Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകനെതിരായ പരാതി: യുവനടി നനഞ്ഞയിടം കുഴിക്കുകയാണെന്ന് ലാൽ

lal

കൊച്ചി∙ യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മകൻ ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തതിൽ വിശദീകരണവുമായി സംവിധായകൻ ലാൽ. പരാതിക്കാരിയായ നടി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാൽ മാധ്യമങ്ങളോടു പറഞ്ഞു. നടിയുടേത് അനാവശ്യ പരാതിയാണ്. സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നൽകിയതിനു കാരണം എന്തെന്ന് ആ നടിയോടു ചോദിക്കണം. ഷൂട്ടിങ് പൂർത്തിയാക്കാതെ പോയ നടിയാണ് ഇവർ. ഇതിനുപിന്നിൽ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാൽ കൂട്ടിച്ചേർത്തു.

"ഒട്ടും പ്രൊഫഷണലായിട്ടുള്ള കുട്ടിയല്ല അവർ. ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നതാണ്. 50,000 രൂപ പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞിരുന്നു. അഭിനയം ഒട്ടും നല്ലതായിരുന്നില്ല. സിനിമയ്ക്കായി കയ്യിൽ താൽക്കാലിക ടാറ്റൂ കുത്തണമായിരുന്നു. അതിനോടും പോസിറ്റീവായല്ല പ്രതികരിച്ചത്. ശ്രീനിവാസന്റെയും ലെനയുടെയും ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതിനായി കുറച്ചുനേരം കാത്തിരുന്നപ്പോൾത്തന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു.

ഇതിനിടെ ശ്രീനാഥ് ഭാസിയുമൊത്തുള്ള സീൻ എടുത്തു. പിന്നെ കാറിൽ ഈ പെൺകുട്ടി വന്നിറങ്ങുന്ന രംഗമാണ് എടുക്കേണ്ടിയിരുന്നത്. ഇതിനായി വരാൻ പറഞ്ഞപ്പോൾ ഒട്ടും കംഫർട്ടബിൾ അല്ലെന്നു പറഞ്ഞു. ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നയാളാണ് കംഫർട്ടബിൾ‌ അല്ല, ഇപ്പോ ഷൂട്ടിങ് പറ്റില്ലെന്നു പറഞ്ഞത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ടെൻഷനിലായിരുന്ന സംവിധായകൻ ജീൻ പോളിന് ഇതുകേട്ടപ്പോൾ ദേഷ്യം വന്നു. യുവതിയോടു പോയ്ക്കോളാൻ ജീൻ പറഞ്ഞു. ഇക്കാര്യം അസിസ്റ്റന്റ് ഡയറക്ടർ യുവതിയെ അറിയിച്ചു. ഇതുകേട്ടതും അവർ ബാഗെടുത്ത് അപ്പോൾത്തന്നെ സെറ്റിൽനിന്നു പോയി.

സെറ്റിൽ ഇങ്ങനെ പെരുമാറിയ യുവതിക്ക് പണം കൊടുക്കേണ്ടെന്നു ഞാനാണ് പറഞ്ഞത്. സിനിമ ഇറങ്ങിയിട്ട് കുറെ മാസങ്ങളായി. ഒരു മാസം മുൻപാണ് വക്കീൽ നോട്ടീസ് വന്നത്. പൊലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങളെല്ലാം വിശദീകരിച്ചു. യഥാർഥ തിരക്കഥയും യുവതി അഭിനയിക്കാതെ പോയതുകാരണം തിരുത്തിയ തിരക്കഥയും പൊലീസിനെ കാണിച്ചു. യുവതി പകുതി അഭിനയിച്ചുനിർത്തിപ്പോയ രംഗങ്ങളും പൊലീസ് കണ്ടു. ഈ പെൺകുട്ടി പോയശേഷം മറ്റൊരാളെ വച്ചാണ് ബാക്കി ഭാഗം മാറ്റി ഷൂട്ട് ചെയ്തത്.

കൊച്ചിയിലെ ഹോട്ടൽ റമദയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുതിയ നടിക്കായി ശ്രീനിവാസനെപ്പോലെയുള്ള നടൻമാരോടു പിറ്റേദിവസം വരാൻ പറയുന്നത് സാധിക്കുന്ന കാര്യമല്ല. മാത്രമല്ല വലിയ സാമ്പത്തികച്ചെലവുമുണ്ട്. നടിയുടേത് അനാവശ്യമായ പരാതിയാണ്. ഈ പരാതിയെ പിൻതുണച്ചാൽ ന്യായം അർഹിക്കുന്നവർക്കു കിട്ടാതെ വരും. ജീൻ ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആളാണ്. ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങളെ അറിയുന്ന എല്ലാവർക്കും അതറിയാം.

10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. ജീൻ പോളും ശ്രീനാഥും ടിവിയിൽ വന്നു മാപ്പു പറയണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതൊന്നും യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ എന്തും പറയാമെന്ന സ്ഥിതിയാണ്. സെൻസേഷണലാകും എന്നറിയാം. അനാവശ്യമായ പരാതിക്കു പിന്നിൽ ആരുമില്ലെന്നാണു കരുതുന്നത്. എന്നാൽ പ്രവചിക്കാനൊന്നും താൻ ആളല്ല.

Jean Paul Lal

നടി ആക്രമിക്കപ്പെട്ടതിൽ ഗൂഢാലോചന ഇല്ലെന്നാണ് ആദ്യം തോന്നിയത്. പിന്നീടാണു കേസ് മാറി മറിഞ്ഞത്. അതിനാൽ അതിലൊന്നും പറയാനില്ല. ജീൻ പോളിനെതിരായ കേസ് നിയമപരമായി നേരിടാനാണു തീരുമാനം. കാശ് കൊടുത്ത് കേസ് ഒത്തുതീർക്കാനില്ല. സ്ത്രീകൾക്കു വേണ്ടിത്തന്നെയാണ് താൻ ഈ നിലപാടെടുക്കുന്നത്. പണത്തിനു വേണ്ടിയാണോ യുവതി പരാതി നൽകിയതെന്ന ചോദ്യത്തിന് അതിനുമപ്പുറവും ചെയ്യുന്ന കാലമാണിതെന്നും ലാൽ കൊച്ചിയിൽ പറഞ്ഞു.