Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ജാമ്യാപേക്ഷ: ഹൈക്കോടതിയിൽ വാദം പൂർത്തിയായി; വിധിപറയാൻ മാറ്റി

Dileep

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ വിധി പറയുന്നതു മാറ്റിവച്ചു. ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണിതെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (‍‍‍ഡിജിപി) കോടതിയിൽ വാദിച്ചു. എന്നാൽ തെളിവെടുപ്പു പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ രാംകുമാറിന്റെ വാദം.

കേസിലെ നിർണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഹർജി ഇന്നത്തേക്കു മാറ്റുകയായിരുന്നു. നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണു ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇങ്ങനെ:

∙ പ്രതി സുനിൽകുമാറുമായി കൂടിക്കാഴ്ച നടത്തിയതു കൊണ്ടുമാത്രം അത് കേസിലെ ഗൂഢാലോചനയാകില്ല.
∙ കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ.
∙ പൊലീസ് പറയുന്ന ഗൂഢാലോചനകൾക്ക് തെളിവില്ല.
∙ ബ്ലാക്മെയിൽ പരാതി നൽകിയത് പൊലീസിന്റെ നിർദേശപ്രകാരം.
∙ പൾസർ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ല.
∙ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വാദങ്ങൾക്കു തെളിവില്ല.
∙ സുനിയും ദിലീപും തമ്മിൽ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാൻ സാക്ഷികളില്ല.
∙ അന്വേഷണവുമായി എപ്പോൾ വേണമെങ്കിലും സഹകരിക്കാം.
∙ ദിലീപിന് പൂർത്തിയാക്കാൻ ഒട്ടേറെ സിനിമകളുണ്ട്.

പ്രോസിക്യൂഷൻ വാദം

pulsar-suni

∙ നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപാണ്.
∙ എല്ലാ പ്രതികളും വിരൽ ചൂണ്ടുന്നത് ദിലീപിലേക്ക്
∙ പൾസർ സുനി നാലുതവണ ദിലീപിനെ കണ്ടു. ഫോണിലും ബന്ധപ്പെട്ടു
∙ ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യണം. ഇതിനായി കസ്റ്റഡിയിൽ വേണം
∙ പൾസർ സുനി ദിലീപിനയച്ച കത്ത് കോടതിക്കു കൈമാറി
∙ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാതെ ജാമ്യം അനുവദിക്കരുത്

സുനിൽകുമാറിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പള്‍സർ‌ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു.

ജാമ്യാപേക്ഷ ഇങ്ങനെ

മതിയായ തെളിവുകളില്ലാതെ പള്‍സര്‍ സുനിയുടെ മൊഴിമാത്രം കണക്കിലെടുത്തായിരുന്നു ദിലീപിന്റെ അറസ്റ്റെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. കേസിൽ ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ അന്തിമ റിപ്പോര്‍ട്ട് ഏപ്രിലില്‍ സമര്‍പ്പിക്കുമ്പോഴും ദിലീപ് പ്രതിയായിരുന്നില്ല. സിനിമാ ജീവിതം തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്ന പരാതി നല്‍കിയതിനു പിന്നാലെയാണു ദിലീപിനെതിരെ പൊലീസ് തിരിഞ്ഞതെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ദിലീപിന്റെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്. ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇനിയും ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നുമുള്ള വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്.