Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിയിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ; ഗുണം ലഭിക്കുന്ന മേഖലകൾ‌ ഇവ

AFP_DS7A8

കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ ഏറ്റവുമധികം എതിർത്തവരിൽ ഒരാൾ കേരള ധനമന്ത്രി ടി.എം. തോമസ് ഐസക് ആയിരുന്നു. ജിഎസ്ടിയുടെ കാര്യത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ നിലപാട് അതായിരുന്നില്ല. ജിഎസ്ടിയെ രണ്ടുകൈയുംനീട്ടി സ്വാഗതം ചെയ്ത അദ്ദേഹം പല തീരുമാനങ്ങളും കേരളത്തിന് അനുകൂലമാക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

ജിഎസ്ടി കേരളത്തിന് സാമ്പത്തിക നേട്ടം കൊണ്ടുവരും എന്ന കാര്യത്തിൽ തർക്കമില്ല. അധികവരുമാനം എത്രയെന്നു മാത്രമേ അറിയേണ്ടതുള്ളൂ. കേരളത്തിന്റെ നികുതിവരുമാനത്തിൽ 14% വർധനയുണ്ടാകുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നിലവിൽ നികുതി വരുമാനത്തിൽ 10% വാർഷിക വളർച്ചയാണുള്ളത്. മൂന്നു വർഷംകൊണ്ട് നികുതി വരുമാനത്തിൽ 20% വളർച്ചയുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.

Read More ജിഎസ്ടി: ഒരു രാജ്യം, ഒറ്റ നികുതി

ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ പോരാട്ടം ഏറ്റവുംവലിയ നേട്ടമുണ്ടാക്കിയത് ലോട്ടറി മേഖലയിലാണ്. എല്ലാ ലോട്ടറികൾക്കും ഒരേ നികുതി സ്ലാബ് നിശ്ചയിച്ചതിനെ തോമസ് ഐസക് എതിർത്തുതോൽപിക്കുകയായിരുന്നു. ഇതരസംസ്ഥാന സ്വകാര്യ ലോട്ടറികൾക്കുമുൻപിൽ കേരളത്തിന്റെ വാതിൽ അടച്ചിടാനായി എന്നതാണ് ഇതിന്റെ നേട്ടം. സർക്കാരുകൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും നികുതിയാണ് ജിഎസ്ടി കൗൺസിൽ നിശ്ചയിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ലോട്ടറി ലോബിയുടെ സമ്മർദമാണ് എല്ലാ ലോട്ടറികൾക്കും ഒരേ നികുതി നിശ്ചയിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണു കരുതുന്നത്. കുതിരപ്പന്തയം തുടങ്ങിയ ചൂതാട്ടങ്ങൾക്ക് ചുമത്തിയിട്ടുള്ള അതേ നികുതിയായ 28% ആണ് സ്വകാര്യ ലോട്ടറിക്കും ചുമത്തിയിട്ടുള്ളത്. ഇത്രവലിയ നികുതി ചുമത്തി ഇതര സംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽപനയ്ക്കെത്തുമെന്ന് കരുതുന്നില്ല.

ടുറിസമാണ് കേരളത്തിൽ നേട്ടം പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല. ഹോട്ടലുകളുടെ നിരക്ക് കുറയും എന്നാണ് പ്രതീക്ഷ. ആയിരം രൂപയിൽ താഴെ നിരക്കുള്ള റൂമിൽ താമസിച്ചാൽ നികുതിയില്ല. 2500 രൂപവരെ നോൺഎസി റസ്റ്ററന്റുകൾക്കും റൂമുകൾക്കും 12% ജിഎസ്ടി. എസി റസ്റ്ററന്റിലെ ഭക്ഷണത്തിനും റൂമിലെ താമസത്തിനും 7500 രൂപയ്ക്കു മുകളിൽ ചെലവായാൽ 28% നികുതി നൽകണം. മുൻപ് വാറ്റും മറ്റ് നികുതികളുമെല്ലാംകൂടി ഇതിലേറെ വരുമായിരുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൊബൈൽ ഫോൺ, ബാങ്കിങ് സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന മലയാളിക്ക് പക്ഷേ ചെലവ് കൂടും. സേവന മേഖലയിൽ മിക്ക ഇനങ്ങൾക്കും 15 ശതമാനത്തിനു മുകളിലാണ് നികുതി. പക്ഷേ, സർക്കാരിന് ഇവിടെയും നേട്ടമാണ്. നികുതി വരുമാനം കൂടും.

സിനിമയാണ് നേട്ടമുണ്ടാക്കുന്ന മറ്റൊരു മേഖല. നിലവിൽ വിനോദ നികുതി തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നികുതികളെല്ലാം ഇല്ലാതാകും. പകരം ജിഎസ്ടി എന്ന ഒറ്റ നികുതിനൽകണം. തദ്ദേശ സ്ഥാപനങ്ങൾക്കു നികുതി നൽകേണ്ടതില്ല. ഇവിടെ പക്ഷേ വലിയൊരു പ്രശ്നം തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനം ഇല്ലാതാകും എന്നുള്ളതാണ്. ജിഎസ്ടിയിൽ ശേഖരിക്കുന്ന വരുമാനത്തിന്റെ വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകും എന്ന സംസ്ഥാനത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടാൽ ആ പ്രശ്നവും പരിഹരിക്കപ്പെടും. നൂറു രൂപയിൽ താഴെ നിരക്കുള്ള ടിക്കറ്റുകൾക്ക് 18 ശതമാനവും നൂറുരൂപയ്ക്കുമേൽ നിരക്കുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവുമാണ് ജിഎസ്ടി നിശ്ചയിച്ചിട്ടുള്ളത്. സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുറയും. ഏറ്റവുമധികം നേട്ടമുണ്ടാക്കുക ഉയർന്ന നിരക്ക് ഈടാക്കുന്ന മൾട്ടിപ്ലക്സുകളാകും.

കയറ്റുമതി മേഖലയും ജിഎസ്ടിയിൽ നേട്ടം വാരും. കയറ്റുമതിയെ നികുതിയിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. കേരളത്തിലെ കയർ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഇതു നേട്ടമാകും. റബറാണ് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മറ്റൊരു മേഖല. നിലവിൽ ഇറക്കുമതിയാണ് റബറിന്റെ വിലയിടിവിനു പ്രധാന കാരണം. നികുതിയില്ലാതെ കയറ്റുമതി സാധ്യമാകുകയും ഇറക്കുമതിക്ക് നികുതി ചുമത്തുകയും ചെയ്യുമ്പോൾ റബർ ഇറക്കുമതി ലാഭകരമല്ലാതായിത്തീരും. റബർ ഇറക്കുമതിക്ക് തുറമുഖ നിയന്ത്രണത്തിനുകൂടി സർക്കാർ തയാറായാൽ കർഷകർക്ക് അത് വലിയ നേട്ടമാകും. ഈ പ്രതിസന്ധിയെ വ്യവസായികൾ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങൾ.

നിലവിൽ വഴിമുടക്കികളായി നിലനിൽക്കുന്ന ചെക്ക്പോസ്റ്റുകൾ ഇല്ലാതാകും എന്നുള്ളതാണ് ഏറ്റവും വലിയ നേട്ടം. ചില സംസ്ഥാനങ്ങളിൽ ചെക്ക്പോസ്റ്റുകൾ ഇല്ലാതാകാൻ കുറച്ചുസമയംകൂടി എടുക്കും. ചരക്ക് ലോഡ് പുറപ്പെടുന്ന സമയത്തുതന്നെ ഇ വേ ബിൽ ജിഎസ്ടി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനാൽ ചെക്ക്പോസ്റ്റിൽ കാത്തുകെട്ടി കിടക്കേണ്ടി വരില്ല. മറ്റ് പരിശോധനകൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമേ ലോഡ് തടയേണ്ടി വരൂ. മറ്റു പല സംസ്ഥാനങ്ങളിലും പക്ഷേ, ഈ രീതി നടപ്പാകാൻ അൽപംകൂടി താമസിക്കും. കേരളം ഇ ഡിക്ലറേഷൻ സംവിധാനത്തിലേക്കു നേരത്തെതന്നെ മാറിയതിനാൽ പ്രശ്നമില്ല.

ഓൺലൈൻ സൈറ്റുകൾ വഴിയുള്ള കച്ചവടമാണ് കേരളത്തിനു നേട്ടമാകാവുന്ന മറ്റൊരു പ്രധാന മേഖല. നിലവിൽ ഇ– കൊമേഴ്സിൽനിന്നു കേരളത്തിനു കാര്യമായ നേട്ടമുണ്ടാകുന്നില്ല. മുൻപ്, സംസ്ഥാനം ഇവരെ നികുതി വലയിലാക്കാൻ ശ്രമിച്ചപ്പോൾ നികുതി ഒഴിവാക്കാനായി പല കമ്പനികളും ക്യാഷ് ഓൺ ഓൺ ഡെലിവറി സംവിധാനം നിർത്തലാക്കിയിരുന്നു. കച്ചവടം എവിടെ നടക്കുന്നോ അവിടെ നികുതി നൽകണം എന്നതാണ് ജിഎസ്ടിയുടെ വ്യവസ്ഥ. അതനുസരിച്ച് ക്യാഷ് ഓൺ ഡെലിവറി ആയാലും പ്രീ പേമെന്റ് ആയാലും കമ്പനികൾ ഒറ്റത്തവണ നികുതി നൽകിയാൽ മതിയാകും. അന്തർ സംസ്ഥാന വ്യാപാരത്തിന്റെ ഒരു വിഹിതം എന്തായാലും സംസ്ഥാനത്തിനു ലഭിക്കുകയും ചെയ്യും.

കേരളത്തിലെ നികുതിവകുപ്പ് അടുത്തുതന്നെ വലിയൊരു പ്രചാരണം തുടങ്ങുമെന്നാണ് അറിയുന്നത്. എവിടെ വ്യാപാരം നടത്തിയാലും കേരള അഡ്രസ് നൽകി ബിൽ ചോദിച്ചുവാങ്ങാൻ ആവശ്യപ്പെട്ടായിരിക്കും കേരളം ബോധവൽക്കരണം നടത്തുക. അതുവഴി എവിടെ കച്ചവടം നടന്നാലും കേരളത്തിനു വരുമാനം ലഭിക്കും. വലിയൊരു ശതമാനം മലയാളികൾ കേരളത്തിനു വെളിയിൽ ജോലിചെയ്യുന്നവരായി ഉള്ള സാഹചര്യത്തിൽ ഈ വ്യവസ്ഥ സംസ്ഥാനത്തിന് വലിയ നേട്ടമാകും. ക്രയശേഷിയുള്ള മലയാളി സമൂഹമാണ് കേരളത്തിനു വെളിയിലുള്ളത് എന്നതും കണക്കിലെടുക്കണം.

പദ്ധതികൾക്കു പണം കണ്ടെത്താനായി കിഫ്ബി രൂപീകരിച്ചു കാത്തിരിക്കുന്ന കേരളത്തിനു വീണുകിട്ടിയ നേട്ടമാണ് ജിഎസ്ടി എന്നു വേണമെങ്കിൽ പറയാം. കടക്കെണിയിൽ പെട്ടിരുന്നയാൾക്ക് നിനച്ചിരിക്കാതെ ലോട്ടറിയടിച്ച അവസ്ഥ. എത്രമാത്രം സമർഥമായി ഈ സാഹചര്യത്തെ കേരളം പ്രയോജനപ്പെടുത്തുന്നു എന്ന് കാത്തിരുന്നു കാണാം.