Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോയമ്പത്തൂരിൽ വിജീഷിന്റെ ഷർട്ടിൽ പിടിവീണു; പൊലീസിനെ വെട്ടിച്ച് പ്രതികൾ കടന്നു

pinarayi-cartoon

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറും കൂട്ടുപ്രതി വിജീഷും കോയമ്പത്തൂരിൽ സുരക്ഷിത കേന്ദ്രത്തിലേക്കു കടന്നതു പൊലീസിന്റെ കയ്യിൽപെട്ട ശേഷം. കഴിഞ്ഞ തിങ്കളാഴ്ച പകൽ കോയമ്പത്തൂർ ഹോപ് കോളജ് ബസ് സ്റ്റാൻഡിനു സമീപം വച്ചാണ് പ്രതികൾ കേരളത്തിൽനിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിൽ നിന്നു വഴുതിപ്പോയത്.

സുനിൽകുമാർ ഓടിച്ച ബൈക്കിനു പിന്നിലിരുന്ന വിജീഷിന്റെ ഷർട്ടിൽ പൊലീസ് പിടികൂടിയെങ്കിലും കൈ തട്ടിത്തെറിപ്പിച്ചു പ്രതികൾ കടന്നുകളഞ്ഞു. സുനിൽകുമാർ ബൈക്ക് സംഘടിപ്പിച്ച പീളമേടിനു തൊട്ടടുത്താണു ഹോപ് കോളജ് ബസ് സ്റ്റാൻഡ്.

പ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠൻ അറസ്റ്റിലായ ശേഷം ഇയാളുടെ മൊഴി പ്രകാരമാണു പൊലീസ് സംഘം ഇവിടെയെത്തിയത്. നഗരത്തിരക്കിലെ സുഗമ സഞ്ചാരത്തിനായി ബൈക്ക് കൂടി സംഘടിപ്പിച്ചായിരുന്നു പൊലീസിന്റെ തിരച്ചിൽ.

സുനിൽകുമാറും വിജീഷും സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ പൊലീസുകാർ പിന്നിലിരുന്ന വിജീഷിന്റെ ഷർട്ടിൽ പിടിത്തമിട്ടു. എന്നാൽ, കൈ തട്ടിത്തെറിപ്പിച്ച ശേഷം ഇടറോഡുകളിലൂടെ ഇരുവരും കടന്നുകളയുകയായിരുന്നു. പിന്നാലെ പാഞ്ഞെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താനായില്ല.

കീഴടങ്ങാനെത്തിയപ്പോൾ ഉപയോഗിച്ച അതേ ബൈക്കിൽ തന്നെയായിരുന്നു ഇരുവരും. ഈ ബൈക്ക് സുനിൽകുമാറിനു നൽകിയതു കണ്ണൂർ സ്വദേശിയായ ചാർളി തോമസാണെന്നു വിവരം ലഭിച്ച് പൊലീസ് സംഘം അന്വേഷിച്ചെങ്കിലും ചാർളി മുങ്ങി. കൊച്ചി സിറ്റി അഡ്മിനിസ്ട്രേഷൻ ഡിസിപി എ.ആർ. പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കോയമ്പത്തൂരിൽ ഇവർക്കായി തിരച്ചിൽ നടത്തിയത്.

∙ രണ്ടു ദിവസം ആലപ്പുഴയിൽ യുവനടിയെ ആക്രമിച്ച രാത്രിയിലും പിറ്റേന്നും ആലപ്പുഴ ജില്ലയിൽ തങ്ങിയ പ്രതികൾ അവിടെനിന്ന് 19നു കൊച്ചി വഴി കോയമ്പത്തൂർക്കു കടന്നതു ടാക്സി കാറിലാണെന്നു പൊലീസിനു വിവരം ലഭിച്ചു. പാലക്കാട് വരെയാണ് ഇവർ എത്തിയത്.

കൃത്യം നടന്ന രാത്രി കൊച്ചി പൊന്നുരുന്നിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം സുനിൽകുമാർ, വിജീഷ്, മണികണ്ഠൻ എന്നിവർ ആലപ്പുഴ ഭാഗത്തേക്കാണ് നീങ്ങിയത്. തിരുവല്ല, പന്തളം എന്നിവിടങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷം കായംകുളത്തെത്തി. 19നു കൊച്ചിയിലേക്കു തിരിച്ചു.

കായംകുളത്തു നിന്നാണു ടാക്സി സംഘടിപ്പിച്ചതെന്നാണു സുനിലിന്റെ മൊഴി. ഇവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ പരിചയമില്ലാത്ത ടാക്സി ഡ്രൈവറാണു സഹായം ചെയ്തതെന്നു പൊലീസ് കരുതുന്നില്ല. കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടശേഷമാണു പാലക്കാടെത്തിയത്.

∙ ഒരുമിച്ചു മദ്യപിച്ച ശേഷം പിരിഞ്ഞു പിന്നീട് കോയമ്പത്തൂരിനു സമീപം അവിനാശിയിലെത്തി ബാറിൽ ഒരുമിച്ചു മദ്യപിച്ച ശേഷമാണു സംഘം വേർപിരിഞ്ഞത്. മണികണ്ഠൻ പാലക്കാട്ടേക്കു തിരിച്ചപ്പോൾ, സുനിലും വിജീഷും ഒരുമിച്ചു കോയമ്പത്തൂരിലേക്കു പോയി.

കോയമ്പത്തൂരിനു സമീപത്തു നിന്നു സഹോദരിയെ ഫോൺ ചെയ്തതാണു മണികണ്ഠൻ കുടുങ്ങാൻ ഇടയാക്കിയത്. സഹോദരിയുടെ ഫോൺ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിലേക്കു ലാൻഡ് ഫോണിൽനിന്നാണു മണികണ്ഠൻ വിളിച്ചത്. സ്ഥലം തിരിച്ചറിഞ്ഞെത്തിയ പൊലീസിന്റെ നീക്കത്തിൽ മണികണ്ഠൻ പാലക്കാട്ടു പിടിയിലായി.

കോയമ്പത്തൂരിലെ ഒളിയിടത്തിലാണു സുനിലും വിജീഷും ഉള്ളതെന്നു മണികണ്ഠനിൽനിന്നു മനസിലാക്കിയ പൊലീസ് സംഘം ഇവിടെ സുനിൽ ബന്ധപ്പെടാൻ സാധ്യതയുള്ളവരെ നിരീക്ഷിച്ചു. കോയമ്പത്തൂരിനു സമീപമുള്ള കർപകം, ഉക്കടം തുടങ്ങിയ സ്ഥലങ്ങളിൽ സുനിൽ നേരത്തെ താമസിച്ചിട്ടുള്ളതും ഇവിടെ സുഹൃത്തുക്കളുള്ളതും പൊലീസിന് അറിയാമായിരുന്നു.

എന്നാൽ, മൂന്നു രാത്രി കോയമ്പത്തൂരിൽ തങ്ങിയ ശേഷമാണ് 22നു രാവിലെ ബൈക്കിൽ പ്രതികൾ തിരുവനന്തപുരത്തെത്തിയത്. ഇവിടെ കോടതിയിൽ കീഴടങ്ങാനാണു നീക്കമെന്നു മനസിലാക്കി പൊലീസ് കോടതി പരിസരത്തുണ്ടായിരുന്നെങ്കിലും വിവരം മണത്തറിഞ്ഞ പ്രതികൾ കൊച്ചിക്കു തിരിക്കുകയായിരുന്നു.

Your Rating: