Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെക്കുറിച്ചുള്ള പരാമർശം: ‘അമ്മ’ യോഗത്തിൽ ഖേദം പ്രകടിപ്പിച്ച് ദിലീപ്

Dileep-Amma കൊച്ചിയിൽ 'അമ്മ' യോഗത്തിലേക്കു വരുന്ന നടൻ ദിലീപ്. ചിത്രം: ടോണി ഡൊമിനിക്

കൊച്ചി∙ നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുള്ള വിവാദങ്ങളിൽ നടൻ ദിലീപ് ഖേദം പ്രകടിപ്പിച്ചു. താരസംഘടന 'അമ്മ'യുടെ നിർണായക വാർഷിക യോഗത്തിലാണു ട്രഷറർ കൂടിയായ ദിലീപിന്റെ വിശദീകരണവും ഖേദ പ്രകടനവും. താൻ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളിൽ ചർച്ച നടക്കുന്നു. എതെങ്കിലും കാര്യത്തിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഖേദിക്കുന്നു. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും അമ്മ യോഗത്തിൽ ദിലീപ് അഭ്യർഥിച്ചു.

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ഇപ്പോൾ നിരാഹാരത്തിന്റെയോ സത്യഗ്രഹത്തിന്റെയോ ആവശ്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പിന്നീട് പറഞ്ഞു. വാർഷിക പൊതുയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ അനാവശ്യ പ്രതികരണങ്ങൾക്കില്ല. പ്രതികളെ പിടിച്ചു, കേസ് നന്നായി പോകുന്നുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

Siddique 'അമ്മ'യുടെ യോഗത്തിന് എത്തിയ നടൻ സിദ്ദിഖ് മാധ്യമങ്ങളോടു സംസാരിക്കുന്നു

അതേസമയം, മുൻ നിലപാടിൽനിന്നു വ്യത്യസ്തമായി, നടി അക്രമിക്കപ്പെട്ട സംഭവം വാർ‌ഷിക യോഗത്തിൽ ചർച്ചയായി. സംഭവം ചർച്ച ചെയ്യണമെന്ന് അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ, വലിയ രീതിയിലുള്ള ചർച്ച നടന്നില്ലെന്നും പതിവ് അജണ്ടകളിലൂടെയാണു യോഗം നടക്കുന്നതെന്നുമാണ് അറിയുന്നത്. നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പതിമൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിനുശേഷമാണു ദിലീപ് യോഗത്തിന് എത്തിയത്. ബുധനാഴ്ച നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായിരുന്നു. രമ്യ നമ്പീശന്‍ ബുധനാഴ്ചത്തെ എക്സിക്യൂട്ടീവില്‍ പങ്കെടുത്തില്ലെങ്കിലും ഇന്നത്തെ യോഗത്തിൽ സജീവമായിരുന്നു. ചെന്നൈയിൽ ആയതിനാലാണു രമ്യ ബുധനാഴ്ച വരാതിരുന്നത്. ആലുവയിൽ പൊലീസിനു മൊഴി നൽകുന്നതിനാൽ ദിലീപും പങ്കെടുത്തിരുന്നില്ല.

നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ 'അമ്മ' യോഗത്തിൽ ശക്തമായി ചർച്ച ചെയ്യുമെന്നു രമ്യ പറഞ്ഞു. അമ്മയുടെ പൂർണ പിന്തുണ കിട്ടിയെന്നു റിമ കല്ലിങ്കലും പ്രതികരിച്ചു. മമ്മൂട്ടി, മോഹ‍ൻലാൽ ഉൾപ്പെടെ മലയാള സിനിമാ താരങ്ങളെല്ലാം അമ്മ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നടി അക്രമിക്കപ്പെട്ടതു ശക്തമായി ഉന്നയിച്ചതായി നടി റിമ കല്ലിങ്കൽ മാധ്യമങ്ങളോടു പറഞ്ഞു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം ചര്‍ച്ച ചെയ്യില്ലെന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

Remya-Nambeesan 'അമ്മ'യുടെ യോഗത്തിന് എത്തിയ നടി രമ്യ നമ്പീശൻ മാധ്യമങ്ങളോടു സംസാരിക്കുന്നു
Navya-Nair 'അമ്മ'യുടെ യോഗത്തിലേക്കു വരുന്ന നടി നവ്യ നായർ മാധ്യമങ്ങളോടു സംസാരിക്കുന്നു

∙ റിമ കല്ലിങ്കൽ

അമ്മ വാർഷിക പൊതുയോഗത്തിൽ വിഷയം ചർച്ച ചെയ്തു. വിമൻ ഇൻ സിനിമ കലക്ടീവ് നൽകിയ കത്ത് എക്സിക്യുട്ടീവ് യോഗത്തിലും ചർച്ച ചെയ്തിരുന്നു. അവ‍ർ വിഷയം വിശമദായി പഠിച്ച് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിമൻ ഇൻ സിനിമ കലക്ടീവ് പ്രവർത്തക കൂടിയായ നടി റിമ പറഞ്ഞു.

∙ രമ്യ നമ്പീശൻ

നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ 'അമ്മ' യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്നു രമ്യാ നമ്പീശൻ പറഞ്ഞു. വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ അമ്മ യോഗമാണിത്. നടി അക്രമിക്കപ്പെട്ട സംഭവം സംഘടന ശക്തമായി ഉന്നയിക്കും. അമ്മയുടെ ഭാഗമാണു വിമൻ ഇൻ സിനിമ കലക്ടീവും. അമ്മ അംഗമായാണ് താൻ എത്തിയിട്ടുള്ളത്. വിമൻ ഇൻ സിനിമ കലക്ടീവ് ബദൽ സംഘടനയല്ല. സ്ത്രീനീതിക്കുവേണ്ടിയുള്ള കൂട്ടായ്മയാണ്. അമ്മയിൽ എല്ലാവരും ഒരുമിച്ചു വിഷയം ചർച്ച ചെയ്യും. നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യകരമായ ചർച്ച നടത്തി തീരുമാനമുണ്ടാകുമെന്നും രമ്യ പറഞ്ഞു.

∙ ഇന്നസെന്റ്

കോടതിയിലിരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടു കാര്യമില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നും ഇന്നസെന്റ് നേരത്തെ പറഞ്ഞു. സിനിമയിൽ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവർക്കെതിരെ പറയാനില്ല. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം. അവർക്കൊപ്പം നിൽക്കില്ല. ആ കേസ് മര്യാദയ്ക്കു നടക്കുന്നതുകൊണ്ടാണല്ലോ ഒന്നിലേറെ പ്രതികളെ പിടിച്ച് അകത്തിട്ടിരിക്കുന്നത്. അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്. ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടതു കോടതിയും പൊലീസുമാണ്. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടണം. താൻ കുറ്റം ചെയ്തവരുടെ കൂടെ നിൽക്കുന്ന ഒരാളല്ല. സംഭവത്തിനു പിന്നിൽ ‍ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടെത്തേണ്ടത് പൊലീസാണെന്നും ഇന്നസെന്റ് പറഞ്ഞു.

related stories