Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി കാലാവധി തീരുന്നു; അന്ത്യശാസനവുമായി കേന്ദ്രം

chennai-cash (Representative Image)

ന്യൂഡൽഹി∙ കള്ളപ്പണക്കാർക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന കുരിശുയുദ്ധത്തിൽ അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് കള്ളപ്പണം കൈവശമുള്ളവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടെന്നും കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുമായി സഹകരിച്ചു നിയമവിധേയമായി പിഴ ഒടുക്കാനും കേന്ദ്ര സർക്കാർ കള്ളപ്പണക്കാരോട് ആവശ്യപ്പെട്ടു. 2016 ഡിസംബർ 17ന് ആരംഭിച്ച പദ്ധതി കാലാവധി ഉടൻ അവസാനിക്കാനിരിക്കെയാണ് അന്ത്യശാസനത്തിന്റെ സ്വഭാവമുള്ള മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.

രാജ്യത്തെ പ്രധാന പത്രങ്ങളിൽ ആദായനികുതി വകുപ്പ് പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണു മുന്നറിയിപ്പ്. കള്ളപ്പണം കൈവശമുള്ളവർ അത് എത്രയും വേഗം വെളിപ്പെടുത്തണമെന്നും അല്ലെങ്കിൽ പിന്നീടു ഖേദിക്കേണ്ടിവരുമെന്നും ആദായനികുതി വകുപ്പു വ്യക്തമാക്കുന്നു. പദ്ധതിയുമായി സഹകരിച്ചു കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തുന്നവരുടെ നിക്ഷേപ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന വാഗ്ദാനവും സർക്കാർ ആവർത്തിക്കുന്നു.

കള്ളപ്പണം വെളിപ്പെടുത്തി പിഴയൊടുക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയായ ‘പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയുടെ (പിഎംജികെവൈ) കാലാവധി ഈ മാസം 31നാണ് അവസാനിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 50 ശതമാനം തുക സർക്കാരിനു നൽകിയാൽ കള്ളപ്പണം നിയമവിധേയമായി വെളുപ്പിക്കാം. ഇനിയും വെളിപ്പെടുത്താതെ കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ച് ആദായനികുതി വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ടെന്നും പരസ്യം മുന്നറിയിപ്പു നൽകുന്നു. ഈ വിവരങ്ങളുടെ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും കൈമാറിക്കഴിഞ്ഞു. ബെനാമി ഇടപാടുകൾക്കെതിരായ നിയമപ്രകാരം ഇവർ നിയമനടപടി നേരിടേണ്ടിവരുമെന്നും പരസ്യം മുന്നറിയിപ്പു നൽകുന്നു.

എന്നാൽ, കാലാവധി പൂർത്തിയായശേഷം സർക്കാർ കണ്ടെത്തുന്ന കള്ളപ്പണത്തിന്റെ 85 ശതമാനവും സർക്കാരിലേക്കു പോകും. മാത്രമല്ല, കള്ളപ്പണം കൈവശം വച്ചവർ നിയമനടപടികൾക്കു വിധേയരാവുകയും ചെയ്യും. അതേസമയം, പദ്ധതി കാലാവധി അവസാനിച്ചു കഴിഞ്ഞു പിടികൂടുന്ന കള്ളപ്പണത്തിന്റെ ഉടമകൾ, പിഴയും നികുതിയുമുൾപ്പെടെ കൈവശമിരിക്കുന്നതിലും വലിയ തുക സർക്കാരിനു നൽകേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

related stories
Your Rating: