മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജബിൻ ഷെയ്ഖ് കഴിഞ്ഞ വർഷം മുംബൈയിലെ കുടുംബവീട് സന്ദർശിച്ചിരുന്നതായി ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്കറിന്റെ വെളിപ്പെടുത്തൽ. പൊലീസ് പിടിയിലുള്ള കസ്കർ കഴിഞ്ഞ ദിവസം ദാവൂദിന്റെ കറാച്ചിയിലെ നാലു വീടുകളുടെ വിലാസങ്ങൾ കൈമാറിയിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് രഹസ്യസന്ദർശനം സംബന്ധിച്ച വെളിപ്പെടുത്തൽ.
പൊലീസിനു നൽകിയ മൊഴി സത്യമാണെങ്കിൽ, ദാവൂദിനെ വിട്ടുകിട്ടാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണു വെട്ടിച്ച് ഭാര്യ മുംബൈയിൽ വന്നുപോയതു രാജ്യത്തിനു വലിയ നാണക്കേടാണ്. അതേസമയം മൊഴി പൂർണമായി വിശ്വസിക്കുന്നില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സുബീന സെറിൻ എന്നും പേരുള്ള മെഹജബിൻ ഷെയ്ഖ് പിതാവ് സലിം കശ്മീരിയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു മടങ്ങിയെന്നു കസ്കർ പറയുന്നു. ദാവൂദിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മൊഴി നൽകിയിട്ടുണ്ട്. ഫോൺ ചോർത്തൽ ഭയന്ന് മൂന്നു വർഷമായി തന്നോടും മുംബൈയിലെ കുടുംബാംഗങ്ങളോടും ദാവൂദ് സംസാരിച്ചിട്ടില്ലെന്നും പറയുന്നു.