Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലക്ഷ്യമിട്ട് അൽ ഖായിദ; സൈനികരെ ആക്രമിക്കാൻ നിർദ്ദേശം

Terrorist

ന്യൂഡൽഹി ∙ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ വരവോടെ പ്രതാപം മങ്ങിയ ഭീകരസംഘടനയായ അൽ ഖായിദ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങളെയും ഹിന്ദു ‘വിഘടനവാദി’ സംഘടനകളെയും ലക്ഷ്യമിടാൻ അൽ ഖായിദ തയാറെടുക്കുന്നതായി അടുത്തിടെ പുറത്തുവന്ന രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അംഗങ്ങൾക്കായി സംഘടന പുറത്തിറക്കിയ രേഖയിലാണ് ഇതിന്റെ സൂചനകളുള്ളത്.

ഡ്യൂട്ടിയിലായാലും അല്ലെങ്കിലും ഇന്ത്യൻ സൈനികരെ ലക്ഷ്യമിടുമെന്ന സൂചനയും ഈ രേഖയിലുണ്ട്. യുദ്ധമുഖത്തോ, ബാരക്കിലോ, സൈനിക ബേസുകളിലോ ആകട്ടെ, സൈനികരെ ആക്രമിക്കാൻ മടിക്കില്ലെന്ന കൃത്യമായ സൂചനകൾ ഈ രേഖയിലുണ്ട്. ശരീയത്ത് നിയമം നടപ്പാക്കുന്നതിനെതിരെ പോരാടുന്നവരായതിനാൽ, ശത്രു സൈനികർ ഡ്യൂട്ടിയിലായാലും അല്ലെങ്കിലും ലക്ഷ്യം വയ്ക്കുമെന്നാണ് വിശദീകരണം.

സാധാരണ സൈനികരേക്കാൾ ഓഫിസർമാരെ ലക്ഷ്യമിടാനും രേഖയിൽ പ്രത്യേക നിർദ്ദേശമുണ്ട്. കൂടുതൽ സീനിയറായ ആളുകളെ ആദ്യം ലക്ഷ്യംവച്ച് കൊലപ്പെടുത്തുന്ന രീതിയിലാകണം കാര്യങ്ങൾ നീക്കേണ്ടതെന്നും ഇതിൽ വ്യക്തമാക്കുന്നു. കശ്മീരി യുവാക്കളുടെ രക്തക്കറ പതിച്ചിട്ടുള്ള ഓഫിസർമാരെ ആദ്യം കൊലപ്പെടുത്തണമെന്നും അൽ ഖായിദ ആഹ്വാനം ചെയ്യുന്നു. രേഖ പുറത്തായതോടെ, ഇതേക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ സംഘങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അൽ ഖായിദയുടെ പിന്തുണയുണ്ടെന്ന് തുറന്നു പ്രഖ്യാപിച്ച് മുൻ ഹിസ്ബുൽ കമാൻഡർ സാക്കിർ മൂസ പുതിയ സംഘടന ആരംഭിച്ച സാഹചര്യത്തിൽ ഇതും ഇന്റലിജൻസ് ഏജൻസികൾ പരിഗണിക്കുന്നുണ്ട്.

അതേസമയം, സാധാരണക്കാരായ ഹിന്ദുക്കളെയോ മുസ്‍ലിംകളെയോ ബുദ്ധമത വിശ്വാസികളെയോ ആക്രമിക്കില്ലെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതവിശ്വാസികളുടെയും ആരാധനാലയങ്ങളും ആക്രമിക്കാൻ ശ്രമിക്കില്ല. മുസ്‍ലിം പള്ളികൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന ഐഎസ് ഭീകരരുടെ രീതിക്കു വിരുദ്ധമാണ് ഈ നിലപാടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ, ശരീയത്ത് നിയമം സ്ഥാപിക്കുന്നതിനായി മേഖലയിൽ സ്വാധീനമുള്ള ഭീകരസംഘടനകളെ യോജിപ്പിക്കുന്നതിന് ഇവർ നടത്തുന്ന നീക്കത്തെ സുരക്ഷാ ഏജൻസികൾ ആശങ്കയോടെയാണ് കാണുന്നത്.