Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.വിൻസന്റ് എംഎൽഎ ജയിലിൽ; കോടതിക്കും ജയിലിനും മുന്നിൽ സംഘർഷം

M Vincent

തിരുവനന്തപുരം ∙ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവും കോവളം എംഎൽഎയുമായ എം.വിൻസന്റിനെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അദ്ദേഹത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നില്ല. റിമാൻഡു ചെയ്ത സാഹചര്യത്തിൽ എംഎൽഎയെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി. എംഎൽഎയ്ക്കെതിരെ മാനഭംഗം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എംഎൽഎയെ നെയ്യാറ്റിൻകര കോടതിലെത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞത് സംഘർഷത്തിനിടയാക്കി. എംഎൽഎയെ ഹാജരാക്കുന്നതിനാൽ കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. അതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞതും തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായതും. പിന്നീട് എംഎൽഎയെ ജയിലിൽ എത്തിച്ചപ്പോൾ ജയിലിനുമുന്നിൽ സംഘർഷമുണ്ടായി.

നാലു മണിക്കൂർ ചോദ്യം ചെയ്യൽ; തുടർന്ന് അറസ്റ്റ്

നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൻസന്റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ച് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 നു തുടങ്ങിയ ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടുനിന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. എംഎൽഎ വീട്ടമ്മയുമായി മാസങ്ങളായി ഫോണിൽ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനുശേഷം പേരൂർക്കട പൊലീസ് ക്ലബ്ബിലേക്ക് എത്താൻ എംഎൽഎയ്ക്ക് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഔദ്യോഗിക വാഹനത്തിൽ ഒരു സഹായിക്കൊപ്പം പൊലീസ് ക്ലബ്ബിലെത്തിയ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് ആസ്ഥാനത്തെത്തിച്ച വിൻസന്റിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ചോദ്യം ചെയ്യൽ തുടരുന്നതിനിടെ അഭിഭാഷകൻ മുഖേന അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

vincentmla കോവളം എംഎൽഎ എം. വിൻസെന്റിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ നിന്നും.

നേരത്തെ, എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഒാഫിസ് അറിയിച്ചു. കേസിൽ എംഎൽഎയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ചുമതലുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കത്തു നൽകിയ പശ്ചാത്തലത്തിലായിരുന്നു ഈ വിശദീകരണം.

തെറ്റുകാരനെങ്കിൽ രാജിവേണമെന്ന് ഷാനിമോളും ബിന്ദു കൃഷ്ണയും

വിൻസന്റ് തെറ്റുകാരനാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, തനിക്കെതിരായ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലായിരുന്നു എംഎൽഎ. കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഡിജിപിക്കു പരാതി നൽകുകയും ചെയ്തിരുന്നു.

vincent കോവളം എംഎൽഎ എം. വിൻസെന്റിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ നിന്നും.

എംഎൽഎ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎൽഎക്കെതിരെ ആദ്യം കേസെടുത്തത്. കേസിന്റെ പ്രാധാന്യം പരിഗണിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗത്തെ ഏൽപ്പിക്കുകയായിരുന്നു. ഇവർ പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎൽഎ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു.