Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവോയിസ്റ്റ് സ്ഫോടനം; സിഐഎസ്എഫ് ഭടന്മാരുടെ ബസ് തകർന്ന് 5 മരണം

Dantewada IED blast triggered by the Maoist rebels ബാക്കിയായത്: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ തകർന്ന ബസിന്റെ അവശിഷ്ടങ്ങൾ. ചിത്രം: പിടിഐ

റായ്പുർ∙ തിങ്കളാഴ്ച വോട്ടെടുപ്പു നടക്കുന്ന ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ സ്ഫോടനത്തിൽ ബസ് തകർത്ത് മാവോയിസ്റ്റുകൾ സിഐഎസ്എഫ് ജവാൻ ഉൾപ്പെടെ 5 പേരെ വധിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രചാരണത്തിനെത്തുന്ന ജഗ്ദാൽപുരിൽനിന്നു 100 കിലോമീറ്റർ അകലെയാണു സംഭവം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും നാളെയും ഈ മേഖലയിലുണ്ട്. 

തിരഞ്ഞെടുപ്പു ജോലിക്ക് കൊൽക്കത്തയിൽ നിന്നെത്തിയ സിഐഎസ്എഫ് സംഘം, ക്യാംപിലേക്കുള്ള സാധനങ്ങൾ വാങ്ങി ബസിൽ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കുന്നിൻപ്രദേശത്തു കൂടിയുള്ള യാത്രയ്ക്കിടെ സ്ഫോടകവസ്തു ഉപയോഗിച്ച് ബസ് തകർക്കുകയായിരുന്നു. ഡ്രൈവർ, 2 ജീവനക്കാർ, യാത്രക്കാരനായ ട്രക്ക് ഡ്രൈവർ എന്നിവരും മരിച്ചു. 2 സിഐഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റു. 

ഛത്തീസ്ഗഡിൽ 15 ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം 27നും 30നുമായി 4 സിആർപിഎഫ് ജവാന്മാരും 3 പൊലീസുകാരും ദൂരദർശന്റെ ക്യാമറാമാനും കൊല്ലപ്പെട്ടിരുന്നു. 

തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണു മാവോയിസ്റ്റുകളുടെ ലക്ഷ്യം. വോട്ട് ചെയ്യുന്നതിനെതിരെ ജനങ്ങൾക്കു ഭീഷണിയുമുണ്ട്. ദന്തേവാഡ മേഖലയിൽ 2013 ൽ 62 % പോളിങ് നടന്നിരുന്നു. ആരും വോട്ട് ചെയ്യാത്ത 53 ബൂത്തുകളും ഇവിടെയുണ്ട്. 

related stories