Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായങ്ങൾക്കായി 7000 പരിഷ്കാരങ്ങൾ; യുഎസ് ബിസിനസ് സമൂഹത്തോട് മോദി

Narendra-Modi യുഎസിൽ ബിസിനസ് പ്രമുഖരുമായുള്ള ചർച്ചയ്ക്കുശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ട്വിറ്റർ

വാഷിങ്ടൻ ∙ വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ സർക്കാർ ഏഴായിരം പരിഷ്കാരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനായി യുഎസിൽ എത്തിയ മോദി, ഇവിടത്തെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണു ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് വാചാലനായത്.

ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ വളർച്ച യുഎസിനും ഗുണം ചെയ്യുന്നതാണ്. യുഎസ് കമ്പനികൾക്ക് വലിയ അവസരമാണ് ഇത് തുറക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങളാണ് തന്റെ സർക്കാർ നടപ്പാക്കിയതെന്നും മോദി ചർച്ചയിൽ വിശദീകരിച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ, ആപ്പിൾ സിഇഒ ടിം കുക്ക്, ആമസോൺ മേധാവി ജെഫ് ബിസോസ് ഉൾപ്പെടെ 21 വ്യവസായ പ്രമുഖർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പോർച്ചുഗലിൽ നിന്നാണ് മോദി യുഎസിൽ എത്തിയത്. വാഷിങ്ടൻ ഡിസിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യൻ സമൂഹവുമെത്തി.

ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നു ട്രംപ് ഭരണകൂടം അറിയിച്ചു. നിർണായകമായ വിഷയങ്ങൾ യഥാർഥ സുഹൃത്തുമായി ചർച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 26ന് ആണ് ട്രംപ്–മോദി കൂടിക്കാഴ്ച. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയിൽ യുഎസിൽ ഇന്ത്യക്കാർക്കെതിരായ വംശീയ അതിക്രമവും എച്ച് വൺ–ബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചർച്ചയാകുമെന്നാണു കരുതുന്നത്.

പിന്നീട് 27ന് അദ്ദേഹം നെതർലൻഡ്സിലേക്കു പോകും. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ, രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരെ സന്ദർശിച്ചു ചർച്ച നടത്തും. ഇന്ത്യ, പോർച്ചുഗൽ ബന്ധം ദൃഢമാക്കി 11 കരാറുകളിൽ ഒപ്പുവച്ചതിനുശേഷമാണ് മോദി യുഎസിൽ എത്തിയത്.

related stories