മൂവാറ്റുപുഴ ∙ കെഎസ്ആർടിസി ജീവനക്കാരുടെ സഹകരണ സംഘത്തിലുണ്ടായിരുന്ന വെളിപ്പെടുത്താത്ത പണം കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു വെളുപ്പിച്ചെടുത്തെന്ന ഹർജിയിൽ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. കെഎസ്ആർടിസി ബസുകളിലെ ദിവസ വരുമാനത്തിന്റെയൊപ്പം സൊസൈറ്റിയിൽ സൂക്ഷിച്ചിരുന്ന അസാധുവാക്കിയ 500ന്റെയും 1000ന്റെയും നോട്ടുകളും ഉൾപ്പെടുത്തിയെന്നാണു ഹർജിക്കാരനായ ആർ. ജയറാമിന്റെ ആരോപണം.
കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചു രണ്ടാഴ്ചയ്ക്കകം വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ ഡിപ്പോയിലെ ഉദ്യോഗസ്ഥരെ എതിർകക്ഷികളാക്കിയാണ് ഹർജി. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയപ്പോൾ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയിൽ ഇവ സ്വീകരിക്കുമായിരുന്നു. ഈ പഴുത് ഉപയോഗിച്ചാണു ജിവനക്കാരുടെ സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന അനധികൃത നിക്ഷേപത്തിലെ 500, 1000 രൂപാ നോട്ടുകൾ മാറ്റിയെടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
മൂവാറ്റുപുഴ ഡിപ്പോയിൽ ദിവസം 96 ഷെഡ്യൂളാണുള്ളത്. ഏഴു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെയാണ് ദിവസ കലക്‌ഷൻ. കണ്ടക്ടർമാർ ഈ പണം നോട്ടിന്റെ സീരിയൽ നമ്പറടക്കം എഴുതി കെഎസ്ആർടിസിയുടെ കാഷ് കൗണ്ടറിൽ അടയ്ക്കുകയാണു പതിവ്. ഈ പണം എസ്ബിടിയിൽ അടുത്ത ദിവസം തന്നെ നിക്ഷേപിക്കും. നോട്ടു നിരോധനത്തിനു ശേഷം ബസുകളിൽ ലഭിച്ച നൂറിന്റെയും അൻപതിന്റെയും മറ്റും നോട്ടുകൾ സഹകരണ സംഘത്തിലേക്കു നൽകി ഇവിടെയുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കെഎസ്ആർടിസിയുടെ കലക്‌ഷനിൽ ചേർത്തു എന്നാണ് ആരോപണം.