Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം ചവിട്ടി നടക്കുമ്പോൾ...

bunkar ഷെല്ലാക്രമണത്തിൽ നിന്നു രക്ഷനേടാൻ ആർഎസ് പുരയിലെ അതിർത്തിയിലുള്ള ബങ്കർ.

ബസ്മതി അരിക്കു പേരുകേട്ടതാണ് ഇന്ത്യ – പാക്ക് അതിർത്തിയിൽ ആർഎസ് പുരയിലുള്ള അബ്ദുലിയനിലെ പാടങ്ങൾ. കണ്ണെത്താദൂരം ലക്ഷണമൊത്ത പാടങ്ങൾ നിറഞ്ഞ അബ്ദുലിയനിലൂടെ നടക്കുമ്പോൾ പക്ഷേ, സൂക്ഷിക്കണം. കാരണം, ഓരോ ചുവടിനു താഴെയും മരണമുണ്ട്; പുറമെ ശാന്തമെന്നു തോന്നിക്കുന്ന അബ്ദുലിയനിലെ വിളഞ്ഞ മണ്ണിനു താഴെ ശത്രുരാജ്യം വിതച്ച കുഴിബോംബുകൾ ഏറെ.

2010 മേയ് മാസത്തിലെ പകൽ സുഭാഷ് ചന്ദ് ഇന്നും മറക്കില്ല. പാടത്ത് വിളവെടുക്കാൻ പോയതായിരുന്നു സുഭാഷ്. കൊയ്ത്തിനിടയിൽ ഇടംകാൽ പതിച്ചത് കുഴിബോംബിനു മേൽ. കാലിനു താഴെ ബോംബ് ആണെന്നു ഞൊടിയിടയിൽ മനസ്സിലായി. പക്ഷേ, അപ്പോഴേക്കും അതു സംഭവിച്ചു, ഇടംകാൽ ചിന്നിച്ചിതറി. ഒപ്പമുണ്ടായിരുന്നവർക്കും ഗുരുതരമായി പരുക്കേറ്റു. ‘‘പാടങ്ങളിൽ ബോംബുണ്ടെന്നു ഞങ്ങൾക്കറിയാം. പക്ഷേ, ജീവിതം മുന്നോട്ടുപോകണമെങ്കിൽ പാടത്ത് ഇറങ്ങിയേ പറ്റൂ’’ – നിറകണ്ണുകളോടെ സുഭാഷ് പറയുന്നു. 

subhash-chand സ്ഫോടനത്തിൽ കാൽ നഷ്ടപ്പെട്ട സുഭാഷ് ചന്ദ്.

നിൽക്കരുത്, നീങ്ങിക്കൊണ്ടേയിരിക്കുക

സേനയുടെ കണ്ണുവെട്ടിച്ച് ഗ്രാമങ്ങളിലേക്കു നുഴഞ്ഞുകയറുന്ന തീവ്രവാദികളാണു ബോംബുകൾ കുഴിച്ചിടുന്നത്. സേനയുടെ ശ്രദ്ധതിരിക്കാൻ പാക്കിസ്ഥാനിൽനിന്നുണ്ടാകുന്ന കനത്ത ഷെല്ലിങ്ങിന്റെ മറവിൽ ഇന്ത്യയിലേക്കു കടക്കുന്ന തീവ്രവാദികൾ പലയിടത്തായി ബോംബുകൾ കുഴിച്ചിടുന്നു. അബ്ദുലിയനിൽ നിൽക്കുമ്പോൾ ഗ്രാമവാസിയായ ബിക്കു സിങ് പറഞ്ഞു – ‘‘എപ്പോഴും നീങ്ങിക്കൊണ്ടിരിക്കുക. അപ്പുറമുള്ള പോസ്റ്റുകളിൽനിന്ന് ശത്രുസേനയ്ക്കു നമ്മെ കാണാം. അവർ തോക്കിൻമുന ലക്ഷ്യമിടും മുൻപ് സ്ഥാനം മാറിക്കൊണ്ടിരിക്കണം. ചില ദിവസങ്ങളിൽ രാത്രി വീടിനുള്ളിൽ ഒരു മെഴുകുതിരി പോലും കത്തിക്കാനാവില്ല. അതിന്റെ വെളിച്ചത്തിൽ അവർ ഉന്നം പിടിക്കും. അടുത്ത നിമിഷം തലയ്ക്കു വെടിയേൽക്കും.’’

വീടിനു പുറത്തിറങ്ങിയാൽ ഗ്രാമവാസികൾ തിരക്കുപിടിച്ചു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു സ്ഥലത്ത് അധികനേരം നിൽക്കില്ല. നിശ്ചലമായി നിൽക്കുന്ന ഓരോ നിമിഷത്തിനും ജീവന്റെ വിലയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ വെടിയേറ്റു വീണത് നാലു പേർ. ‘‘പാക്കിസ്ഥാൻ ഭാഗത്തെ പാടങ്ങളിലെ കൊയ്ത്ത് അൽപം നേരത്തേയാണ്. കൊയ്ത്തു കഴിഞ്ഞാലുടൻ കനത്ത ഷെല്ലാക്രമണം പതിവാണ്. നമ്മുടെ കൃഷി നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ദീപാവലി പോലുള്ള ഉൽസവദിവസങ്ങളിലും രാവിലെ മുതൽ വീടുകളിലേക്ക് ഷെല്ലുകൾ എത്തും. നമ്മുടെ സന്തോഷം ഇല്ലാതാക്കുകയാണു ലക്ഷ്യം. കൈകാലുകൾ നഷ്ടപ്പെട്ടു കിടപ്പിലായ ഒരുപിടി ഗ്രാമീണരുടെ കണ്ണീരു വീണ ഇടമാണ് ഇവിടം’’ – ഷെല്ലാക്രമണത്തിൽ തകർന്ന തന്റെ വീട് ചൂണ്ടിക്കാട്ടി ബിക്കു പറഞ്ഞു. 

shell ന്ത്യൻ അതിർത്തി ഗ്രാമത്തിൽ പൊട്ടാതെ കിടക്കുന്ന പാക്ക് ഷെൽ

ശത്രുവിനെ പേടിച്ചു ഭൂമിക്കടിയിലേക്ക്

ആർഎസ് പുരയിലെ അതിർത്തി പ്രദേശമായ ജേവ്‍ഡ ഫാമിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. ഭൂമിക്കടിയിലേക്കു നിർമിച്ച കെട്ടിടങ്ങൾ. ഷെല്ലാക്രമണത്തിൽനിന്നു രക്ഷപ്പെടാൻ സൈന്യം നിർമിച്ചു നൽകിയ ബങ്കറുകളാണവ. യുദ്ധനാളുകളിൽ ഏറ്റവുമധികം ആക്രമണം നേരിടുന്ന പ്രദേശമാണിവിടം. ജനങ്ങളുടെ വീടുകൾക്കിടയിലായി രണ്ടു ബങ്കറുകളാണ് ഇവിടെയുള്ളത്. ബങ്കറുകൾക്കു മുകളിൽ കനത്തിൽ മണ്ണിട്ടിരിക്കുന്നു. ഷെല്ലാക്രമണത്തിന്റെ പ്രഹരം താഴേക്കെത്താതിരിക്കാൻ വേണ്ടിയാണിത്.

താഴേക്കുള്ള 20 പടികളിറങ്ങിച്ചെന്നാൽ എത്തുന്നത് രണ്ടു മുറികളിലേക്ക്. എസിയും ഫാനും ലൈറ്റും ഉൾപ്പെടെ സൗകര്യങ്ങൾ. ബങ്കറിനോടു ചേർന്ന് ശുചിമുറിയും. 40 പേർക്ക് ഒരേ സമയം ഇതിനുള്ളിൽ കഴിയാം. 3000 പേരുള്ള ഗ്രാമത്തിൽ രണ്ടു ബങ്കറുകൾ പക്ഷേ അപര്യാപ്തം. ഷെല്ലാക്രമണ സമയത്ത് സ്ത്രീകളെയും കുട്ടികളെയും ഇവിടേക്കു മാറ്റും. പുരുഷൻമാർ പുറത്തു കഴിയും.

തന്റെ കുടുംബത്തിനു രണ്ടാഴ്ച തുടർച്ചയായി ഇതിനുള്ളിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നു ഗ്രാമവാസിയായ ലിയാഖത്ത് അലി പറഞ്ഞു. ഏതാനും മാസം മുൻപ് അതിർത്തിക്കപ്പുറത്തുനിന്ന് കനത്ത ഷെല്ലിങ് ഉണ്ടായപ്പോഴായിരുന്നു അത്. പാക്ക് പോസ്റ്റുകളിൽനിന്നു നോക്കിയാൽ ബങ്കറുകൾ കാണാം. അവർ അതിലേക്കു തന്നെ ലക്ഷ്യമിട്ടു ദിവസങ്ങളോളം ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. ഓരോ തവണ ഷെൽ വീഴുമ്പോഴും ഭൂഗർഭ നിലയിൽ അനുഭവപ്പെടുന്ന പ്രകമ്പനം നെഞ്ചുപിടയ്ക്കുന്നതാണ്. ഇവിടെ ജീവിക്കുമ്പോൾ ഞങ്ങളുടെ ഒരു കണ്ണ് എപ്പോഴും ആകാശത്തേക്കാണ്; ശത്രുവിന്റെ ഷെലില്ലേക്കു കണ്ണുനട്ട്. നമ്മെ ലക്ഷ്യമിട്ടുള്ള ഷെല്ലിൽ നിന്ന് ഓടിയൊളിക്കാനൊന്നും സമയം കിട്ടില്ല. അതിനു മുൻപ് അവ നമ്മെ ചാമ്പലാക്കിയിരിക്കും. ഷെൽ വീണുകഴിഞ്ഞാൽ മുന്നോട്ടുള്ള വഴി കാണാനാവാത്ത വിധം പൊടിപടലങ്ങൾ ഉയരും. ബങ്കറിലേക്കുള്ള വഴി ഞങ്ങൾക്കു മനഃപാഠമാണ്. കണ്ണടച്ചുകൊണ്ട് ഇവിടേക്ക് ഓടാൻ കുട്ടികൾക്കു പരിശീലനം നൽകിയിട്ടുണ്ട്. ഇവിടത്തെ കുട്ടികൾ നടക്കുന്നതിനു മുൻപേ ഓടാൻ പഠിക്കും, ജീവനു വേണ്ടിയുള്ള നെട്ടോട്ടം ഞങ്ങളുടെ രക്തത്തിലുണ്ട്! – ചിരിയിൽ പൊതിഞ്ഞതെങ്കിലും ലിയാഖത്തിന്റെ വാക്കുകളിൽ പരിഭ്രാന്തി. 

തലയ്ക്കു നേരെ ഉന്നമിട്ട ഷെല്ലുകളെ തോൽപിക്കാനുള്ള ഓട്ടമാണ് ഈ നാട്ടുകാർക്കു ജീവിതം! 

സർവസജ്ജമായി സൈന്യം, കത്തിപ്പടർന്ന് തീവ്രവാദം

അതിർത്തിയിലുടനീളം മൂന്നുനില പൊക്കത്തിൽ ഇന്ത്യൻ നിരീക്ഷണ പോസ്റ്റുകൾ കാണാം. അവിടെ ശത്രുനീക്കങ്ങൾ നിരന്തരം വീക്ഷിച്ചു സേനാംഗങ്ങൾ. സംശയാസ്പദമായി എന്തു കണ്ടാലും വിവരം ഉടൻ താഴെ ക്യാംപിലേക്കു കൈമാറുന്നു. ആക്രമണം തുടങ്ങിയാലുടൻ നിരീക്ഷണ പോസ്റ്റ് ഉപേക്ഷിച്ച് സേനാംഗം താഴെയിറങ്ങും. അതിർത്തിയിൽ ഇന്ത്യ കെട്ടിയ മുള്ളുവേലിയിലെ കൗതുക കാഴ്ചയാണ് അവയിൽ വച്ചിട്ടുള്ള ബീയർ കുപ്പികൾ. രണ്ടു കുപ്പികൾ ഒന്നിച്ചാണു വയ്ക്കുന്നത്. ആദ്യ അപായ സന്ദേശം നൽകുന്നവയാണ് ഇവ. വേലി തകർക്കാൻ എവിടെയെങ്കിലും ശ്രമം നടന്നാൽ, കുപ്പികൾ താഴെവീണു ശബ്ദമുണ്ടാകുന്നു. തൊട്ടടുത്ത നിമിഷം സേനാംഗം തോക്കെടുത്തു ശത്രുവിനു നേരെ ലക്ഷ്യംപിടിക്കും.

നിയന്ത്രണ രേഖയിൽ സൈന്യവും, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒൗദ്യോഗിക രാജ്യാന്തര അതിർത്തിയിൽ ബിഎസ്എഫുമാണു കാവൽ. പൂഞ്ച്, നൗഷേര, അഖ്നൂർ എന്നിവയുൾപ്പെടുന്ന നിയന്ത്രണ രേഖയിൽ സമീപകാലത്തായി സ്ഥിതി യുദ്ധസമാനമാണ്. ‘‘ഏതു സാഹചര്യവും നേരിടാൻ നാം തയാറാണ്. ശത്രുവിന്റെ നീക്കങ്ങൾ തകർക്കാനുള്ള കെൽപ് നമുക്കുണ്ട്. ആൾബലത്തിലും സൈനിക ശേഷിയിലും നാം മുന്നിലാണ്’’ – ഉധംപുർ വടക്കൻ സേനാ കമാൻഡ് പിആർഒ: കേണൽ എൻ.എൻ. ജോഷി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഏതാനും ദിവസങ്ങളായി നിയന്ത്രണ രേഖയിലൂടെ രാജ്യത്തേക്കു കടക്കാൻ ശ്രമിക്കുന്ന തീവ്രവാദികളും സൈന്യവും തമ്മിൽ കടുത്ത പോരാട്ടം തുടരുകയാണ്.

കശ്മീരികൾക്കിടയിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾക്ക് വർധിച്ചുവരുന്ന പിന്തുണ സൈന്യത്തിനു തലവേദനയാണ്. ഹിസ്ബുൽ കമാൻഡറായിരുന്ന ബുർഹാൻ വാനിയെ വധിച്ചതിനു പിന്നാലെ, ദക്ഷിണ കശ്മീരിലുടനീളം സൈന്യത്തിനെതിരെ പ്രതിഷേധം ആളിപ്പടർന്നിരുന്നു. ഇന്നലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ ബുർഹാന്റെ പിൻഗാമി സബ്സർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയതോടെ, വരുംദിവസങ്ങളിൽ കശ്മീർ താഴ്‌വാരം പ്രാദേശിക പ്രതിഷേധത്തിനു വേദിയാകും. അശാന്തിയുടെ നാളുകൾ കശ്മീരിനെ ഉറ്റുനോക്കുന്നു. 

നാളെ: ദക്ഷിണ കശ്മീരിലെ ഹിസ്ബുൽ മുജാഹിദീൻ കോട്ടയിലേക്ക്.