നടുറോഡിൽ പൊലീസിന് മർദനം: എസ്എഫ്ഐ നേതാവ് കീഴടങ്ങി

SHARE

തിരുവനന്തപുരം ∙ പാളയത്ത് നടുറോഡിൽ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ  നസീം കീഴടങ്ങി. പ്രതി ഒളിവിലാണെന്ന നിലയിൽ പിടികൂടാതിരിക്കെ യൂണിവേഴ്സിറ്റി കോളജിൽ മന്ത്രിമാർ പങ്കെടുത്ത പരിപാടിയുടെ സദസ്സിൽ നസീം ഇരിക്കുന്ന ദ്യശ്യങ്ങൾ പുറത്തായതിനു പിന്നാലെയായിരുന്നു ഇന്നലെ കന്റോൺമെന്റ്  സ്റ്റേഷനിലെ കീഴടങ്ങൽ.

ഒളിവിലാണെന്ന പൊലീസ് പ്രഖ്യാപനം പാളിയതിന് പിന്നാലെ നസീം കീഴടങ്ങിയതു സേനയ്ക്കു നാണക്കേടായി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സിപിഎം ഉന്നതരുടെ ഒത്താശയോടെ പ്രതി നടത്തി വന്ന ഒളിവു നാടകം മന്ത്രിമാരുടെ പരിപാടിയിൽ ഇരിക്കുന്ന ദ്യശ്യങ്ങൾ പുറത്തു വന്നതോടെ പൊളിയുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടി പൊലീസുകാരെ പൊതിരെ മർദിച്ചതിനു പിന്നാലെ ഒന്നരമാസമായി ഇയാൾ ഒളിവിലാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പേരിൽ  അറസ്റ്റും ഒഴിവാക്കിക്കൊണ്ടു പോകുകയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ കാഴ്ചക്കാരനായി ഇരിക്കുന്ന ഇയാളുടെ ദ്യശ്യങ്ങൾ പൊലീസിനേയും സിപിഎമ്മിനെയും വെട്ടിലാക്കി പുറത്തു വന്നത്.

പരുക്കേറ്റ പൊലീസുകാരൻ ബിജെപിക്കാരനാണെന്നും ഇയാൾ നൽകിയ കള്ളമൊഴി മൂലമാണ് നസീമിനെ പ്രതിയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ ഇതുവരെ അഞ്ചു പേർ പിടിയിലായതായാണ് പൊലീസ് ഭാഷ്യം. എന്നാൽ നേരത്തെ എസ്എഫ്ഐ പ്രവർത്തകരായ ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവരും കീഴടങ്ങുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA