Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീ തൊഴിൽപരിശീലനം വിലയിരുത്താൻ വെബ് അധിഷ്ഠിത നിരീക്ഷണ സംവിധാനം

Kudumbashree ഡിഡിയുജികെവൈ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിക്കുന്നു.

തിരുവനന്തപുരം∙ കുടുംബശ്രീ മുഖേന സംസ്ഥാനത്തു നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡിഡിയുജികെവൈ) പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ വിവിധ പരിശീലനകേന്ദ്രങ്ങളില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുകയും പുരോഗതി വിലയിരുത്തുകയുമാണ് ഇതിന്‍റെ ലക്ഷ്യം.

സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്കു തൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പു വരുത്തുന്നതാണു പദ്ധതി. ഇതിന്‍റെ ഭാഗമായി പരിശീലന പരിപാടികളെ സംബന്ധിച്ച ഏകീകൃത പ്രവര്‍ത്തന മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണു പുതിയ വെബ് അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

രണ്ടാം ഘട്ടത്തില്‍ പദ്ധതിയില്‍ അംഗമായ പരിശീലനാര്‍ഥികളുടെ പഠനമേഖല, പരിശീലന കാലാവധി, തൊഴില്‍ലഭ്യത കൂടാതെ ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. പരിശീലനകേന്ദ്രങ്ങളുടെ നിലവാര പരിശോധനയും ഇതുവഴി സാധ്യമാകും. ഇതോടൊപ്പം പദ്ധതിയില്‍ ചേര്‍ന്നു തൊഴില്‍പരിശീലനവും തൊഴിലും നേടാന്‍ ആഗ്രഹിക്കുന്ന പരിശീലനാർഥികള്‍ക്കു റജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്. പരിശീലന കേന്ദ്രങ്ങളില്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് ഹാജര്‍ രേഖപ്പെടുത്താനുളള സംവിധാനം, പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ നിലവിലെ സ്ഥിതി മുതലായവ കൂടി ഉള്‍പ്പെടുത്തുന്നതാണ്. ddugky.co.in എന്ന പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം കുടുംബശ്രീ വെബ്സൈറ്റിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും.

രാജ്യത്ത് 28 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. പ്രവര്‍ത്തനമികവിന് ഇക്കഴിഞ്ഞ ജൂണില്‍ ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

ഡിഡിയുജികെവൈ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി എ. സന്തോഷ് കുമാര്‍, പ്രോഗ്രാം മാനേജര്‍മാരായ ലിയോ പോള്‍, ഷിബു, ദാസ് വിന്‍സെന്‍റ് സിഡ്കോയുടെ പ്രതിനിധികളായ മനോജ്, നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.  

related stories