Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച് വിട്ടയച്ച ഉടൻ സുനിൽ ആസൂത്രകനെ ഫോണിൽ വിളിച്ചു

pulsar-suni

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴികളിലും സംഭവത്തിന്റെ ആസൂത്രകനെ കുറിച്ചു സൂചന. സംഭവ ദിവസം രാത്രി അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാർ തടഞ്ഞു ബലപ്രയോഗത്തിലൂടെ അതിൽ കയറിയ മണികണ്ഠനും കൂട്ടാളികളും നടിയുമായി നഗരത്തിലെത്തിയപ്പോഴാണു മുഖ്യപ്രതി സുനിൽകുമാർ കാറിൽ കയറി നടിയെ ഉപദ്രവിച്ചത്. 

വാഹനത്തിനുള്ളിൽ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കാണിച്ചു നടിയെ ബ്ലാക്മെയിൽ ചെയ്തു പണം വാങ്ങാമെന്നാണു സുനിൽ കൂട്ടാളികളോടു പറഞ്ഞിരുന്നത്. എന്നാൽ ഒരു മണിക്കൂർ നേരത്തെ അതിക്രമങ്ങൾക്കു ശേഷം നടിയെ വിട്ടയച്ച പ്രതികൾ മറ്റൊരു വാഹനത്തിൽ മടങ്ങും മുൻപ് സുനിൽ ആരെയോ ഫോണിൽ വിളിച്ചു സംഭവം വിവരിക്കുന്നതിനിടയിൽ പണത്തിന്റെ കാര്യവും സംസാരിച്ചു. അതിനു ശേഷം മണികണ്ഠനോടു പിറ്റേന്നു രാവിലെ തമ്മനത്തെ ഫ്ലാറ്റിൽ വരാൻ നിർദേശിച്ച ശേഷമാണു പിരിഞ്ഞത്. കോടതി റിമാൻഡ് ചെയ്ത മണികണ്ഠനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും.

നടിയുടെ മുൻഡ്രൈവറാണ് സുനിൽകുമാർ എന്ന പ്രചാരണം ശരിയല്ലെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇപ്പോൾ നടി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഗോവയിൽ നടക്കുമ്പോഴാണ് നിർമാണ കമ്പനി ഇയാളെ ഡ്രൈവറായി നിയോഗിച്ചത്. ഡ്രൈവറായി നിശ്ചയിച്ചിരുന്നയാളുടെ പിന്മാറ്റമാണ് സുനിലിന് അവസരമായത്. നടിയുടെ ഡ്രൈവറാകാൻ ലഭിച്ച അവസരം സുനിൽകുമാർ ഉപേക്ഷിക്കുകയും പകരക്കാരനായി മാർട്ടിനെ നിർദേശിക്കുകയും ചെയ്തു. അതിനു ശേഷമാണു മറ്റൊരു വാഹനത്തിൽ പിൻതുടർന്ന് അക്രമം നടത്തിയത്. സംഭവത്തിന്റെ ആസൂത്രകനെന്നു സംശയിക്കുന്നയാളോടു സുനിൽ സംസാരിച്ച മൊബൈൽ ഫോണല്ല അഭിഭാഷകൻ വഴി പിറ്റേന്നു കോടതിയിൽ സമർപ്പിച്ചതെന്ന് മണികണ്ഠന്റെ മൊഴികൾ അനുസരിച്ചു അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സുനിലിനു പുറമെ തലശേരി സ്വദേശി വിജീഷിനെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

related stories
Your Rating: