Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രകൃതിക്ഷോഭം: വിവിധ ഏജൻസികൾക്കു സാറ്റലൈറ്റ് ഫോണുകൾ നൽകും

തിരുവനന്തപുരം∙ ദുരന്തം നേരിടാൻ കേരള പൊലീസിനും വിവിധ ഏജൻസികൾക്കും സാറ്റലൈറ്റ് ഫോണുകൾ നൽകും. മൽസ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി തീരദേശ സ്റ്റേഷനുകൾക്ക് കേരള പൊലീസ് 18 സാറ്റലൈറ്റ് ഫോണുകൾ വാങ്ങി. കൂടുതൽ വാങ്ങുന്നതു പരിഗണനയിലാണ്. കേരള പൊലീസ് നിലവിൽ 10 സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കായി തൃശൂർ, മലപ്പുറം ജില്ലകളിലാണിത്.

കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി 34 സാറ്റലൈറ്റ് ഫോണുകളും വാങ്ങും. വൈദ്യുതി ബോർഡിന്റെ 33 അണക്കെട്ടുകളിൽ 18 എണ്ണത്തിലെ ഉദ്യോഗസ്ഥർക്കും ജലവകുപ്പിലെ 16 അണക്കെട്ടിലെ ഉദ്യോഗസ്ഥർക്കുമാണ് ഇവ നൽകുക. അടിയന്തര സാഹചര്യം കണക്കിലെടുത്തു കക്കി, ആനത്തോട് അണക്കെട്ടുകളുടെ ചുമതലയുള്ളവർക്കു ഫോൺ കൈമാറി.

ദുരന്ത നിവാരണ അതോറിറ്റിയുടെ കേന്ദ്ര ഓഫിസിലും എറണാകുളം, ഇടുക്കി, വയനാട് കലക്റ്ററേറ്റിലുമാണ് ഇപ്പോൾ സാറ്റലൈറ്റ് ഫോണുള്ളത്. കഴിഞ്ഞ മഹാപ്രളയത്തിൽ പലയിടത്തും വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടത് രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉഗ്രഹ ഫോണുകൾ വാങ്ങുന്നത്. 

സാറ്റലൈറ്റ് ഫോൺ

ഉപഗ്രഹ സഹായത്തോടെ ശബ്ദവും ദൃശ്യങ്ങളും അയയ്ക്കാനും ഇന്റർനെറ്റ് ആവശ്യമില്ലാതെ ഭൂമിയിലെ ഏതുസ്ഥലത്തുനിന്നും ഉപയോഗിക്കാനും സാറ്റലൈറ്റ് ഫോണുകൾ(സാറ്റ്‌ഫോൺ) വഴി സാധിക്കും. ഉപഗ്രഹങ്ങളിലേക്കു നേരിട്ടു വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്. ഒന്നരലക്ഷം രൂപയാണ് ഒരു ഫോണിന്റെ ഏകദേശ വില. ഒരു മിനിറ്റ് സംസാരിക്കാൻ 40 – 50 രൂപ.