Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഘോരവനത്തിൽ പടയൊരുക്കം; ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് 5000 ജവാന്മാർ, ഇസ്രയേൽ നിർമിത ഡ്രോൺ

israel-maoist-jawan-naxal-hunt

ഭോപ്പാൽ∙ ഛത്തീസ്‌ഗഡിൽ തെക്കൻ ബസ്തറിലെ സുക്മയിൽ ഘോരവനത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്കു വൻ പടയിറങ്ങുന്നു. സിആർപിഎഫും പൊലീസും നടത്തുന്ന നീക്കത്തിനായി,  പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണു കാടിനുള്ളിലേക്കു കയറുന്നത്. മാവോയിസ്റ്റ് അക്രമങ്ങളുടെ സിരാകേന്ദ്രങ്ങളായ സുക്മ, ബുർകപാൽ എന്നിവ കേന്ദ്രീകരിച്ചായിരിക്കും നീക്കം. 

∙ വൻ സന്നാഹം

യുഎവി

ആളില്ലാവിമാനങ്ങൾ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ). കാടിനുള്ളിൽ പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്താൻ.

റഡാർ ഡ്രോൺ

മരക്കൂട്ടങ്ങളുടെ മറവിലുള്ളവരെയും കണ്ടെത്താൻ കഴിയുന്ന ഇസ്രയേൽ നിർമിത ആളില്ലാ വിമാനം. ഇവ ആദ്യമായാണ് ഉപയോഗിക്കുന്നത്.

‘ഞങ്ങൾ പ്രതികാരം ചെയ്തു’

ബുർകപാലിൽ കഴിഞ്ഞ തിങ്കളാഴ്ച 25 സിആർപിഎഫ് ജവാന്മാരെ വധിച്ചത്, കഴിഞ്ഞ വർഷം മൽകൻഗിരി ജില്ലയിൽ 24 മാവോയിസ്റ്റുകളെ കൊന്നതിനുള്ള പ്രതികാരമെന്നു മാവോയിസ്റ്റുകളുടെ ശബ്ദരേഖ. 

ദണ്ഡകാരണ്യ

സുക്മ ജില്ലയിലെ ഇടതൂർന്ന വനം ദണ്ഡകാരണ്യ എന്ന ഘോരവനത്തിന്റെ ഭാഗം. ഇവിടെ  മാവോയിസ്റ്റുകളുടെ ‘അധീനപ്രദേശം’. രാമായണത്തിലെ വനവാസഭാഗത്തു പരാമർശിക്കുന്ന സ്ഥലമാണു ദണ്ഡകാരണ്യ. കുന്നുകളും വെള്ളച്ചാട്ടങ്ങളുമായി പ്രകൃതിരമണീയം. സുക്മയിലൂടെ ഒഴുകുന്ന നദിയാണു ശബരി. 

കാട് ‘കത്തുന്നു’

മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്കു ഭീഷണിയായി കാലാവസ്ഥ. കൊടുംചൂടിൽ മുന്നോട്ടുനീങ്ങാൻ വളരെ പ്രയാസം.  കഴിഞ്ഞദിവസം അഞ്ചു ജവാന്മാരുമായി പോയ ഹെലികോപ്റ്റർ ചിന്താഗുഫ മേഖലയിൽ ഇറങ്ങാനൊരുങ്ങുമ്പോൾ തീപിടിച്ചിരുന്നു. ജവാന്മാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. 

7 വർഷം; 250 വീരമൃത്യു

ഛത്തീസ്‌ഗഡിൽ മാത്രം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 250 അർധസൈനികരും പൊലീസുകാരും. 2010. ഏപ്രിൽ ആറിനു ദന്തേവാഡയിലെ മുക്രാനയിൽ 76 സിആർപിഎഫുകാരെ വധിച്ചതാണ് ഏറ്റവും വലിയ ആക്രമണം.