ന്യൂഡൽഹി∙ ‘ഞങ്ങളുടെ ഉത്തരവുകൾ ആരും ശ്രദ്ധിക്കുന്നില്ല’– രാജ്യത്തെ പൊലീസ് സേനയുടെ നവീകരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥർക്കു നിശ്ചിത സേവനകാലാവധി അടക്കം പൊലീസ് സേനയിൽ സമഗ്രമായ മാറ്റങ്ങളും പരിഷ്കാരങ്ങളും നടപ്പാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു നിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, എസ്.കെ.കൗൾ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു അഭിഭാഷകനും ബിജെപിയുടെ ഡൽഹി വക്താവുമായ അശ്വനികുമാർ ഉപാധ്യായ കോടതിയോട് ആവശ്യപ്പെട്ടത്. നേരത്തേ പൊലീസ് നവീകരണവുമായി ബന്ധപ്പെട്ട മറ്റൊരു പൊതുതാൽപര്യ ഹർജിയിൽ കക്ഷിചേരാൻ ഉപാധ്യായയെ കോടതി അനുവദിച്ചിരുന്നു.