കാര്‍ വന്ന ശേഷം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐടി പാര്‍ക്കുകളിലായി 17 ലക്ഷം ചതുരശ്ര അടി സ്ഥലം കൂടുതലായി ഉണ്ടാക്കി. കോഴിക്കോട് ഐടി പാര്‍ക്ക് മേയ് 29ന് ഉദ്ഘാടനം ചെയ്യും. സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ കരാര്‍ പ്രകാരമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുണ്ട്. 2021 ആകുമ്പോള്‍ 66 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് സ്ഥലം അവിടെ പൂര്‍ത്തിയാകും.

∙ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്?

സെക്രട്ടേറിയറ്റില്‍ എല്ലാ വകുപ്പുകളിലും ഫയല്‍ നീക്കം പൂര്‍ണമായും 'ഇലക്‌ട്രോണിക് ഓഫിസ്’ വഴിയാക്കിട്ടുണ്ട്. ഇ-ഓഫിസ് നടപ്പാക്കിയതിന്റെ പ്രയോജനം അടുത്ത മൂന്നുമാസം കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് കിട്ടും. ഓരോരുത്തര്‍ക്കും ഫയല്‍ നമ്പര്‍ ഉപയോഗിച്ച് എവിടെ നിന്നും അതിന്റെ സ്ഥിതി അറിയാന്‍ കഴിയും. ഈ വര്‍ഷം തന്നെ ജില്ലാ കലക്ടറേറ്റുകളിലേക്കും ഇ-ഫയലിങ് വ്യാപിപ്പിക്കുകയാണ്. വകുപ്പ് അധ്യക്ഷന്മാരുടെ ഓഫിസുകളിലും ഈ വര്‍ഷം തന്നെ അത് നടപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും ഇലക്‌ട്രോണിക് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നത്. ജൂണ്‍ ആകുമ്പോഴേക്കും ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളിന്മേല്‍ 48 മണിക്കൂറിനകം തീരുമാനമെടുക്കാന്‍ കഴിയും.

related stories
Your Rating: