തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പും ധനവകുപ്പും ഉൾപ്പെടെയുള്ള 30 വകുപ്പുകളിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) നടപ്പാക്കാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. ഇതിനായി സർവീസ് ചട്ടങ്ങളുടെ കരടു തയാറാക്കി പിഎസ്‌സിയുടെ അനുമതിക്കു വിടും. തുടർന്നു പിഎസ്‌സി അനുമതിയോടെ കെഎഎസ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സർവീസ് ചട്ടങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു പിഎസ്‌സിക്കു സമർപ്പിക്കുന്ന നടപടികൾ 45 ദിവസത്തിനകം പൂർത്തിയാക്കും.
പിഎസ്‌സിയുടെ അംഗീകാരം ലഭിച്ചാൽ ചട്ടങ്ങൾക്കു നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതികൂടി വാങ്ങിയ ശേഷമായിരിക്കും തുടർനടപടി. സെക്രട്ടേറിയറ്റിലേത് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിൽ രണ്ടാമത്തെ ഗസറ്റഡ് തസ്തിക മുതൽ നേരിട്ടു നിയമനം നടത്തുന്നതിനു പ്രത്യേക കേഡർ കൊണ്ടുവരുകയാണു കെഎഎസ് ലക്ഷ്യമിടുന്നത്. ഇങ്ങനെ നിയമനം നടത്തുന്ന തസ്തികകളിൽ കുറഞ്ഞത് എട്ടു വർഷം സേവനം അനുഷ്ഠിച്ചാൽ ഐഎഎസിനു യോഗ്യത നേടും.
ഇപ്പോൾ പിഎസ്‌സി വഴി നേരിട്ടു നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തിക ഡപ്യൂട്ടി കലക്ടറുടേതാണ്. നേരിട്ടല്ലാതെ ഐഎഎസ് നേടുന്നതിനുള്ള വഴിയും ഇതുതന്നെയാണ്. എന്നാൽ ഡപ്യൂട്ടി കലക്ടർ തസ്തികയിൽ നിന്ന് ഐഎഎസ് നേടുന്നവരുടെ എണ്ണം കേരളത്തിൽ കുറവാണ്. ഈ ഒഴിവ് അഖിലേന്ത്യാ ക്വോട്ട വഴി നികത്താനാവില്ല. അതിനാൽ സംസ്ഥാനത്ത് എഴുപതോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം മിക്ക ഐഎഎസ് ഉദ്യോഗസ്ഥർക്കും ഒന്നിലധികം വകുപ്പുകളുടെ അധികഭാരം ചുമക്കേണ്ടിവരുന്നു. ഇതിനു പരിഹാരമായാണു കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നത്.
സെക്രട്ടേറിയറ്റിലെ വകുപ്പുകളെ കെഎഎസിൽ ഉൾപ്പെടുത്തുന്നതിനെ അവിടത്തെ ജീവനക്കാർ തുടക്കം മുതൽ എതിർക്കുന്നുണ്ട്. അവരുടെ സ്ഥാനക്കയറ്റ സാധ്യത അടയുമെന്നാണു പരാതി. സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കാൻ തുടക്കത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടു സെക്രട്ടേറിയറ്റ് വകുപ്പുകൾകൂടി ഉൾപ്പെടുത്തി അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‌ഭൂഷൺ ഉത്തരവിറക്കുകയായിരുന്നു. പക്ഷേ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞ സർക്കാർ ഈ ഉത്തരവ് മരവിപ്പിച്ചു.