Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിയാവോബോയെ ‘തോൽപ്പിക്കാൻ’ പതിനെട്ടടവും പയറ്റിയ ചൈനീസ് ഭരണകൂടം

Liu Xiaobo ലിയു സിയാവോബോയെ സ്വതന്ത്രനാക്കണമെന്നു ആവശ്യപ്പെട്ട് ഹോങ്കോങിൽ നടന്ന പ്രകടനം (ഫയൽ ചിത്രം)

ചൈനയുടെ വൻമതിൽക്കെട്ടിനുള്ളിൽ ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്രത്തിന്റെയും ശബ്‌ദമുയർത്തിയതിനാണ് ലോകം സമാധാനത്തിന്റെ ഉന്നത പുരസ്കാരം നൽകി ആദരിച്ച ലിയു സിയാവോബോയെ ചൈനീസ് ഭരണകൂടം കൽത്തുറുങ്കിലടച്ചത്. കാൽ നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1989ൽ നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് ചൈനയിലെ ജനങ്ങൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ ലോകത്തിന്റ മുന്നിൽ തുറന്നുകാട്ടിയത്.

പൗരസ്വാതന്ത്യ്രവും ജാധിപത്യ പരിഷ്‌കാരങ്ങളും ആവശ്യപ്പട്ട് ആയിരക്കണക്കിനു യുവാക്കൾ അന്ന് ബെയ്‌ജിങ്ങിൽ പ്രകടനം നടത്തി. പട്ടാളത്തിന്റെ ആജ്‌ഞ അവഗണിച്ച് അവർ നഗരമധ്യത്തിൽ ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ ടിയനെൻമെൻ ചത്വരത്തിൽ തടിച്ചുകൂടി. അവര പിരിച്ചുവിടാൻ പട്ടാളം നടത്തിയ വെടിവയ്‌പ് നൂറുകണക്കിനു യുവാക്കളുടെ മരണത്തിലാണു കലാശിച്ചത്. ഒട്ടേറെപ്പേർ ജയിലിലുമായി. അന്ന് അറസ്‌റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളാണ് അന്തരിച്ച ലിയു സിയാവോബോ എന്ന സർവകലാശാലാ പ്രഫസർ. 

ചൈനയിൽ തടവിലായിരുന്ന സമാധാന നൊബേൽ ജേതാവ് സിയാവോബോ അന്തരിച്ചു

തടങ്കലിൽനിന്നു മോചിതനായ ശേഷവും അദ്ദേഹം അടങ്ങിയിരുന്നില്ല. രാഷ്‌ട്രീയ സ്വാതന്ത്യ്രത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി വീണ്ടും ശബ്‌ദമുയർത്തി. പ്രതിവിപ്ലവ പ്രചാരവേലയായിട്ടാണു ചൈനീസ് ഭരണകൂടം അതിനെ മുദ്രകുത്തിയത്. അതു സംബന്ധിച്ച കേസിൽ കോടതി 1991ൽ അദ്ദേഹത്ത കുറ്റക്കാരനെന്നു വിധിച്ചുവെങ്കിലും ശിക്ഷയിൽ നിന്നൊഴിവാക്കുകയായിരുന്നു. എന്നാൽ, കമ്യൂണിസ്‌റ്റ് പാർട്ടിയെ വിമർശിച്ചുവന്നതിന് 1996ൽ ശിക്ഷിക്കപ്പട്ടു. 

സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റ അറുപതാം വാർഷികത്തിൽ അദ്ദേഹം വീണ്ടും രംഗത്തിറങ്ങി. ബഹുകക്ഷി ജനാധിപത്യവും പൗരാവകാശങ്ങളും മതസ്വാതന്ത്യ്രവും നടപ്പാക്കേണ്ടതിന്റ ആവശ്യകത ഊന്നിപ്പറയുന്ന നിവേദനം ഗവൺമെന്റിനു സമർപ്പിച്ചു. അതിന്റെ പേരിൽ വീണ്ടും അറസ്‌റ്റിലായി. ആറുമാസത്തിനു ശേഷമാണ് അറസ്‌റ്റ് ഔദ്യോഗികമായി രേഖപ്പടുത്തിയത്. രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നു മുദ്രകുത്തി 2009ൽ കോടതി അദ്ദേഹത്തെ 11 വർഷം തടവിനു ശിക്ഷിച്ചു. രണ്ടു വർഷത്തേക്കു ലിയുവിനു രാഷ്‌ട്രീയാവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

അത്യപൂർവം, പുരസ്കാരദാനം

‘മനുഷ്യരാശിയുടെ ഭാവി ചൈനയിലെ ജനങ്ങളുടെ കരങ്ങളിലാണ്. എല്ലാ ജനാധിപത്യ അവകാശങ്ങളും ഉറപ്പു നൽകുന്ന സാമൂഹിക, സാമ്പത്തിക വ്യവസ്‌ഥിതി ചൈനയിലുണ്ടായാൽ അതു ലോകത്തിനു നേട്ടമാകും. മറിച്ചാണെങ്കിൽ എല്ലാവർക്കും ദോഷവും’ - 2010ലെ നൊബേൽ സമാധാന പുരസ്കാരം നേടിയ ലിയു സിയാവോബോയ്ക്ക് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും ‘പുരസ്കാരം നൽകിക്കൊണ്ട്’ നൊബേൽ കമ്മിറ്റി ചെയർമാൻ തോബ്‌ജോൺ ജാഗ്‌ലൻഡ് പ്രഖാപിച്ചപ്പോൾ ആയിരത്തോളം വരുന്ന അതിഥികൾ ഏഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി. 

Nobel medal ലിയു സിയാവോബോയുടെ അസാന്നിധ്യത്തിൽ നൊബേൽ കമ്മിറ്റി ചെയർമാൻ തോബ്‌ജോൺ ജാഗ്‌ലൻഡ് നൊബേൽ പ്രശസ്‌തിപത്രവും മെഡലും കസേരയിൽ സമർപ്പിക്കുന്നു.

വേദിയിൽ എല്ലാത്തിനും സാക്ഷിയായി നൊബേൽ സമാധാന സമ്മാന ജേതാവിന്റെ ഒഴിഞ്ഞ കസേരയും പശ്‌ചാത്തലത്തിൽ കണ്ണട ധരിച്ച, പുഞ്ചിരിക്കുന്ന ലിയു സിയാവോബോയുടെ ചിത്രവും. ചെയർമാന്റെ പ്രസംഗത്തിനു ശേഷം ജാഗ്‌ലൻഡ് നൊബേൽ പ്രശസ്‌തിപത്രവും മെഡലും കസേരയിൽ സമർപ്പിച്ചു. ആദരവിന്റെ കയ്യടിയൊച്ച ഉച്ചസ്‌ഥായിലായി. 1935നു ശേഷം ആദ്യമായാണ് നൊബേൽ ജേതാവിനോ പ്രതിനിധിക്കോ പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കാനാവാതെ പോയ സന്ദർഭമായിരുന്നു അത്.

തുടർന്ന് നടി ലിവ് ഉൾമാൻ ലിയുവിന്റെ സന്ദേശം സദസിനു മുന്നിൽ വായിച്ചു. തന്നെ വിചാരണ ചെയ്യുന്ന കോടതിക്കു മുന്നിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ലിയു ഉന്നയിച്ച വാദംതന്നെയായിരുന്നു അത്: ‘വെറുപ്പ് മനുഷ്യന്റെ ബുദ്ധിയെയും ബോധത്തെയും നശിപ്പിക്കും. ശത്രുതാ മനോഭാവം ഒരു രാജ്യത്തിന്റെ ചൈതന്യത്തെ തകർക്കും, ക്രൂരമായ പോരാട്ടങ്ങൾക്കു വഴിവയ്‌ക്കും, സമൂഹത്തിന്റെ സഹനമനോഭാവവും മനുഷ്യത്വവും തകർക്കും, സ്വാതന്ത്യ്രത്തിലേക്കും ജനാധിപത്യത്തിലേക്കുമുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ തടസപ്പെടുത്തും...’.

ലിയുവിന് പ്രതീകാത്മകമായി ഓസ്‌ലോയിൽ പുരസ്‌കാരം സമ്മാനിക്കുന്നതു നാട്ടുകാർ കാണാതിരിക്കാൻ ചൈനീസ് ഭരണകൂടം എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. പാശ്‌ചാത്യ രാജ്യങ്ങളിൽനിന്നുള്ള ടിവി ചാനലുകളുടെയും വെബ്‌സൈറ്റുകളുടെയും സംപ്രേഷണം അധികൃതർ വിലക്കുകപോലും ചെയ്തു. രാഷ്‌ട്രീയ തട്ടിപ്പെന്നു ലിയുവിന്റെ പുരസ്‌കാരത്തെ വിശേഷിപ്പിച്ച ചൈന സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിക്കാൻ രാജ്യാന്തര സമൂഹത്തോട് അഭ്യർഥിച്ചിരുന്നു. എങ്കിലും ഇന്ത്യ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 46 രാജ്യങ്ങളുടെ പ്രതിനിധികൾ ചടങ്ങിന് എത്തിയപ്പോൾ 15 കൂട്ടർ എത്തിയില്ല. തന്നേക്കാളും ഏറെ മുൻപേ നൊബേലിന് അർഹതയുള്ളയാളാണു സിയാവോബോയെന്ന് തൊട്ടുമുമ്പത്തെ വർഷത്തെ പുരസ്‌കാര ജേതാവായ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടിരുന്നു.