Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എഫ്. ഹുസൈന്റെ ചിത്രം: ദീപ നിശാന്തിന് ഹിന്ദു സംഘടനകളുടെ വധഭീഷണി

Deepa Nisanth

തൃശൂര്‍∙ ശ്രീ കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനു ഹിന്ദു സംഘടനകളുടെ വധഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് ആഹ്വാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ദീപ നിശാന്ത് പരാതി നൽകി. എം.എഫ്. ഹുസൈന്റെ ചിത്രം എസ്എഫ്ഐ പ്രവർത്തകർ കോളജ് ക്യാംപസില്‍ വരച്ചതിനെ അനുകൂലിച്ചതാണു ഹിന്ദു ഗ്രൂപ്പുകളുെട എതിര്‍പ്പിനു കാരണം. സംഘപരിവാര്‍ സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണു വധഭീഷണി. തൃശൂര്‍ എങ്ങണ്ടിയൂരില്‍ ദീപ പങ്കെടുക്കുന്ന പരിപാടി തടയുമെന്നും ഭീഷണിയുണ്ട്.

എസ്എഫ്‌ഐ കേരളവര്‍മ കോളജില്‍ സ്ഥാപിച്ച ഹുസൈന്റെ ‘സരസ്വതി’ ചിത്രം പതിച്ച ബോര്‍ഡിനു നേരയുള്ള സംഘപരിവാർ ആക്രമണങ്ങളെ വിമർശിച്ചതിനുള്ള മറുപടിയായി, ദീപ നിശാന്തിന്റെ ചിത്രം മോർഫ് ചെയ്ത് സൈബർ ഇടത്തിൽ പോസ്റ്റ് ചെയ്തിരുന്നു. നഗ്നയായ സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവച്ച് ഇതു ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണു നടത്തിയത്. ഒന്നിലധികം ഫേക്ക് ഐഡികളിലൂടെ നടത്തിയ ഈ സൈബർ കുറ്റകൃത്യത്തെ നിയമപരമായി നേരിടുമെന്നു ദീപ നിശാന്ത് അറിയിച്ചു.

‘കലയിലെ സ്വാതന്ത്ര്യമല്ല ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെവച്ചു കളിക്കുന്നത് എന്നു നിങ്ങൾക്കു താമസിയാതെ മനസ്സിലായിക്കോളും. മിത്തും റിയാലിറ്റിയും രണ്ടാണ്‌. നിങ്ങൾക്കു മിത്തിന്റെ പുറത്തേ സ്വാതന്ത്ര്യമുള്ളൂ, വ്യക്തികളുടെ പുറത്തില്ല. മിത്ത് ഏതോ കാലത്തിലെ ഭാവനയാണ്‌. ആ ഭാവനയ്ക്കുമുകളിലുള്ള തുടർഭാവനകളെ മരവിപ്പിക്കാൻ ആർക്കും ജനാധിപത്യരാജ്യത്തിൽ കഴിയില്ല. കഴിയുകയുമരുത്.

നിങ്ങളീ കയറുപൊട്ടിക്കുന്ന ഇതിഹാസങ്ങളൊക്കെ അങ്ങനെ തുടർഭാവനകളിൽ നൂറ്റാണ്ടുകൾ കൊണ്ടു രൂപമെടുത്തവയാണ്‌. നിങ്ങളെപ്പോലുള്ളവർ അക്കാലത്തു സാംസ്കാരികാധികാരം കയ്യാളാതിരുന്നതുകൊണ്ട് അവയൊക്കെ ഇന്നു നമ്മൾ വായിക്കുന്നു. നിങ്ങൾ ഏകശിലാരൂപമാക്കാൻ ശ്രമിക്കുന്ന ഹിന്ദുമതത്തിനകത്തെ നൂറുകണക്കിനു ധാരകളും ആയിരക്കണക്കിനു പിരിവുകളും ഇത്തരം ഭിന്ന - തുടർഭാവനകളുടെ സൃഷ്ടികളാണ്‌’- ദീപ സമൂഹമാധ്യമത്തിൽ കുറിച്ചു.

‘അടുത്ത സ്ഥിരം ചോദ്യം എന്തുകൊണ്ടു മറ്റു മതക്കാർക്കെതിരെ സംസാരിക്കുന്നില്ല എന്നാണ്‌. ഒന്നാമത് ഞാൻ ഒരു മതത്തിനും എതിരെ സംസാരിച്ചിട്ടില്ല. വിശ്വാസം വ്യക്തിപരമായ ആഭിമുഖ്യമാണ്‌, അതിൽ വിശ്വാസിയായ വ്യക്തിക്കൊഴിച്ചു മറ്റാർക്കും കാര്യമില്ല. ഞാൻ അഭിസംബോധന ചെയ്തതു തീവ്രവാദത്തെയാണ്‌, വിശ്വാസത്തെയല്ല. വിശ്വാസികളെയുമല്ല. അതൊരു സാമൂഹ്യപ്രശ്നമാണ്’ – ദീപ നിശാന്ത് വിശദീകരിച്ചു.

ദീപ നിശാന്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

ദീപ നിശാന്തിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ഹിന്ദു സംഘടനകൾ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. മുഖത്ത് ആസിഡൊഴിക്കണമെന്നും കൈനഷ്ടപ്പെട്ട അധ്യാപകൻ ജോസഫിന്റെ അനുഭവമുണ്ടാകണമെന്നും മറ്റും ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ സംഘപരിവാർ സംഘടനകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്നിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ദീപ പരാതി നൽകിയതേത്തുടർന്നാണു കേസെടുത്തത്.