Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി...; മധുവിന്റെ സഞ്ചിയിൽ ഇത്രമാത്രം

madhu.. അരി മോഷ്ടിച്ചെന്ന് ആ‌രോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ടപ്പോൾ.

പാലക്കാട് ∙ രണ്ടു കിലോഗ്രാം അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോർച്ച്, ഒരു മൊബൈൽ ചാർജർ ഇത്രയുമാണ് ആൾക്കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചെന്ന് ആരോപിച്ചാണു മധുവിനെ സംഘം മർദിച്ചത്. പക്ഷേ, തെളിവുചോദിച്ചാൽ ആർക്കും ഉത്തരമില്ല. രണ്ടു വർഷത്തിനിടെ മുക്കാലിയിലും പരിസരത്തുമുള്ള കടകളിൽനിന്നു ഭക്ഷ്യവസ്തുക്കൾ കാണാതായ പരാതികളിൽ പ്രതി മധുവാണെന്നാണ് ആരോപണം.

കഴിഞ്ഞദിവസം പ്രദേശത്തെ കടയിൽനിന്ന് അരി മോഷണം പോയെന്നു പറഞ്ഞാണു മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. യുവാവിനെ മുക്കാലിയിലേക്കു നടത്തിക്കൊണ്ടുപോകുകയായിരുന്നു. ഈ യാത്രയ്ക്കിടയിലും മുക്കാലിയെലെത്തിയതിനുശേഷവും മർദിച്ചു. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മർദനമെന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. രണ്ടു മണിക്കൂറോളം നാട്ടുകാർ ‘കൈകാര്യം’ ചെയ്തു കഴിഞ്ഞാണു പൊലീസിനെ ഏൽപ്പിച്ചത്.

മരണമൊഴി എഫ്ഐആറിൽ; എന്നിട്ടും അറസ്റ്റ് വൈകി 

പാലക്കാട് ∙ തന്നെ മർദിച്ചവരെക്കുറിച്ചു മധു നൽകിയ മരണമൊഴി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടും അറസ്റ്റ് വൈകിയതിലൂടെ പുറത്തുവന്നതു പൊലീസിന്റെ വീഴ്ച. തന്നെ പിടികൂടിയ സംഘം ക്രൂരമായി മർദിച്ചുവെന്നു മധു നേരത്തേ മെ‍ാഴി നൽകിയതിനാൽ മരണം സ്ഥിരീകരിച്ചശേഷം പ്രതികളിൽ ചിലരെ പിടികൂടാൻ പെട്ടെന്നു കഴിയുമായിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല.

വൈകിട്ട് അഞ്ചോടെയാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. ജീപ്പിൽ കയറ്റിയവരുടെ പേരുകൾക്കൊപ്പം അവരുടെ മൊബൈൽ നമ്പരുകളും എഫ്ഐആറിലുണ്ട്. ഇത്തരമൊരു കേസിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്. യുവാവിനെ പിടികൂടിയവരിൽ പലരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ 22നു രാത്രി മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു. പിറ്റേന്നു മാധ്യമങ്ങളിലൂടെയാണ് ഉന്നത ഉദ്യോഗസ്ഥർ പോലും മരണവാർത്ത അറിഞ്ഞത്.

ആദിവാസികൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കാനുള്ള പ്രത്യേക സ്ക്വാഡ് (എസ്എംഎസ്) അട്ടപ്പാടിയിലുണ്ടെങ്കിലും കേസ് ലാഘവത്തേ‍ാടെ കൈകാര്യം ചെയ്തുവന്നാണ് ആക്ഷേപം. മുക്കാലിയിലെ സംഘം രണ്ടു കിലേ‍ാമീറ്റർ ദൂരെയുള്ള തേക്കിൻ തോട്ടത്തിനു സമീപത്തുനിന്നു മധുവിനെ ഉച്ചയോടെ പിടികൂടിയെന്നാണു നാട്ടുകാരിൽ നിന്നുള്ള സൂചന.