Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോളജ് കോഴ: വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനമടക്കം നഷ്ടമായേക്കും

BJP

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നില പരുങ്ങലിൽ. സംസ്ഥാന നേതാക്കൾക്കു കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനവും ബോർഡ്, കോർപറേഷൻ അധ്യക്ഷസ്ഥാനങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

പാർട്ടിക്കുണ്ടായ തിരിച്ചടി രാഷ്ട്രീയമായി മറികടക്കാനുള്ള തന്ത്രങ്ങളാകും ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും കോർ കമ്മിറ്റി യോഗത്തിലും ചർച്ച ചെയ്യുക.

സ്വതവേ ദുർബല, പോരാത്തതിനു ഗർഭിണി എന്ന അവസ്ഥയിലായി സംസ്ഥാന നേതൃത്വം. കേരള നേതാക്കളുടെ പ്രവർത്തനത്തെക്കുറിച്ചു ബിജെപി കേന്ദ്ര അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് ഏറെയും പരാതികളാണ്. വിഭാഗീയതയാണു കേരളത്തിലെ വളർച്ചയ്ക്കു തടസ്സമെന്ന് അടുത്തിടെ കേരള സന്ദർശനത്തിനെത്തിയ അമിത് ഷാ തുറന്നടിച്ചിരുന്നു. സാമ്പത്തിക ആരോപണങ്ങൾ കൂടി ഉയർന്നതോടെ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ മുഖം കുനിച്ചുനിൽക്കേണ്ട അവസ്ഥയിലാണു സംസ്ഥാന നേതാക്കൾ. വിഷയം ബിജെപിക്കെതിരെ പാർലമെന്റിലും ഉന്നയിക്കപ്പെട്ടു.

പാർട്ടിതലത്തിൽ രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പകർപ്പു സഹിതം ചോർന്നതു സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയായാണു പരിഗണിക്കപ്പെടുക. അന്വേഷണ കമ്മിഷൻ അംഗമായ നസീറിൽ നിന്നു റിപ്പോർട്ട് ചോർന്നുവെന്നാണു സംസ്ഥാന കമ്മിറ്റിയുടെ നിഗമനമെങ്കിലും സംസ്ഥാന അധ്യക്ഷന്റെ ഓഫിസിൽനിന്നാണു റിപ്പോ‍ർട്ട് പുറത്തുപോയതെന്ന മറുവാദം എതിർവിഭാഗം ഉന്നയിച്ചിട്ടുണ്ട്.

ഉത്തരവാദികളായവർക്കെതിരെ അച്ചടക്കനടപടിയെടുത്താലും പ്രതിച്ഛായ തിരിച്ചുപിടിക്കുക എളുപ്പമല്ലെന്നു നേതാക്കൾക്കു ബോധ്യമുണ്ട്. പ്രതിസന്ധിക്കിടെയും നേതാക്കൾ വിഭാഗീയത വളർത്തുന്ന പ്രസ്താവനകൾ തുടരുന്നതാണു നേതൃത്വം നേരിടുന്ന മറ്റൊരു തലവേദന.

related stories