Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റക്കാർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ പാർട്ടി വിടും: പൊട്ടിക്കരഞ്ഞ് എം.ടി.രമേശ്

BJP Flag

തിരുവനന്തപുരം∙ ബിജെപി കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ, തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും ഒപ്പമുള്ളവർ ഗൂഢാലോചന നടത്തിയെന്നും ചിലർ തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് എം.ടി.രമേശ് പൊട്ടിക്കരഞ്ഞു. ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്നും ബിജെപി നേതൃയോഗത്തിൽ രമേശ് വ്യക്തമാക്കി. എം.ടി. രമേശിനെതിരെ വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും രംഗത്തെത്തി. പാർട്ടിക്കുള്ളിലെ ശത്രിക്കളെ വേണം ആദ്യം നേരിടേണ്ടതെന്നും സജീവൻ കുറ്റപ്പെടുത്തി.

അതിനിടെ, യോഗത്തിൽ കുമ്മനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. കോഴ അന്വേഷണത്തിനു കമ്മിഷനെ വച്ചതു കോർ കമ്മിറ്റിയെ അറിയിച്ചില്ലെന്നും പലവിവരങ്ങളും അറിഞ്ഞതു മാധ്യമങ്ങൾ വഴിയാണെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ അതീവ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നു കുമ്മനം മറുപടി പറഞ്ഞു.

കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം. വിഷയത്തിൽ നസീറിനെതിരെ നടപടിയെടുക്കും. അച്ചടക്ക നടപടിയുടെ വിശദാംശങ്ങൾ സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യും. കാര്യങ്ങൾ വിശദീകരിക്കാനായി ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കുമ്മനം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കോർ കമ്മറ്റി യോഗം അവസാനിച്ചു. തൊട്ടുപിന്നാലെ തന്നെ സംസ്ഥാന സമിതി തുടങ്ങി.

വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാർട്ടിയിൽനിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണിൽ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.

ചോർന്നത് അന്വേഷിക്കാൻ കമ്മിഷൻ വന്നേക്കും

മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്നു ചേരുന്ന പാർട്ടി നേതൃയോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. റിപ്പോർട്ട് ചോർന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീർ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. അന്വേഷണ കമ്മിഷൻ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലിൽനിന്നാണു വി. മുരളീധരൻ പക്ഷ നേതാക്കൾക്കു റിപ്പോർട്ടു ചോർന്നുകിട്ടിയതെന്നാണു പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിക്കുന്നത്. മാധ്യമങ്ങൾക്കു റിപ്പോർട്ടു നൽകിയതു വി.വി. രാജേഷാണെന്നും പറയുന്നു. നസീറിന്റെ ഇമെയിൽ വഴിയാണു റിപ്പോർട്ടിന്റെ പകർപ്പു പുറത്തുപോയതെന്നാണു പാർട്ടി നേതൃത്വത്തിന്റെ നിഗമനം.

കമ്മിഷന്റെ നിഗമനങ്ങൾ

വളരെ ഗുരുതരമായ അഴിമതി ആരോപണം. പരാതി സത്യം. 5.6 കോടി രൂപ വിനോദ് കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജ് അനുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കു പിന്നിൽ ബിജെപിയുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നു എന്നതു പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ട കാര്യം. സതീഷ് നായർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ദുരുപയോഗിക്കുന്നു. കണ്ണദാസും രാകേഷും ഇടപെട്ടതു സാമ്പത്തിക ലക്ഷ്യത്തോടുകൂടിയല്ലെന്ന വാദം വിശ്വസനീയമല്ല.

കമ്മിഷനെക്കുറിച്ചുള്ള വിവരങ്ങൾ പാർട്ടി ഓഫിസിൽനിന്ന് എങ്ങനെ ചോർന്നു എന്നതു ഗൗരവപൂർവം ശ്രദ്ധിക്കേണ്ട കാര്യമാണ്. പരാതിയുടെ പകർപ്പുവരെ പ്രതിസ്ഥാനത്തുള്ള വിനോദിനു കിട്ടിയിട്ടുണ്ട്. പരാതി സത്യമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഉചിതമായ നടപടി പാർട്ടി സംസ്ഥാന അധ്യക്ഷൻതന്നെ എടുക്കുന്നതാണ് അഭികാമ്യം.