തിരുവനന്തപുരം∙സംസ്ഥാനത്തു കൂടുതൽ മദ്യ ശാലകൾ തുറക്കുന്നതിനായി കോർപറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബൈപ്പാസ് അടക്കമുള്ള റോഡുകളെ ഡിനോട്ടിഫൈ ചെയ്യുന്നതോടെ സംസ്ഥാനത്തു 130 മദ്യ ശാലകൾ കൂടി തുറക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണു പാതയുടെ പദവി ഡിനോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചത്്. നഗരപരിധിയിലെ സംസ്ഥാന പാതകൾ ഡിനോട്ടിഫൈ ചെയ്യുമ്പോൾ ത്രീ സ്റ്റാർ പദവിക്കും അതിനു മുകളിലുമുള്ള 70 ബാറുകൾ തുറക്കാനാകും. എന്നാൽ, ചിലർ അപേക്ഷ നൽകാതെ മാറി നിൽക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ എണ്ണത്തിൽ നേരിയ കുറവു വന്നേക്കാം. ഇതു കൂടാതെ കള്ളുഷാപ്പുകൾ, ബിയർ വൈൻ പാർലറുകൾ, ക്ലബുകൾ എന്നിവയടക്കമുള്ള 130 എണ്ണമാണു തുറക്കാൻ സാധിക്കുക.
എന്നാൽ, മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തെക്കുറിച്ചു പരാമർശിക്കാതെ സംസ്ഥാന പാതകളെ ഡിനോട്ടിഫൈ ചെയ്യാനുള്ള നിർദേശമാണ് ഇന്നലെ ചേർന്ന മന്ത്രിസഭ പാസാക്കിയത്. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭയിലും ഇതു സംബന്ധിച്ച ഫയൽ മരാമത്തു വകുപ്പു കൊണ്ടുവന്നെങ്കിലും നിയമസഭ നടക്കുന്ന സാഹചര്യത്തിൽ ഈ ആഴ്ചത്തേക്കു മാറ്റുകയായിരുന്നു. ഫൈവ്് സ്റ്റാർ ഹോട്ടുലുകളിലേത് ഉൾപ്പെടെ നിലവിൽ 117 ബാറുകളാണു സംസ്ഥാനത്തു പ്രവർത്തിക്കുന്നത്.
ഹൈവെ പ്രൊട്ടക്‌ഷൻ ആക്ട്് 1999 പ്രകാരമാണു പാതകൾ ഡിനോട്ടിഫൈ ചെയ്യുന്നത്. ഡിനോട്ടിഫൈ ചെയ്യുമ്പോൾ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു മാറും. നഗരസഭകളുടെ പരിധിയിൽവരുന്ന പാതകളുടെ പരിപാലനത്തിനു തദ്ദേശഭരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും എന്നതു കൂടി കണക്കിലെടുത്താണു തീരുമാനം. തീരുമാനം നടപ്പാകുന്നതോടെ എത്ര കിലോമീറ്റർ ദൂരത്തിൽ പാതകളുടെ പദവി മാറുമെന്നതു സംബന്ധിച്ചു കണക്കെടുക്കാൻ മരാമത്തു വകുപ്പ് (റോഡ്സ്) ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു നിർദ്ദേശം നൽകി.
കേരളത്തിലെ മദ്യശാലകൾ
യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ -815
(പകരം ബീയർ, വൈൻ പാർലർ ലൈസൻസ്)
പാതയോരമദ്യവിൽപന സംബന്ധിച്ച സുപ്രീംകോടതി വിധിക്കു മുൻപ്
ബീയർ, വൈൻ പാർലറുകൾ – 815
പഞ്ചനക്ഷത്ര ബാർ –30, ക്ലബ് – 34
ചില്ലറ വിൽപനശാല – 306
സുപ്രീം കോടതി വിധിക്കുശേഷം
ബീയർ, വൈൻ പാർലർ – 474
പഞ്ചനക്ഷത്ര ബാർ–23, ക്ലബ് – 16
ചില്ലറ വിൽപനശാല–210
എൽഡിഎഫ് മദ്യനയത്തിനുശേഷം
തുറന്ന ബാറുകൾ-121
സംസ്ഥാനപാതകള്‍ കടന്നുപോകുന്ന കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ തുറക്കാനാകുന്ന മദ്യശാലകൾ
ബീയർ, വൈൻ പാർലറുകൾ-129
(ബാർ ലൈസൻസ് കിട്ടാൻ സാധ്യത-70)
കള്ളുഷാപ്പുകൾ-76
ക്ലബ്-നാല്
ചില്ലറ വിൽപനശാല-10
(അവലംബം: എക്സൈസ് കമ്മിഷണറേറ്റ്)