Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: ഹോമിയോ മരുന്ന് സർക്കുലർ വിവാദമായി

cholesterol-homeo Homeopathic globules scattered around with their colored containers in the shape of tube on a wooden table

തിരുവനന്തപുരം ∙ നിപ്പ വൈറസ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നു വിതരണത്തിന്റെ കാര്യത്തിൽ എങ്ങും തൊടാത്ത രീതിയിൽ അവ്യക്തമായി നിർദേശം നൽകി ഹോമിയോപ്പതി ഡയറക്ടർ ഇറക്കിയ സർക്കുലർ വിവാദമായി.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ‘ഇപ്പോൾ നിലവിലുള്ള പനി’ക്കെതിരെ ഹോമിയോ പ്രതിരോധ ഔഷധം, സ്ഥാപനങ്ങൾ വഴി ആവശ്യക്കാർക്കു നൽകാവുന്നതാണെന്നു സർക്കുലറിൽ പറയുന്നു. 25ന് ഇറക്കിയ സർക്കുലറിൽ നിപ്പ വൈറസ് ബാധയെക്കുറിച്ച് ഒന്നുമില്ല. 

പനിക്കു ചികിത്സിക്കുന്നതിനു നൽകുന്ന മരുന്നുകളാണു സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. നിപ്പ വൈറസിനു പ്രതിരോധമരുന്നുണ്ടെന്നു സർക്കുലറിൽ ഇല്ല. നിലവിലുള്ള പനി എന്നുപറയുമ്പോൾ അതു വൈറൽ പനിയാണോ, ചിക്കുൻഗുനിയയാണോ, ഡെങ്കിപ്പനിയാണോയെന്നും വ്യക്തതയില്ല.

ജനങ്ങളിൽ ഭീതി ഉളവാക്കുന്ന വിധത്തിലുള്ള പരസ്യങ്ങളോ ആൾക്കൂട്ടമോ ഉണ്ടാകുന്ന തരത്തിൽ ക്യാംപുകളിലൂടെ പ്രതിരോധ മരുന്നു വിതരണം ചെയ്യാൻ പാടില്ലെന്നും സർക്കുലറിലുണ്ട്. നിപ്പ വൈറസിനു പരീക്ഷിച്ചു തെളിഞ്ഞ പ്രതിരോധ മരുന്നുകളൊന്നും ഹോമിയോയിൽ ഇല്ലെന്നു വിദഗ്ധർ പറയുന്നു. എങ്കിലും പ്രതിരോധ മരുന്നു വിതരണം തുടങ്ങണമെന്ന് ഒരു വിഭാഗം ഡോക്ടർമാർ സമ്മർദം ചെലുത്തി വരികയാണ്. ഈ സാഹചര്യത്തിലാണു നിപ്പ വൈറസിനുള്ള പ്രതിരോധ മരുന്ന് എന്നു പറയാതെ എങ്ങും തൊടാത്ത സർക്കുലർ ഇറക്കിയതെന്നു കരുതുന്നു. 

ജനങ്ങളുടെ ഭീതി മുതലെടുത്തു സ്വകാര്യ ഡോക്ടർമാർ പണം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് പ്രതിരോധ മരുന്നു വിതരണം മാറുമെന്ന ആശങ്കയാണ് ഒരു വിഭാഗം ഡോക്ടർമാർക്കുള്ളത്.