തിരുവനന്തപുരം∙ റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ വാഹന യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുത്.
എസ്ഐമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിളിച്ച് മേഖലാ തലത്തിൽ ചേർന്ന യോഗങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ രേഖാമൂലം നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
വാഹനം പരിശോധിക്കുമ്പോൾ മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നു മന്ത്രി തോമസ് ചാണ്ടിയും മുന്നറിയിപ്പു നൽകി. വാഹനമോടിക്കുന്ന സ്ത്രീകളെപ്പോലും വിളിച്ചിറക്കി അടുത്തേക്കു വിളിച്ചാണു രേഖകൾ പരിശോധിക്കുന്നതെന്നു വീണാ ജോർജ് ചൂണ്ടിക്കാട്ടിയപ്പോഴാണു മുഖ്യമന്ത്രിയും മന്ത്രിയും നിലപാടു വ്യക്തമാക്കിയത്.